അറിവും തിരിച്ചറിവും. വിജ്ഞാനവും വിവേകവും.

കുട്ടിക്കാലം മുതൽ എനിക്കേറെ പ്രിയപ്പെട്ട പുസ്തകങ്ങളില്‍  ഒന്നായിരുന്നു, പഞ്ചതന്ത്രം കഥകള്‍. അതിലെ ഒരു കഥയാണ്-
"സിംഹത്തിനു ജീവന്‍ കൊടുത്ത പണ്ഡിതന്മാര്‍"

നാല് സുഹൃത്തുക്കള്‍ ഒരു കാട്ടിലൂടെ പോകുമ്പോള്‍ വഴിയില്‍ കുറെ അസ്ഥികള്‍ ചിതറി കിടക്കുന്നതു കണ്ടു.

അതില്‍ മൂന്നു പേര്‍ വലിയ വിജ്ഞാനികളും പണ്ഡിതന്മാരുമായിരുന്നു , നാലാമന്‍ പണ്ഡിതനല്ലെങ്കിലും നല്ല വകതിരിവുള്ള ആളായിരുന്നു (Common sense / Wisdom). 

സ്വന്തം അറിവും കഴിവും കൂടെയുള്ളവരെ കാണിച്ചു ഷൈന്‍, ചെയ്യാനായി ആദ്യത്തെ പണ്ഡിതന്‍, ആ അസ്ഥികള്‍ ക്രമത്തില്‍ അടുക്കിവെച്ച ശേഷം പറഞ്ഞു - ഇതൊരു സിംഹത്തിന്‍റെ അസ്ഥികൂടമാണ്.

രണ്ടാമന്‍ അയാളുടെ കഴിവും മിടുക്കും പ്രകടിപ്പിക്കാനായി അതിനു മാംസവും രക്തവും നല്‍കി. മൂന്നാമനും ആവേശമായി, തന്‍റെ മിടുക്കും എല്ലാവരും കാണട്ടെ എന്നു  വിചാരിച്ച്, അതിന് ജീവന്‍ നല്‍കാന്‍ തുനിഞ്ഞു. 

പ്രായോഗിക വിവേകമുള്ള നാലാമന്‍ ഇതു കണ്ട് അവരെ തടയാന്‍ ശ്രമിച്ചു.

"ഇത് ഒരു സിംഹമാണ്  ജീവന്‍ വെച്ചാല്‍ അത് നമ്മളെ കൊല്ലും" എന്നു നാലാമന്‍ പറഞ്ഞെങ്കിലും, പണ്ഡിതന്മാര്‍ അത് വകവെച്ചില്ല.

നാലാമന്‍ സ്വയരക്ഷയ്ക്കായി വേഗം ഒരു മരത്തില്‍ കയറിയിരുന്നു. 

 

അത്ഭുതകരമായി ജീവന്‍ തിരിച്ചു കിട്ടിയ ആ സിംഹത്തിനു നല്ല വിശപ്പുണ്ടായിരുന്നു. അതു തന്‍റെ ജന്തു സ്വഭാവം മൂലം ആ മൂന്ന് പണ്ഡിതന്മാരെയും കൊന്നുതിന്നു വിശപ്പടക്കി. നാലാമന്‍ വിവേകപൂര്‍വ്വം തന്‍റെ ജീവന്‍ രക്ഷിച്ചു.

എത്ര വിജ്ഞാനമുണ്ടെങ്കിലും, അത് എവിടെ, എങ്ങനെ പ്രയോഗിക്കണം എന്ന സന്ദര്‍ഭോചിതമായ വിവേകം ഇല്ലെങ്കില്‍ അറിവ് അപകടമായി മാറും എന്നാണ് ഈ കഥ പഠിപ്പിക്കുന്നത്.

 

അറിവ്, തിരിച്ചറിവ്, വിജ്ഞാനം, വിവേകം, ആത്മജ്ഞാനം.

അര്‍ത്ഥവ്യത്യാസം ശ്രദ്ധിക്കാതെ പലപ്പോഴും ആളുകള്‍ തെറ്റിദ്ധരിച്ച് ഉപയോഗിക്കാറുള്ള വാക്കുകളാണിത്!

മനുഷ്യന്‍റെ മാനസികവും ആത്മീയവുമായ വളര്‍ച്ചയിലെ വ്യത്യസ്ത ഘട്ടങ്ങളെയാണ് ഈ അഞ്ച് വാക്കുകള്‍ സൂചിപ്പിക്കുന്നത്.

അറിവ് നേടുന്നതില്‍ തുടങ്ങി ജ്ഞാനത്തില്‍ എത്തുന്ന ആത്മീയവും ബുദ്ധിപരവുമായ പരിണാമമാണിത്.

പഞ്ചേന്ദ്രിയങ്ങളും മനസ്സും  -

പുറം ലോകത്തു നിന്നുള്ള അനുഭവങ്ങളെ സ്വീകരിക്കുന്ന അഞ്ച് വാതിലുകളാണ് പഞ്ചേന്ദ്രിയങ്ങള്‍:
1.    ദര്‍ശനം (കണ്ണ്)
2.    ശ്രവണം (ചെവി)
3.    ഘ്രാണം (മൂക്ക്)
4.    രസനം (നാക്ക്)
5.    സ്പര്‍ശനം (തൊലി)

ഈ അഞ്ച് ഇന്ദ്രിയങ്ങളിലൂടെ ഒഴുകിയെത്തുന്ന അനുഭവങ്ങളെയും  സന്ദേശങ്ങളെയും ഏകോപിപ്പിക്കുന്നത് മനസ്സ് ആണ്.

നമ്മുടെ ഓര്‍മ്മയില്‍ (ചിത്തം -  Memmory) അതു വരെ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങളോടു താരതമ്യം ചെയ്തു, മനസ്സു ഈ അനുഭവങ്ങളെ ബുദ്ധിയുടെ സഹായത്താല്‍ പ്രോസസ്സ് ചെയ്യുമ്പോഴാണ് കേവലമായ വിവരങ്ങള്‍ 'അറിവ്' ആയി മാറുന്നതും, അതു കൂടി പുതുതായി മെമ്മറിയില്‍ രേഖപ്പെടുത്തുന്നതും.

 

1. അറിവ് (Data/Information)
എന്താണ് അറിവ്? പുറംലോകത്തുനിന്ന്, പുസ്തകങ്ങളില്‍നിന്നോ മാധ്യമങ്ങളില്‍ നിന്നോ അധ്യാപകരില്‍ നിന്നോ നമ്മള്‍ ശേഖരിക്കുന്ന വിവരങ്ങളാണ് (Data/Information) അറിവ്. ഇത് ആര്‍ക്കും എവിടെ നിന്നും എളുപ്പത്തില്‍ സ്വീകരിക്കാം. ഇതിന് സ്വന്തം അനുഭവത്തിന്‍റെ പാകം വേണമെന്നില്ല. വിവരങ്ങളുടെ ഒരു ശേഖരം മാത്രമാണിത്.

 

2. തിരിച്ചറിവ് (Insight/Self-Realization)
എന്താണ് തിരിച്ചറിവ്? പുറത്തുനിന്ന് ലഭിച്ച അറിവോ വിജ്ഞാനമോ സ്വന്തം ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍ വെന്തുപാകപ്പെടുമ്പോള്‍ ഉള്ളില്‍ ഉണ്ടാകുന്ന വെളിച്ചമാണ് തിരിച്ചറിവ് (Insight). ഇത് ബാഹ്യമായ വിവരമല്ല, മറിച്ച് അനുഭവങ്ങളില്‍ നിന്ന് മാത്രം ഉണ്ടാകുന്ന ആന്തരിക ബോധ്യമാണ്.

'ഞാന്‍ ആരാണ്, എന്‍റെ കഴിവുകളും പരിമിതികളും എന്തൊക്കെയാണ്, ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യം എന്താണ്' എന്ന് സ്വയം മനസ്സിലാക്കുന്ന നിമിഷമാണിത്.

 

3. വിജ്ഞാനം (Applied Knowledge/Expertise)
എന്താണ് വിജ്ഞാനം? ലഭിച്ച അറിവിനെ ശാസ്ത്രീയമായി വിശകലനം ചെയ്യാനും, വര്‍ഗ്ഗീകരിക്കാനും, തൊഴിലിലോ ജീവിതത്തിലോ കൃത്യമായി പ്രയോഗിക്കാനുമുള്ള കഴിവാണിത് (Specialized/Technical Knowledge).

ഒരു ഡോക്ടര്‍ക്ക് വൈദ്യശാസ്ത്രത്തെക്കുറിച്ചോ, ഒരു തച്ചന് തച്ചുശാസ്ത്രത്തെക്കുറിച്ചോ ഉള്ള കൃത്യമായ അറിവും നൈപുണ്യവും ആണ് അവരുടെ വിജ്ഞാനം.

ഇത് തനതു മേഖലയില്‍ ഒരാള്‍ക്കുള്ള വൈദഗ്ധ്യത്തെയും പ്രായോഗിക ബുദ്ധിയെയും സൂചിപ്പിക്കുന്നു.

 

4. വിവേകം (Discernment/Wisdom)
എന്താണ് വിവേകം? തന്‍റെ പക്കലുള്ള അറിവും വിജ്ഞാനവും തിരിച്ചറിവും ഉപയോഗിക്കണമോ? എങ്കില്‍ എവിടെ, എപ്പോള്‍, എങ്ങനെ, ഏത് അളവില്‍ ഉപയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള കഴിവാണിത് (Discernment/Contextual Wisdom).

ശരിയും തെറ്റും, സത്യവും അസത്യവും തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള സുബുദ്ധിയാണിത് (നീതിബോധം).

വിവേകമുള്ളയാള്‍ അറിവിനെ അഹങ്കാരത്തിനല്ല, മറിച്ച് ലോകത്തിന്‍റെ നന്മയ്ക്കും ശാന്തിക്കുമായി മാത്രമാണ് പ്രയോഗിക്കുക.

 

5. ആത്മജ്ഞാനം (Ultimate Truth/Supreme Consciousness)
എന്താണ് ആത്മജ്ഞാനം? എല്ലാ അറിവുകള്‍ക്കും തിരിച്ചറിവുകള്‍ക്കും അപ്പുറമുള്ള പരമമായ സത്യത്തെക്കുറിച്ചുള്ള ബോധ്യമാണ് ആത്മജ്ഞാനംSupreme Wisdom/Self-Realization).

ഇവിടെ 'അറിയുന്നവനും അറിവും അറിയപ്പെടുന്ന വസ്തുവും' ഒന്നായി മാറുന്നു (Non-duality).

എല്ലാ അതിരുകളും വേലിക്കെട്ടുകളും മാഞ്ഞ് പ്രപഞ്ചസത്യവുമായി ഒന്നാകുന്ന അവസ്ഥയാണിത്.

 

ഈ പടവുകളുടെ ലളിതമായ ഒരു ഉദാഹരണം:

അറിവ്: തീയിൽ തൊട്ടാൽ പൊള്ളും എന്ന് അമ്മ കുഞ്ഞിനോട് പറഞ്ഞു കൊടുത്ത് പഠിപ്പിക്കുന്നത്.

വിജ്ഞാനം: തീയെന്നത് ഒരു ഊർജ്ജമാണ്. അതിന് ജ്വലിക്കാൻ, ഒരു ത്രികോണത്തിന്റെ മൂന്നു വശങ്ങൾ പോലെ തക്കതായ താപനിലയും, ഓക്സിജനും, കത്താനുള്ള വസ്തുവും ആവശ്യമാണ്. ഇതിൽ ഏതെങ്കിലും ഒരു വശം നീക്കം ചെയ്താൽ തീ അണയ്ക്കാം എന്ന് മനസ്സിലാക്കി, അഗ്നിശമന മാർഗ്ഗങ്ങൾ വരെ സൃഷ്ടിക്കാൻ അറിയുന്നതാണ് വിജ്ഞാനം.

തിരച്ചറിവ്: ജീവിതത്തില്‍ ഒരിക്കല്‍ അബദ്ധത്തില്‍ തീയില്‍ തൊട്ട് പൊള്ളല്‍ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ആന്തരിക അനുഭവ ബോധം.

വിവേകം: ആ തീ എപ്പോൾ, എവിടെ, എന്തിനുവേണ്ടി, എത്രനേരം കൃത്യമായി ഉപയോഗിക്കണം, എപ്പോൾ അണയ്ക്കണം എന്നെല്ലാം തീരുമാനിക്കുന്നത്.

ജ്ഞാനം: തീയെന്നും ചൂടെന്നും വേര്‍തിരിവില്ലാതെ, പ്രകൃതിയിലെ എല്ലാ ഊര്‍ജ്ജവും ഒരൊറ്റ പ്രപഞ്ച സത്യത്തിന്‍റെ ഭാഗമാണെന്ന് ദര്‍ശിക്കുന്നത്.

 

സന്ദര്‍ഭോചിത വിവേകം: (Contextual Wisdom)

ഓരോ സന്ദര്‍ഭത്തിനും അനുയോജ്യമായ അറിവിനെ കൃത്യമായി തിരിച്ചറിഞ്ഞു പുറത്തെടുക്കാനും ഉപയോഗിക്കാനുമുള്ള ആ അപൂര്‍വ്വ സിദ്ധിയെ നമുക്ക് സന്ദര്‍ഭോചിത വിവേകം (Contextual Wisdom) അല്ലെങ്കില്‍ സന്ദര്‍ഭ വിജ്ഞാനം എന്ന് വിളിക്കാം.

ഒരു വലിയ ഗ്രന്ഥശാലയില്‍ ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഉണ്ടായിരിക്കാം (അറിവ്), എന്നാല്‍ മുന്നില്‍ നില്‍ക്കുന്ന ആളിന്‍റെയോ സാഹചര്യത്തിന്‍റെയോ ആവശ്യാനുസരണം അതില്‍ നിന്ന് ഏറ്റവും അനുയോജ്യമായ ഏടുകള്‍ മാത്രം തുറന്നു വായിക്കാനുള്ള ഈ കഴിവ് അറിവിനെ അമൃതോപമമാക്കുന്ന ഒരു കലയാണ്.

അറിവ് കൈവശമുള്ളവര്‍ നിരവധിയാണ്, എന്നാല്‍ തങ്ങള്‍ അപ്പപ്പോള്‍ ആയിരിക്കുന്ന ഓരോ അവസരത്തിനും സാഹചര്യത്തിനും അനുയോജ്യമായ അറിവ് കൃത്യമായി തെരഞ്ഞെടുത്ത് പ്രയോഗിക്കാന്‍ കഴിയുന്നവര്‍ അപൂര്‍വ്വമാണ്.

ഈ വിശേഷപ്പെട്ട സിദ്ധിയെയാണ് നമ്മള്‍ 'സന്ദര്‍ഭോചിത വിവേകം' (Contextual Wisdom) എന്ന വിളിക്കുന്നത്.

അറിവ് ഒരു ആയുധമോ ഉപകരണമോ ആണെങ്കില്‍, അത് എന്ന്, എവിടെ, എങ്ങനെ, ഏത് അളവില്‍ ഉപയോഗിക്കണമെന്ന് തിട്ടപ്പെടുത്തുന്ന കോമ്പസ്സാണ് സന്ദര്‍ഭോചിത വിവേകം.

 

ഈ സിദ്ധി കൈവരിക്കാന്‍ എന്തു ചെയ്യണം?

1. സജീവമായ ശ്രദ്ധയും സന്ദര്‍ഭബോധവും (Active Awareness & Presence)

നമ്മള്‍ ആയിരിക്കുന്ന നിമിഷത്തെയും ചുറ്റുമുള്ള മനുഷ്യരെയും തികഞ്ഞ ശ്രദ്ധയോടെ അഭിമുഖീകരിക്കുക. മറുപടി പറയാനോ അറിവ് പ്രകടിപ്പിക്കാനോ ഉള്ള ധൃതി മാറ്റിവെച്ച്, ആ നിമിഷത്തിന്‍റെ യഥാര്‍ത്ഥ ആവശ്യകത എന്താണെന്ന് മനസ്സിലാക്കുക.

2. കേള്‍വിക്കാരന്‍റെ മനസ്സാകുന്ന കണ്ണാടി (Empathy & Audience Centricity)

മുന്നില്‍ നില്‍ക്കുന്ന വ്യക്തിയുടെ ആത്മീയമോ മാനസികമോ ആയ അവസ്ഥ തിരിച്ചറിയുക. അവര്‍ക്ക് വേണ്ടത് ശാസ്ത്രീയ വിവരങ്ങളാണോ, അതോ ആശ്വാസത്തിന്‍റെ ഒരു വാക്കാണോ എന്ന് തൊട്ടറിയാനുള്ള കാരുണ്യം വളര്‍ത്തുക.

3. അറിവുകളെ വേര്‍തിരിച്ചു വെയ്ക്കല്‍ (Cataloging Experience)

ലഭിക്കുന്ന അനുഭവങ്ങളെയും അറിവുകളെയും കേവലം ഓര്‍മ്മകളായി സൂക്ഷിക്കാതെ, അവയുടെ അന്തസ്സത്ത തിരിച്ചറിഞ്ഞു മനസ്സിന്‍റെ ഉപബോധതലത്തില്‍ തരം തിരിച്ചു വെക്കുക. ആവശ്യാനുസരണം അതില്‍ നിന്ന് ശരിയായ അറിവ് പുറത്തെടുക്കാന്‍ ഇത് സഹായിക്കും.

4. ആത്മപരിശോധന (Self-Reflection)

ഓരോ അനുഭവത്തിനും ശേഷം 'ഞാന്‍ നല്‍കിയ അറിവോ മറുപടിയോ ആ സാഹചര്യത്തിന് അനുയോജ്യമായിരുന്നോ' 
എന്ന് സ്വയം ചോദിക്കുക. തെറ്റുകളില്‍ നിന്നുള്ള പാഠങ്ങള്‍ ഈ സിദ്ധിയെ കൂടുതല്‍ യോഗ്യവും മൂര്‍ച്ചയുമുള്ളതാക്കും.

അറിവുകള്‍ അളവില്ലാത്തവിധം എല്ലാവര്‍ക്കും ലഭ്യമായ ഈ യുഗത്തില്‍, അതിനെ സന്ദര്‍ഭാനുസരണം സ്നേഹവും
വഴികാട്ടിയുമാക്കി മാറ്റുന്ന ഈ സന്ദര്‍ഭോചിത വിവേകമാണ് മനുഷ്യന്‍റെ യഥാര്‍ത്ഥ മൂല്യവും മഹത്വവും!

 

ബുദ്ധിയുടെയും മനസ്സിന്‍റെയും ഈ വളര്‍ച്ചയില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില വ്യത്യാസങ്ങള്‍.

നമ്മുടെ ഇന്ദ്രിയങ്ങളെ നമ്മള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

 

A.  കേള്‍ക്കലും ശ്രവിക്കലും (Hearing vs Listening)

കേള്‍ക്കല്‍ മനസ്സിന്‍റെ പ്രവര്‍ത്തിയാണ്. കേള്‍ക്കുമ്പോള്‍ മനസ്സു ബുദ്ധിപൂര്‍വ്വം ശ്രദ്ധിക്കുന്നത് ഇത് എന്നെ എങ്ങനെ ബാധിക്കും? ഇതില്‍ എനിക്കെന്ത് ലാഭം? നഷ്ടം? 

ശ്രവിക്കല്‍ ഹൃദയത്തിന്‍റെ പ്രവര്‍ത്തിയാണ്. ശ്രവിക്കുമ്പോള്‍ ഹൃദയം ശ്രദ്ധിക്കുന്നത് പറയുന്ന വ്യക്തി എന്താണ് അനുഭവിക്കുന്നത്? അവന്‍റെ/അവളുടെ ഹൃദയത്തില്‍ എന്താണ്?' ശ്രദ്ധ മറ്റേ വ്യക്തിയിലേക്കാണ്. 

കേള്‍ക്കല്‍ ശബ്ദം കിട്ടുന്നു, കണക്കുകള്‍ കൂട്ടുന്നു, സ്വന്തം തൃപ്തിക്കു ചേരുന്ന തീരുമാനമെടുക്കുന്നു

ശ്രവിക്കല്‍ വ്യക്തിയെ കേള്‍ക്കുന്നു, മനസ്സിലാക്കുന്നു, അയാളുടെ അവസ്ഥ ഉള്‍ക്കൊള്ളുന്നു.

 

B. കാണലും ദര്‍ശിക്കലും (Seeing vs Viewing)


കാണല്‍ കണ്ണിന്‍റെ പ്രവര്‍ത്തിയാണ്. കാണുമ്പോള്‍ നമ്മള്‍ പുറംതോട് മാത്രം കാണുന്നു - മുഖം, വസ്ത്രം, പദവി.

ദര്‍ശിക്കല്‍ മനസ്സിന്‍റെയും ഹൃദയത്തിന്‍റെയും പ്രവര്‍ത്തിയാണ്. ദര്‍ശിക്കുമ്പോള്‍ നമ്മള്‍ ആ വ്യക്തിയുടെ കണ്ണിലൂടെ നോക്കുന്നു. 'ഈ മനുഷ്യന്‍ ജീവിതത്തെ എങ്ങനെ കാണുന്നു? അവന്‍റെ ലോകവീക്ഷണം എന്താണ്?' എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുന്നു.

 കാണല്‍ രൂപത്തെ വിധിക്കുന്നു, ദര്‍ശിക്കല്‍ അവസ്ഥ മനസ്സിലാക്കുന്നു.

 

C.  വ്യക്തിത്വവും വ്യക്തിയും (Personality vs Individual) 

വ്യക്തിത്വം - Personality എന്നത് നമ്മള്‍ ലോകത്തിന് മുന്നില്‍ അണിയുന്ന പുറം വസ്ത്രമാണ്. ഒരുതരം മുഖം മൂടിയാണത്.

എങ്ങനെ സംസാരിക്കണം, എങ്ങനെ ചിരിക്കണം, മറ്റുള്ളവരെ എങ്ങനെ ആകര്‍ഷിക്കണം എതാണത്.

ഇത് കൃത്രിമമായി പോലും മിനുക്കിയെടുക്കാന്‍ കഴിഞ്ഞേക്കും.

വ്യക്തി - Individual നമ്മുടെ മൂല്യങ്ങള്‍, മനസ്സാക്ഷി, സ്വഭാവത്തിന്‍റെ കാതല്‍ ആണത്. ആരും കാണാത്തപ്പോള്‍ നമ്മള്‍ എന്താണ്? ആരാണ്?

വ്യക്തിത്വം പെട്ടെന്നു ആകര്‍ഷിക്കും, തനിനിറം അറിയുമ്പോള്‍ അകന്നു പോയേക്കാം. 

ഒരു വ്യക്തിത്വത്തെ സ്നേഹിക്കുന്നതിനേക്കാള്‍, വ്യക്തിയെ സ്നേഹിച്ചാല്‍, ആ സ്നേഹം നിലനില്‍ക്കുന്ന ഒരു ബന്ധമായി മാറും. അതിനാണ് അയാളെ ശ്രവിക്കുതും ദര്‍ശിക്കുന്നതും.

 

D. ബുദ്ധിശക്തിയും - ബുദ്ധിയും (Intelligence – Intellect)

Intelligence = ബുദ്ധിശക്തി / ധാരണാശക്തി

ഇത് നിങ്ങള്‍ക്ക് ജന്മനാ കിട്ടിയ കഴിവ് ആണ്. കമ്പ്യൂട്ടര്‍ ഹാര്‍ഡ്-വെയര്‍ RAM പോലെ.

- പെട്ടെന്ന് പഠിക്കാനും ഓര്‍ക്കാനും കണക്കുകൂട്ടാനുമുള്ള കഴിവ്.

- ഇത് IQ ആണ്. പരീക്ഷയില്‍ 100 മാര്‍ക്ക് വാങ്ങുന്ന കുട്ടിക്ക് ബുദ്ധിശക്തി കൂടുതലുണ്ട്.

- ഒരു തത്തയ്ക്ക് പോലും ബുദ്ധിശക്തി ഉണ്ട് - 100 വാക്ക് ഓര്‍മ്മയില്‍ ഉണ്ടായിക്കാം, പക്ഷെ അര്‍ത്ഥം അറിയില്ല.

അറിവ് ശേഖരിക്കാനുള്ള പാത്രത്തിന്‍റെ വലുപ്പമാണ് Intelligence.

 

Intellect = ബുദ്ധി / വിവേകബുദ്ധി
ഇത് ബുദ്ധിശക്തി എന്ന കഴിവ് എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ്. ഒരു സോഫ്റ്റ് -വെയറും അത് ഉപയോഗിക്കുന്ന ആളും പോലെ.

- ഇത് ജന്മനാ കിട്ടുതല്ല, അനുഭവം, തിരിച്ചറിവ്, വിവേകം എന്നിവ കൊണ്ട് നമ്മള്‍ വളര്‍ത്തി എടുക്കുന്നതാണ്.

- ശരി-തെറ്റ്, സത്യം-അസത്യം, വേണ്ടത്-വേണ്ടാത്തത് എന്നൊക്കെ വേര്‍തിരിക്കാനുള്ള കഴിവാണ് Intellect.

ഇന്‍റര്‍നെറ്റിലെ സെര്‍ച്ച് എന്‍ജിനുകള്‍ക്ക് ബുദ്ധിശക്തി (Intelligence) ഉണ്ട്. പക്ഷെ വിവേകബുദ്ധി (Intellect) ഇല്ല.

 

തിരിച്ചറിവ്, വിവേകം, ബുദ്ധി,  ഇത് മനുഷ്യന്‍റെ തലച്ചോറിലെ  ജ്ഞാനഹൃദയത്തിലാണ് കുടികൊള്ളുന്നത്. 

അതു എനിക്ക് പഠിക്കാനും കൂടെയുള്ളവരെ പരിശീലിപ്പിക്കാനുമാണ് എന്‍റെ ഈ എളിയ പരിശ്രമം.

ജോര്‍ജ്ജ് കാടങ്കാവില്‍

Share this Story