സ്വാതന്ത്ര്യം എപ്പോഴും പരിധികൾക്കുള്ളിലാണ്. അതങ്ങനെ തന്നെ ആയിരിക്കണം.
"സ്വാതന്ത്ര്യം എന്നത് യാഥാർത്ഥ്യമാകണമെങ്കിൽ അതിന് അതിരുകൾ ഉണ്ടായേ തീരൂ. അതിരുകളില്ലാത്ത സ്വാതന്ത്ര്യം അരാജകത്വത്തിലേക്കു നയിക്കും, ക്രമേണ അടിമത്തത്തിലേക്കും.
അതിരുകളെ കുറിച്ച് നിരാശപ്പെടരുത്. അറിവും കഠിനാധ്വാനവും കൊണ്ട്, ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രവർത്തിച്ചാൽ, ആ അതിരുകളെ വികസിപ്പിക്കാൻ നിങ്ങൾക്കും സാധിക്കും." .jpeg)
സ്വാതന്ത്ര്യം എന്നത് എന്തും ഏതും എങ്ങനേയും ചെയ്യാനുള്ള അനിയന്ത്രിതമായ അനുവാദമല്ല. പ്രകൃതിയിലെ ഓരോ ചലനത്തിനും കൃത്യമായ നിയമങ്ങളും അതിരുകളുമുണ്ട്. നദി അതിന്റെ കരകൾക്കുള്ളിൽ ഒഴുകുമ്പോൾ മാത്രമാണ് അത് സൗന്ദര്യവും ജീവനുമാകുന്നത്; കരകവിയുമ്പോൾ അത് പ്രളയമായി നാശം വിതയ്ക്കുന്നു. അതുപോലെ, വ്യക്തിജീവിതത്തിലും സമൂഹത്തിലും സ്വയം അച്ചടക്കത്തോടെയുള്ള പരിധികൾക്കുള്ളിൽ നിൽക്കുമ്പോൾ മാത്രമാണ് സ്വാതന്ത്ര്യം എന്ന ആശയത്തിന് അർത്ഥമുണ്ടാകുന്നത്. അതിരുകളില്ലാത്ത സ്വാതന്ത്ര്യം അരാജകത്വമാണ്.
അരാജകത്വം ഒരു സമൂഹത്തിൽ വിതയ്ക്കുന്നത് ഭയവും അസ്ഥിരതയുമാണ്. നിയമങ്ങളോ ധർമ്മമോ ഇല്ലാത്ത അവസ്ഥയിൽ 'കയ്യൂക്കുള്ളവൻ കാര്യക്കാരൻ' എന്ന കാട്ടുനീതി നടപ്പിലാകുന്നു. ഇവിടെ ദുർബ്ബലർ അടിച്ചമർത്തപ്പെടുകയും അക്രമികൾ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്യുന്നു. ഒടുവിൽ, ഈ ഭീതിജനകമായ അരാജകത്വത്തിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ തങ്ങളുടെ സ്വാതന്ത്ര്യം സ്വയം അടിയറവ് വെച്ച് ഏതെങ്കിലും കരുത്തനു കീഴടങ്ങുന്നു.
അങ്ങനെ, പരിധികളില്ലാത്ത സ്വാതന്ത്ര്യം ആഗ്രഹിച്ചവർ ഒടുവിൽ കൂടുതൽ അടിമത്തത്തിലേക്ക് അകപ്പെടുന്നു. പിന്നീട് ആ ചങ്ങലകൾ പൊട്ടിച്ചെറിയാൻ തലമുറകളോളും വീണ്ടും സമരം ചെയ്യേണ്ടി വരുന്നു.
അതിനാലാണ് പരിധികൾ നമുക്ക് അത്യാവശ്യമാകുന്നത്. എന്നാൽ, നമുക്ക് മുന്നിലുള്ള പരിധികളെ ഓർത്ത് നമ്മൾ ഒരിക്കലും നിരാശപ്പെടേണ്ടതില്ല. പരിധികൾ എന്നത് മാറ്റമില്ലാത്ത ഒരു ഇരുമ്പു മതിലല്ല. Expand your boundaries; സ്വന്തം അധ്വാനത്തിലൂടെയും നിരന്തരമായ പരിശീലനത്തിലൂടെയും കൂടുതൽ അറിവും കഴിവും സിദ്ധികളും ആർജ്ജിച്ചെടുക്കുന്ന ഏതൊരാൾക്കും തങ്ങളുടെ പരിധികളെ വികസിപ്പിക്കാൻ സാധിക്കും. അത്തരക്കാർ അതിരുകളെ തച്ചുടയ്ക്കുകയല്ല ചെയ്യുന്നത്; മറിച്ച് തങ്ങളുടെ ശേഷിയും ബോധവും വർദ്ധിപ്പിച്ച് കൂടുതൽ വിശാലമായ സ്വാതന്ത്ര്യത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്ക് വളരുകയാണ് ചെയ്യുന്നത്.
അധ്വാനിക്കാതെ കുറുക്കുവഴികളിലൂടെയും വഞ്ചനയിലൂടെയും, പരിധികൾ ലംഘിക്കാനായി അധികാരം കവർന്നെടുക്കുന്നവരെ നോക്കി അസൂയപ്പെടേണ്ട. അവർക്ക് തങ്ങളുടെ ജീവിതകാലം മുഴുവനും, അവർ ചെയ്ത ദുഷ്ചെയ്തികൾ ഒളിപ്പിക്കാനായി ഓരോ പുകമറകൾ നിരന്തരം സൃഷ്ടിച്ചു കൊണ്ടിരിക്കേണ്ടി വരും. അതുവഴി സ്വന്തം തടവറകളാണ് തങ്ങൾ സൃഷ്ടിക്കുന്നതെന്ന് അവരറിയുന്നില്ല. അവർ കയ്യടക്കിയ ആ അധികാരം തന്നെ അവരെ അതിന്റെ അടിമയാക്കി മാറ്റിക്കഴിഞ്ഞു. അവരുടെ സ്വാതന്ത്ര്യത്തിന്റെ അതിരുകൾ ഫലത്തിൽ കുറഞ്ഞു കുറഞ്ഞു ദുസ്സഹമായി വരുന്നത് അവർക്കു മാത്രമേ ബോദ്ധ്യമാകൂ.
PS: സത്യവും ആത്മാർത്ഥമായ അധ്വാനവും കൈമുതലായുള്ള ഒരാൾക്കും അതിരുകൾ ഒരു തടസ്സമായി നീണ്ടുനിൽക്കില്ല, മറിച്ച് അതെല്ലാം അടുത്ത വളർച്ചയിലേക്കുള്ള അയാളുടെ പടവുകളായി മാറും.
സ്വയം അച്ചടക്കത്തിലൂടെ, സ്വന്തം പ്രവർത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നേറുന്ന ഏതൊരാൾക്കും തന്റെ പരിധികളെ ആവശ്യാനുസരണം വികസിപ്പിക്കാനും, ഭയമില്ലാത്ത യഥാർത്ഥ സ്വാതന്ത്ര്യം ആസ്വദിച്ചു ജീവിക്കാനും സാധിക്കും.
സസ്നേഹം ജോർജ്ജ് കാടങ്കാവിൽ