അമ്മമാര് കുഞ്ഞുങ്ങള്ക്ക് നല്ല ഉറക്കം കിട്ടാന് മയക്കുമരുന്ന് നാവില് തൊട്ടുകൊടുത്തിരുന്ന ചരിത്രം അറിയാമോ?
നമ്മുടെ സ്വന്തം ഭാരതത്തില് തന്നെ. 20-ാം നൂറ്റാണ്ടിന്റെ പകുതി വരെ നീണ്ട ഈ പരിപാടിക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. എട്ടാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയില് അറേബ്യയില് നിന്നാണ് കറുപ്പ് നമ്മുടെ നാട്ടിലെത്തുന്നത്. പതിനൊന്നാം നൂറ്റാണ്ടിലെ ആയുര്വേദ പുസ്തകങ്ങളില് മരുന്നായി പ്രതിപാദിക്കുന്നുണ്ടത്രേ! വലിയ മുറിവുകള്ക്ക് വേദനാ സംഹാരിയായും, ശരീരത്തില് കത്തി വെക്കുമ്പോള് ബോധം കെടുത്താനും!
പിന്നെ നമ്മുടെ നാട്ടുകാര് പെട്ടെന്ന് തിരിച്ചറിഞ്ഞു - വലിയ മുറിവില്ലെങ്കിലും ഇച്ചിരി വേദന കുറഞ്ഞിരുന്നോട്ടെ, കത്തി വെക്കാനില്ലെങ്കിലും ഇത്രേം ബോധത്തിന്റെ ആവശ്യമൊന്നും നമുക്കില്ലെന്ന്.
ഇത് നമ്മുടെ നാട്ടുകാരുടെ മാത്രം തിരിച്ചറിവല്ല, അഖിലാണ്ഡമണ്ഡലത്തിലെ സര്വ്വ ഭരണകൂടങ്ങളും ഒരേ സമയം കണ്ടെത്തിയ തിരിച്ചറിവായിരുന്നു. ഇല്ലാത്ത വേദന കുറക്കാനും, ഉള്ള ബോധം കളയാനും, എല്ലാവരും കറുപ്പ് ഉപയോഗിച്ചു തുടങ്ങിയതോടെ ഭരണകൂടങ്ങള് ഇതിനെ കൊള്ളാവുന്ന ഒരു വരുമാനമാര്ഗമായി കണ്ടു.
15-ാം നൂറ്റാണ്ടില് മുഗളന്മാരുടെ കീഴില് തഴച്ചുവളര്ന്നു, 17-18 നൂറ്റാണ്ടുകളില് ലാഭം മാത്രം ലക്ഷ്യമിട്ട ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴില് കൈവിട്ടുപോയി. രജപുത്താനയിലും മാള്വയിലുമൊക്കെ അതിഥികളെ സല്ക്കരിക്കാന് 'അമല്' (കറുപ്പ് ചേര്ത്ത പാനീയം)
സാധാരണമായിരുന്നു അവിടെ കുട്ടികള്ക്ക് കൊടുക്കുന്നതിന് വലിയ വിലക്കൊന്നുമില്ലായിരുന്നു.
ജാതിയോ വര്ഗ്ഗമോ നോക്കാതെ ഉത്തരേന്ത്യയിലും പശ്ചിമേന്ത്യയിലും അമ്മമാര് കുഞ്ഞുങ്ങളുടെ കരച്ചിലിനും പല്ലുവേദനക്കും വയറിളക്കത്തിനും ഉറക്കമില്ലായ്മക്കും കറുപ്പ് നല്കി. നമ്മുടെ കൊച്ചു കേരളത്തിലും കുറവൊന്നുമായിരുന്നില്ല.
ഇന്ന് Working Mother ആധുനിക കാലത്തിന്റെ പ്രതിഭാസമാണെന്ന് തോന്നുമെങ്കിലും കാര്ഷിക സമൂഹത്തില് പിന്നോക്ക കുടുംബങ്ങളിലെ സ്ത്രീകള് എല്ലാവരും കൃഷിയിടത്തില് പണിയെടുക്കുന്നുണ്ടായിരുന്നു എന്നതാണ് സത്യം. പണിക്ക് പോയില്ലെങ്കില് കഞ്ഞികുടി മുട്ടുന്ന ആ കാലത്തെ അമ്മമാര്ക്ക് സ്ഥാനത്തും അസ്ഥാനത്തും കരഞ്ഞു ബഹളമുണ്ടാക്കുന്ന കുഞ്ഞുങ്ങള് തടസ്സമായിരുന്നു. അങ്ങനെ അസ്ഥാനത്തു കരയുന്ന കുഞ്ഞുങ്ങളെ സ്ഥാനത്തു മാത്രം കരയിക്കാന് കണ്ടുപിടിച്ച എളുപ്പവഴിയായിരുന്നു നാവില് ഒരിത്തിരി കറുപ്പ്.
ആ അമ്മമാരെ കുറ്റം പറയാന് പറ്റില്ല. "ഇങ്ങനെ ഒക്കെ നോക്കിയാ ജീവിക്കാന് പറ്റുമോ"?, "എല്ലാവരും ചെയ്യുന്നതല്ലേ ഞാനും ചെയ്തുള്ളൂ?", "നാടോടുമ്പോ നടുവേ ഓടണ്ടേ?" എന്ന് അവര് ചോദിച്ചാല് അതിനുത്തരം ഇന്നും ശാസ്ത്രം കണ്ടുപിടിച്ചിട്ടില്ല.
സമ്പന്ന വീടുകളില് ആയമാരുണ്ടായിരുന്നു, അതുകൊണ്ട് ദിവസവും കുട്ടികളെ മയക്കേണ്ട സമ്മര്ദ്ദം കുറവായിരുന്നു. പ്രഹരം മുഴുവന് പിന്നോക്കക്കാരിലായിരുന്നു. Overdose ആയി മരിക്കുന്ന കുട്ടികള്, മരിക്കാത്തവര് വളർന്നാലും വളര്ച്ചയില്ലാത്തവര്. കൂടുതല് ഭീകരത ഞാന് വിവരിക്കുന്നില്ല. സ്വാതന്ത്ര്യത്തിനു ശേഷമാണ് നിരോധിച്ചത് എന്ന് പറഞ്ഞു നിര്ത്തുന്നു.

ഇനി ഇത്തെ കാലം.
ഇല്ലാത്ത വേദന കുറക്കാനും ഉള്ള ബോധം കളയാനും അന്ന് എല്ലാവരും ഉപയോഗിച്ചിരുന്നത് കറുപ്പായിരുങ്കെില് ഇന്ന് എല്ലാവരും അതിനു ഉപയോഗിക്കുന്നത് സോഷ്യല് മീഡിയയാണ് എന്നാണ് ഈയുള്ളവന്റെ വാദം.
Instagram, Facebook, Youtube ഇതിനൊക്കെ എതിരെ നടക്കുന്ന കേസുകളും അവര് ആയിരക്കണക്കിന് കോടി ഫൈന് അടക്കാന് തയ്യാറായതും ഇപ്പോഴും കേസ് നടക്കുന്നതും, വാര്ത്തകള്, ഇതേ മീഡിയയില് നിന്ന് മാത്രം അറിയുന്ന മിക്കവരും,അറിയുന്നില്ല എന്നത് സ്വാഭാവികം.
ഇവരുടെ മെയിന് പ്ലാന് വളരെ സിമ്പിളാണ്, പക്ഷേ പവര്ഫുള്ളും.
സോഷ്യല് മീഡിയക്ക് സിനിമ ടിക്കറ്റ് പോലെ കാശ് കൊടുക്കേണ്ടല്ലോ. അപ്പോള് അവരുടെ ചിലവും ലാഭവും പരസ്യത്തില് നിന്നാണ്. കൂടുതല് പരസ്യം കാണിക്കണമെങ്കില് നമ്മള് കൂടുതല് നേരം നോക്കിയിരിക്കണം.
അപ്പോള് പിന്നെ നമ്മള് കൂടുതല് നേരം നോക്കുന്ന തരം കാര്യങ്ങള് കാണിക്കണം.
നിങ്ങളുടെ അക്കൗണ്ടില് മോശമായ കാഴ്ച്ചകള് വരുന്നുണ്ടെങ്കില്, അത് നിങ്ങള് ശ്രദ്ധിച്ചിട്ടല്ലേ വരുതെന്ന് നമുക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്താം. പക്ഷേ നമ്മുടെ തലച്ചോറിന്റെ ഡിസൈന് ഇതിന് സമ്മതിക്കുന്ന ഒന്നല്ല, അവിടെയാണ് പ്രശ്നം.
നൂറ് കിലോമീറ്റര് സമാധാനമായി വണ്ടിയോടിച്ചാല് നമ്മള് സ്വപ്നം കണ്ടു തുടങ്ങും, ഒരു ഫ്ളോയില് പോകും. എന്നാല് ഒരാള് വട്ടം ചാടിയാലോ? അപകടമൊന്നും സംഭവിച്ചില്ലെങ്കിലും ശ്രദ്ധ തിരിച്ചെത്തും. മറ്റൊരാളുടെ വണ്ടിക്ക് മുന്നില് ആരെങ്കിലും വട്ടം ചാടിയത് കണ്ടാലും നമ്മുടെ ശ്രദ്ധ തിരിച്ചുവരും. കാരണം അപകടം മണക്കുന്നതും ശ്രദ്ധിക്കുന്നതുമാണ് മനുഷ്യനെ ഇവിടെവരെ എത്തിച്ചത്.
മുഖം കഴുകിയാല് ഉന്മേഷം തോന്നുത് എന്തുകൊണ്ടാണെറിയാമോ? മുഖത്ത് വെള്ളം വീഴുമ്പോള് തലച്ചോറ് സടകുടഞ്ഞെഴുന്നേല്ക്കുന്നത് മുങ്ങിച്ചാവാനും ഒരു സാധ്യത മുന്നില് കണ്ടിട്ടാണ്.
ഇതേ സാധനമാണ് ഇന്സ്റ്റാഗ്രാമില് തോണ്ടുമ്പോഴും സംഭവിക്കുന്നത്. വളരെ ശാന്തമായ വീഡിയോസ് മാത്രം കാണിച്ചാല് നമുക്ക് വിരസമാകും. അതുകൊണ്ട് ശാന്തമായതിന്റെ ഇടയില് അപകടവും കാണിക്കും.
കല്യാണം ആലോചിക്കുന്ന യുവാവോ യുവതിയോ ആണെങ്കില് ഇടക്ക് കാണുന്നത് തകര്ന്ന ദാമ്പത്യത്തിന്റെ ചിത്രങ്ങളാകും. യുവതിയാണെങ്കില് പുരുഷമേധാവിത്വത്തിന്റെ ധ്രംഷ്ട്രകള്ക്കിടയില് പെടുന്ന പെണ്ജീവിതങ്ങള്, യുവാവാണെങ്കില് അറിയുക
പോലും ചെയ്യാത്ത പീഡനക്കേസില് പെട്ട യുവാക്കള്. നിങ്ങളുടെ ഉള്ളില് കിടക്കുന്ന പേടി എന്തായാലും അത് എങ്ങനെ പുട്ടിനിടയില് പീര പോലെ ഇട്ടുകൊടുക്കാം എന്ന് അല്ഗോരിതം അവര് പഠിച്ചുകഴിഞ്ഞു. അതിന് വലിയ ബുദ്ധിയൊന്നും വേണ്ട, നമ്മള് എന്തൊക്കെ ശ്രദ്ധിക്കുന്നുണ്ട് എന്ന് നോക്കിയാല് മതി.
പോരാത്തതിന് വലിയ യാത്രകള് പോകുവരെ, വലിയ കാറും വീടും മേടിക്കുവരെ, വലിയ സൗന്ദര്യമുള്ളവരെ, വലിയ കല്യാണം കഴിച്ചവരെ ഒക്കെ കാണിച്ചു നമ്മുടെ ജീവിതം പോരാ എന്ന് പേടിപ്പിക്കും. പിന്നെ ആ വിഷമം മാറാന് പൂച്ചക്കുട്ടി കളിക്കുന്നതും കേക്ക് ഉണ്ടാക്കുന്നതുമായ കൊച്ചു സന്തോഷങ്ങളുടെ നീണ്ട നിരയും തരും, കൂടെ, സൂക്ഷിച്ചു നോക്കിയാല് മാത്രം പരസ്യമാണെന്ന് മനസ്സിലാകുന്ന കുറച്ചു പരസ്യവും.
വലിയ ടെക്നോളജി വെച്ചാണ് മാറുന്ന കാലത്ത് നമ്മുടെ ഉള്ള ബോധം കളയുന്ന ഈ പണി ചെയ്യുന്നതെങ്കിലും, ഏഷണി കൂടലല്ലാതെ മറ്റൊന്നുമല്ല ഇത് എന്നാണ് ഈ പണിക്ക് ലേഖകന് കൊടുക്കുന്ന പേര്. എല്ലാരെയും പറ്റി മറ്റെല്ലാവരോടും കുറ്റം പറഞ്ഞു
കാശുണ്ടാക്കുതിന് വേറെ എന്ത് വിളിക്കും?
ഓടിപ്പാഞ്ഞു നടന്നു ശല്യപ്പെടുത്തുന്ന കുട്ടികള്ക്ക് ഇന്നത്തെ അമ്മമാര് കൊടുക്കുന്ന കറുപ്പും സോഷ്യല് മീഡിയ തന്നെയാണ് എന്നാണ് പറഞ്ഞു വരുന്നത്.
ചോദ്യം ചെയ്താല് കിട്ടുന്ന ഉത്തരവും പഴയത് തന്നെ "ഇങ്ങനെ ഒക്കെ നോക്കിയാ ജീവിക്കാന് പറ്റുമോ?","എല്ലാവരും ചെയ്യുന്നതല്ലേ?", "നാടോടുമ്പോ നടുവേ ഓടണ്ടേ?" ഈ ചോദ്യങ്ങള്ക്കുള്ള ഉത്തരം ഇന്നും ശാസ്ത്രം കണ്ടുപിടിച്ചിട്ടില്ല, ഈയുള്ളവനും അറിഞ്ഞൂടാ.
P.S. പണ്ട് കുഞ്ചാക്കോ ബോബന്റെ സിനിമ കണ്ടിട്ട് വാശിക്ക് പ്രേമവിവാഹം ചെയ്തെും, ഇപ്പൊ ഇന്സ്റ്റാഗ്രാം കണ്ടപ്പോഴല്ലേ കല്യാണം തന്നെ മിസ്റ്റേക്ക് ആണെന്ന് മനസ്സിലായതെന്നും ലേഖകനോട് പറഞ്ഞ ചേച്ചിക്ക് സമര്പ്പണം.
വീണ്ടും കാണും വരെ വണക്കം.
