The Synchroscope - മനുഷ്യരെ ഒന്നിപ്പിക്കാനും ഒരു സിങ്ക്രോസ്കോപ്പ്!?

വൈദ്യുതി നിലയങ്ങളില്‍ ഒന്നിലധികം ജനറേറ്ററുകള്‍ ഒരുമിച്ച് ചേര്‍ത്ത് ഒരു വലിയ പവര്‍ ഗ്രിഡ് നിര്‍മ്മിക്കുന്നത് പോലെ തന്നെയാണ്, സമൂഹത്തില്‍ വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള മനുഷ്യരെ ഒരുമിച്ച് ചേര്‍ത്ത് ശക്തമായൊരു കൂട്ടായ്മ (TEAM) രൂപീകരിക്കുതും.

Synchronization of Alternators 
Vs
Blending of Human Minds

വൈദ്യുതിയില്‍ ജനറേറ്ററുകള്‍ തമ്മില്‍ കൃത്യമായി സിങ്ക്രണൈസ് ചെയ്തോ എന്ന് മനസിലാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളിലൊന്നാണ് "സിങ്ക്രോസ്കോപ്പ്."

ഇത് പുതിയ ജനറേറ്ററിന്‍റെ വോള്‍ട്ടേജിലും ഫ്രീക്വന്‍സിയിലും സ്പീഡിലും മറ്റും ഗ്രിഡുമായുള്ള വ്യത്യാസങ്ങള്‍ കാണിച്ചുതരുന്നു. ആ വ്യത്യാസങ്ങള്‍ അഡ്ജസ്റ്റ് ചെയ്താല്‍ സിങ്ക്രോസ്കോപ്പിന്‍റെ സൂചി കൃത്യം നടുവിലെത്തിക്കാം; അഥവാ ആ സൂചി നടുവിലെത്തും വരെ പുതിയ ജനറേറ്റര്‍ അഡ്ജസ്റ്റു ചെയ്ത്, സൂചി നടുവിലെത്തുന്ന നിമിഷത്തില്‍ സര്‍ക്യൂട്ട് ക്ലോസ് ചെയ്ത്  ഗ്രിഡിലേക്ക് കൂട്ടിച്ചേര്‍ക്കും.

ഇതുപോലെ തന്നെ മനുഷ്യരുടെ കാര്യത്തില്‍, വ്യത്യസ്ത മനുഷ്യരുടെ ബുദ്ധിയെയും ഹൃദയത്തെയും ഒരേ താളത്തില്‍ സമന്വയിപ്പിക്കാന്‍ സഹായിക്കുന്ന ആ 'സിങ്ക്രോസ്കോപ്പാണ്' നമ്മുടെ പ്രപഞ്ച സംവിധായകന്‍ (Cosmic Director).

അതു മനസ്സിലാക്കാന്‍, ഈ പ്രക്രിയയെ വൈദ്യുതിയിലെ 4 സാങ്കേതിക നിബന്ധനകളോട് നമുക്ക് താരതമ്യം ചെയ്യാം:

1. വോള്‍ട്ടേജ് = ആത്മാര്‍ത്ഥതയും സന്നദ്ധതയും
വൈദ്യുതിയില്‍: ഗ്രിഡിന്‍റെ വോള്‍ട്ടേജും പുതിയ ജനറേറ്ററിന്‍റെ വോള്‍ട്ടേജും തുല്യമായിരിക്കണം. ഇല്ലെങ്കില്‍ അവയ്ക്കിടയില്‍ അനാവശ്യമായ കറന്‍റ് (Circulating Current) ഉണ്ടാവുകയും ഊര്‍ജ്ജനഷ്ടത്തിന് കാരണമാവുകയും ചെയ്യും.

മനുഷ്യരില്‍: ഒരു ദൗത്യത്തിനായി ഒന്നിക്കുന്ന ആളുകളുടെ ഉള്ളിലെ ആത്മാര്‍ത്ഥതയും താല്പര്യവും ഒരേ നിലവാരത്തിലുള്ളതായിരിക്കണം. എല്ലാവരുടെയും കഴിവിന്‍റെ അളവ് തുല്യമാകണമെന്ന് നിര്‍ബന്ധമില്ല; മറിച്ച് തനിക്കില്ലാത്ത കഴിവുകള്‍ ഗ്രൂപ്പിലെ മറ്റുള്ളവരില്‍ നിന്ന്
ഉള്‍ക്കൊള്ളാനും, ഒരേ മനസ്സോടെ ലക്ഷ്യത്തിലേക്ക് നീങ്ങാനുമുള്ള സന്നദ്ധതയാണ് ഇവിടെ പ്രധാനം.

ഒരാള്‍ കടുത്ത ആവേശത്തിലും മറ്റൊരാള്‍ ഒട്ടും ഉത്സാഹമില്ലാതെയും ഇരുന്നാല്‍ ആ ടീമിന്‍റെ ഊര്‍ജ്ജം പരസ്പര തര്‍ക്കങ്ങളും അതേക്കുറിച്ചുള്ള മനോവിഷമങ്ങളും വഴി നഷ്ടമായി പോകും.

2. ഫ്രീക്വന്‍സി = ചിന്താഗതിയുടെ സമന്വയം
വൈദ്യുതിയില്‍: രണ്ട് സിസ്റ്റങ്ങളുടെയും ഫ്രീക്വന്‍സി കൃത്യമായി ട്യൂണ്‍ ചെയ്ത് ഒരുപോലെയാക്കണം. ഇല്ലെങ്കില്‍ ജനറേറ്ററുകള്‍ പരസ്പരം ഒത്തുപോകാതെ വരികയും ഉപകരണങ്ങള്‍ വലിയ ശബ്ദത്തോടെ തകരുകയും ചെയ്യാം.

മനുഷ്യരില്‍: ടീമിലുള്ളവരുടെ ചിന്തകള്‍ ഇഴുകിച്ചേര്‍ന്ന് ഒരേ തരംഗദൈര്‍ഘ്യത്തില്‍ (Wavelength) എത്തണം. ലക്ഷ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഒരേ ദിശയിലാകുമ്പോഴാണ് അവിടെ പരസ്പര ധാരണയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്. അല്ലാത്തപക്ഷം 
പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും അവതാളത്തിലാകും.

3. ഫേസ് സീക്വന്‍സ് = മൂല്യങ്ങളുടെ ക്രമംവൈദ്യുതിയില്‍:

മൂന്ന് ഫേസുകളുടെയും കറന്‍റ് പ്രവാഹ ദിശയും ഘടനയും (R-Y-B Sequence) കൃത്യമായ ക്രമത്തിലായിരിക്കണം. ഈ ക്രമത്തില്‍ നേരിയ മാറ്റമുണ്ടായാല്‍ പോലും സിസ്റ്റത്തില്‍ ഭീകരമായ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിക്കാം.

മനുഷ്യരില്‍: ഒരു കൂട്ടായ്മ മുന്നോട്ട് വെക്കുന്ന അടിസ്ഥാന മൂല്യങ്ങളായ അച്ചടക്കം, സഹകരണം, പരസ്പര ബഹുമാനം, വിനയം ഇവയുടെ ക്രമം എല്ലാവരിലും ഒരേപോലെയായിരിക്കണം. ഇതിനിടയിലേക്ക് അഹങ്കാരം (Ego) കടന്നുവരുമ്പോള്‍ ഈ മൂല്യങ്ങളുടെ ക്രമം തെറ്റുകയും, മനുഷ്യര്‍ക്കിടയില്‍ വൈകാരികമായ ഷോര്‍ട്ട് സര്‍ക്യൂട്ടോ, പൂര്‍ണ്ണമായ ബന്ധം വേര്‍പെടലോ ഒക്കെ സംഭവിക്കുകയും ചെയ്യുന്നു.

4. ഫേസ് ആംഗിള്‍ = സമയനിഷ്ഠ കോര്‍ഡിനേഷന്‍
വൈദ്യുതിയില്‍: രണ്ട് തരംഗങ്ങളും ഒരേ മില്ലി സെക്കന്‍ഡില്‍ ഒരേപോലെ ഉയരുകയും താഴുകയും വേണം (In-phase). അവ തമ്മില്‍ സമയത്തില്‍ നേരിയ വ്യത്യാസമുണ്ടെങ്കില്‍ വന്‍തോതിലുള്ള തകരാറുകള്‍ക്ക് വരെ അത് കാരണമാകും.

മനുഷ്യരില്‍: കൂട്ടായി എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുമ്പോഴുള്ള സമയനിഷ്ഠയും പരസ്പര ഏകോപനവുമാണിത്. ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോള്‍ എല്ലാവരുടെയും ആവേശവും താല്പര്യവും ഒരേ സമയക്രമത്തില്‍ ഒത്തുചേരണം. ഒരാള്‍ സമയത്തിന് മുന്‍പേ പായുകയും മറ്റൊരാള്‍ ഒരുപാട് വൈകി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ആ ദൗത്യത്തിന്‍റെ താളം പൂര്‍ണ്ണമായും നഷ്ടപ്പെടും.

സിങ്ക്രണൈസേഷന്‍ വിവാഹത്തില്‍

The Ultimate Tuning - ഹൃദയങ്ങളുടെ ലയനം

ബൗദ്ധികമായ ഒരു കൂട്ടായ്മയ്ക്കും (Intellectual Team) അപ്പുറം, ജീവിതത്തില്‍ രണ്ട് മനുഷ്യര്‍ തമ്മില്‍ നടക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സിങ്ക്രണൈസേഷന്‍ ആണ് 'വിവാഹവും പങ്കാളിത്തവും.' 

അവിടെ നമ്മള്‍ ഒത്തുനോക്കേണ്ടത് കേവലം വോള്‍ട്ടേജോ ഫ്രീക്വന്‍സിയോ ബുദ്ധിയോ ലാഭനഷ്ടങ്ങളോ അല്ല;  മറിച്ച് ഇരുവരുടെയും ഹൃദയങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ള ലയനമാണ് (Harmony of the Hearts).

ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ ബുദ്ധിയേക്കാള്‍ ഉപരിയായി ഹൃദയങ്ങളുടെ ഈ ലയനമാണ് പ്രധാനം. എന്തുകൊണ്ടൊല്‍, ബുദ്ധിയും ഹൃദയവും തീരുമാനങ്ങളെടുക്കുന്ന രീതി തന്നെ വ്യത്യസ്തമാണ്.

ബുദ്ധി കൊണ്ടു മാത്രം വിവാഹത്തിന് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, ബുദ്ധി പരിഗണിക്കുന്ന പ്രധാന ഘടകങ്ങള്‍ക്ക് പിന്നീട് എപ്പോഴെങ്കിലും മാറ്റം വന്നാല്‍, ആദ്യമെടുത്ത തീരുമാനത്തെ തള്ളിപ്പറയാനായിരിക്കും ബുദ്ധി ശ്രമിക്കുക.

ഉദാഹരണത്തിന്, നല്ല മുഖസൗന്ദര്യം ഉള്ള പെണ്‍കുട്ടി എന്നു പരിഗണിച്ച് വിവാഹം ചെയ്തു എന്ന കരുതുക. കുറച്ചു കാലത്തിനു ശേഷം എപ്പോഴെങ്കിലും അടുക്കളയില്‍ ഭക്ഷണത്തിന് പപ്പടം കാച്ചുമ്പോള്‍ തിളച്ച എണ്ണ തെറിച്ച് അവളുടെ മുഖം വികൃതമായാല്‍? 
അല്ലെങ്കില്‍, സുമുഖന്‍ സുന്ദരന്‍ എന്നു പരിഗണിച്ച് കെട്ടിയ പയ്യന്‍, വിവാഹശേഷം ബൈക്കില്‍ നിന്നു മൂക്കും കുത്തി വീണ് വിരൂപനാകുകയോ, അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍?

നിങ്ങളുടെ ബുദ്ധി പറയും, 'ഞാന്‍ സ്വീകരിച്ചപ്പോള്‍ നല്ലതായിരുന്നു, ഇപ്പോള്‍ മോശമായി, അതുകൊണ്ട് ഇതെനിക്ക് ഇഷ്ടമല്ലാതായിരിക്കുന്നു' എന്ന്.

ആദ്യ കാഴ്ചയിലോ, ഇടക്കെപ്പോഴെങ്കിലുമോ ഹൃദയം കൊണ്ട് സ്വീകരിച്ച ആളാണെങ്കില്‍ - അല്ലെങ്കില്‍, ഇതു വായിക്കുന്ന ഈ നിമിഷത്തില്‍ അതു തിരിച്ചറിയുന്ന ആളാണെങ്കില്‍ - പിന്നെ ഈ വക മാറ്റങ്ങളൊന്നും ഹൃദയത്തിന്‍റെ ഊഷ്മളതയെ ബാധിക്കുകയില്ല.

ഇത് കൃത്യമായി സിങ്ക്രോസ്കോപ്പിന്‍റെ യുക്തിയോട് ചേർന്നുനില്‍ക്കുന്നു- വോള്‍ട്ടേജും ഫ്രീക്വന്‍സിയും ഒരു നിമിഷത്തേക്ക് മാത്രം ഒത്തുപോയാല്‍ പോരാ; ജനറേറ്ററിനെ ഗ്രിഡുമായി സ്ഥിരമായി ബന്ധിപ്പിച്ചു നില്‍ക്കണമെങ്കില്‍ ആ സമന്വയം കാലാന്തരത്തിലും നിലനില്‍ക്കണം.


ബുദ്ധി എടുക്കുന്ന തീരുമാനങ്ങള്‍ സാഹചര്യങ്ങള്‍ക്കൊപ്പം മാറാം; ഹൃദയം എടുക്കുന്ന തീരുമാനങ്ങള്‍ സാഹചര്യങ്ങള്‍ക്കതീതമായി നിലനില്‍ക്കും.

Listen to your Heart, and do what your Heart tells.

എന്നാല്‍, അത് തിരിച്ചറിയണമെങ്കില്‍ സ്വന്തം ഹൃദയത്തെ ശ്രവിക്കുന്ന ശീലം നമുക്കുണ്ടാവണം ((Meditation)). നമ്മുടെ ഉള്ളിലെ ശബ്ദം തിരിച്ചറിയാത്തവര്‍ക്ക് മറ്റൊരാളുടെ ഹൃദയതാളം മനസ്സിലാക്കാന്‍ കഴിയില്ല.

രണ്ട് ആള്‍ട്ടര്‍നേറ്ററുകള്‍ കൃത്യമായി സിങ്ക്രണൈസ് ചെയ്യപ്പെടുമ്പോള്‍ അവിടെ ലഭ്യമായ ഊര്‍ജ്ജത്തിന്‍റെ അളവ് വര്‍ദ്ധിക്കുന്നതു പോലെ, രണ്ട് ഹൃദയങ്ങള്‍ ഒരേ താളത്തില്‍ മിടിക്കുമ്പോഴാണ് ഭൂമിയിലെ ഏറ്റവും കരുത്തുറ്റതും മനോഹരവുമായ "സ്നേഹം" (LOVE) 
എന്ന വികാരം കൂടുതല്‍ ഫലപ്രദവും അര്‍ത്ഥവത്തുമായി മാറുന്നത്. യഥാര്‍ത്ഥത്തില്‍ "സ്നേഹം" എന്നാല്‍ രണ്ട് വ്യത്യസ്ത ശരീരങ്ങളിലിരുന്ന് ഒരേ താളത്തില്‍ മിടിക്കുന്ന ഹൃദയങ്ങളുടെ സിങ്ക്രണൈസേഷന്‍ തന്നെയാണ്.

പരസ്പരം സിങ്ക്രണൈസ് ചെയ്യപ്പെടാതെ വരുമ്പോഴോ?
വൈദ്യുതിയില്‍: തരംഗങ്ങള്‍ ഒത്തുപോകാതെ വന്നാല്‍ അവിടെ ഭീകരമായ പൊട്ടിത്തെറിയും നാശനഷ്ടങ്ങളും (Short Circuit) ഉണ്ടാകുന്നു. അത് പവര്‍ ഗ്രിഡിനെ ആകെയും തകരാറിലാക്കാം.

ജീവിതത്തില്‍: ഹൃദയങ്ങള്‍ തമ്മില്‍ ഈ ഹാര്‍മണി (സ്നേഹം) ഇല്ലെങ്കില്‍ ജീവിതം വെറും യാന്ത്രികമായി മാറും. പരസ്പരമുള്ള ആഴമേറിയ സ്നേഹവും, ആ സ്നേഹം കാരണം സന്തോഷത്തോടെ ചെയ്യുന്ന വിട്ടുകൊടുക്കലുകളുമാണ് വ്യത്യസ്തരായ രണ്ട് വ്യക്തികളെ ജീവിതകാലം മുഴുവന്‍ ഒരേ ഫ്രീക്വന്‍സിയില്‍ നിലനിര്‍ത്തുന്നത്.

ഉപസംഹാരം
വ്യത്യസ്ത മനുഷ്യരുടെ ബുദ്ധിയെയും ഹൃദയത്തെയും ഒരേ താളത്തില്‍ സമന്വയിപ്പിക്കാന്‍ സഹായിക്കുന്ന 'സിങ്ക്രോസ്കോപ്പാണ്' നമ്മുടെ
പ്രപഞ്ച സംവിധായകന്‍ (Cosmic Director). ആ പരമശക്തിയിലുള്ള വിശ്വാസത്തിന്‍റെയും നമ്മുടെ പരസ്പര വിശ്വാസത്തിന്‍റെയും ദൃഢതയാണ്, ആ സമന്വയത്തിന്‍റെ അളവുകോല്‍. വെവ്വേറെ നിന്നാല്‍ ചെറിയ തോതില്‍ മാത്രം വെളിച്ചം തരാന്‍ കഴിയുന്ന ആള്‍ട്ടര്‍നേറ്ററുകള്‍, പരസ്പരം 
സിങ്ക്രണൈസ് ചെയ്ത് ഒത്തുചേരുമ്പോള്‍ ഒരു നാടിനെ മുഴുവന്‍ പ്രകാശിപ്പിക്കുന്ന പവര്‍ ഗ്രിഡായി മാറുന്നു. 

അതുപോലെ, പലതരം വ്യക്തിഗത കഴിവുകളുള്ള മനുഷ്യര്‍ തങ്ങളുടെ അഹങ്കാരം മാറ്റിവെച്ച്, സ്വന്തം ഹൃദയങ്ങളെ ശ്രവിച്ച്, ഒരേ ലക്ഷ്യത്തോടെ 'സിങ്ക്രണൈസ്' ചെയ്യപ്പെടുമ്പോള്‍, അവിടെ സമൂഹത്തില്‍ നന്മ ചെയ്യാനും മാറ്റങ്ങള്‍ സൃഷ്ടിക്കാനും കെല്‍പ്പുള്ള ശക്തമായൊരു 'ടീം' രൂപപ്പെടുന്നു. നമ്മുടെ കുടുംബങ്ങളും അത്തരം ടീമുകളായി രൂപപ്പെടണമേ എന്ന പ്രാര്‍ത്ഥനയോടെ, 


സസ്നേഹം,
ജോര്‍ജ്ജ് കാടങ്കാവില്‍

 

 

Share this Story