വരരുചിയുടെ വഴിയിലൂടെ: പന്തിരുകുലത്തിന്റെ പാദമുദ്രകൾ തേടി ഒരു യാത്ര

ആഗസ്റ്റ് 23, ഞായറാഴ്ച രാവിലെ 6 മണിക്ക് ബ്ളെസ്സിൽ നിന്നിറങ്ങുമ്പോൾ, കുട്ടിക്കാലത്ത് വായിച്ചു മനസ്സിൽ പതിഞ്ഞ ചില ഐതിഹ്യ കഥാപാത്രങ്ങളായ, പന്തിരുകുലത്തിന്റെ കാലടിപ്പാടുകളിലേക്ക് ഒരു വിനോദയാത്ര എന്നായിരുന്നു മനസ്സിൽ. എന്നെപ്പോലെ ബ്ളെസ്സ് ഹോമിൽ താമസിക്കുന്ന ഒരു സുഹൃത്തിന് അന്ന് ഷൊർണ്ണൂരിൽ ഒരു കല്യാണത്തിന് പോകേണ്ടിയിരുന്നു. പറയിപെറ്റ പന്തിരുകുലവുമായി ബന്ധപ്പെട്ട ഉളിയന്നൂരും കവളപ്പാറയും ആ വഴിക്കായതിനാൽ ഞാൻ അദ്ദേഹത്തിന് ഒരു ലിഫ്റ്റ് നൽകി കൂടെക്കൂട്ടി. 

1. ഉളിയന്നൂർ മാടത്തിലപ്പൻ ക്ഷേത്രം
ആദ്യ സ്റ്റോപ്പ് ആലുവയ്ക്കടുത്തുള്ള ഉളിയന്നൂർ ആയിരുന്നു. തച്ചന്മാരുടെ തച്ചനായ പെരുന്തച്ചന്റെ തച്ചുശാസ്ത്ര വൈഭവം വിളിച്ചോതുന്ന വട്ടശ്രീകോവിലും, തൊട്ടടുത്തായി അതിലും പഴക്കമുള്ള 'മാടത്തിലപ്പൻ' ക്ഷേത്രവും ഞങ്ങൾ കണ്ടു. പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന, ഉയർന്ന കൽത്തറയിൽ പണിതുയർത്തിയ ആ അപൂർവ്വ നിർമ്മിതി കാണേണ്ട ഒരു കാഴ്ച തന്നെയാണ്.

വഴിയിലെ കഥ പറച്ചിലും, 25 വർഷം മുമ്പുണ്ടായ എന്റെ ഒരബദ്ധവും ആവർത്തനവും (The Cosmic Call) 

ഉളിയന്നൂർ കഴിഞ്ഞ് ഷൊർണ്ണൂരിലേക്കുള്ള യാത്രയിൽ സുഹൃത്ത് പന്തിരുകുലത്തെക്കുറിച്ചു ചോദിച്ചു. 

ശൂദ്രസ്ത്രീയെ ബ്രാഹ്മണസ്ത്രീയെന്നു തെറ്റിദ്ധരിച്ചു വിവാഹം ചെയ്തതിനാൽ രാജസദസ്സും കൊട്ടാരവും ഉപേക്ഷിച്ച് ശിഷ്ടകാലം ദേശാടനം നടത്തി കേരളത്തിൽ എത്തിയെന്നാണ് വരരുചിയുടെ കഥ. 

വരരുചിയുടെ പിതാവ് ഗോവിന്ദസ്വാമിയും ഒരു ശൂദ്രസ്ത്രീയെ വിവാഹം ചെയ്യാൻ നിർബന്ധിതനായ മനുഷ്യനാണ്. അതു കൊണ്ട് ഗോവിന്ദസ്വാമിയുടെ കഥയിൽ നിന്നും ഞങ്ങൾ തുടങ്ങി.  

ജ്ഞാനം തേടി ദേശാടനം ചെയ്യവേ ഗോവിന്ദസ്വാമിയേ ഒരു ബ്രഹ്മരക്ഷസ്സു പിടികൂടിയതും, താൻ ചോദിക്കുന്ന ചോദ്യത്തിനു ശരിയുത്തരം പറയാത്തവരെ താൻ കൊന്നു ഭക്ഷിക്കും എന്നു പറഞ്ഞു ഭയപ്പെടുത്തിയതും, ശരിയുത്തരം പറഞ്ഞ് ഗോവിന്ദസ്വാമി ബ്രഹ്മരക്ഷസിൽ നിന്നും  ജ്ഞാനം നേടിയതും. പിന്നീടുള്ള യാത്രയിൽ അദ്ദേഹം മരണാസന്നനായതും, അതിൽ നിന്നും അദ്ദേഹത്തെ പരിചരിച്ച് രക്ഷിച്ച  ശൂദ്രസ്ത്രീയെ വിവാഹം ചെയ്യാൻ നിർബന്ധിതനായതും, അതിനു വേണ്ടി ബ്രാഹ്മണ ക്ഷത്രിയ വൈശ്യ കുലജാതരായ മറ്റു മൂന്നു പെൺകുട്ടികളേക്കൂടി വിവാഹം ചെയ്യേണ്ടി വന്നതും തുടങ്ങി, വിക്രമാദിത്യൻ, ഭട്ടി, ഭർതൃഹരി, വരരുചി എന്നീ സഹോദരന്മാരുടെ ജനനകഥകളെല്ലാം ഞാൻ വായിച്ചു ധരിച്ചു വെച്ചതുപോലെ വിവരിച്ചു. 

ഗോവിന്ദസ്വാമിക്ക് ശൂദ്രസ്ത്രീയിലുണ്ടായ പുത്രൻ ഭർതൃഹരി തപസ്സ് ചെയ്ത ഗുഹയിലേക്ക്, ഉജ്ജയിനിലേക്ക്, ആറുമാസം മുൻപ് ഞാൻ നടത്തിയ സോളോ ഡ്രൈവിന്റെ ഓർമ്മകൾ കൂടിയായപ്പോൾ കഥയ്ക്കും ഞങ്ങളുടെ യാത്രയ്ക്കും കൂടുതൽ ജീവൻ വെച്ചതുപോലായി.

പക്ഷേ, കഥ പറയുന്നതിനിടയിൽ ഒരു സംഭവമുണ്ടായി. ഗോവിന്ദസ്വാമിയെ ബ്രഹ്മരക്ഷസ് പിടികൂടി ചോദ്യം ചോദിച്ച ഭാഗത്തെക്കുറിച്ച് കൂട്ടുകാരൻ ചോദിച്ചു: "അല്ല, ആ രക്ഷസ് ചോദിച്ച ചോദ്യം എന്തായിരുന്നു?"

ഞാൻ ഒരു നിമിഷം സ്തബ്ദനായിപ്പോയി.

കാരണം ഏതാണ്ട് 25 വർഷം മുൻപ് കേരളം സന്ദർശിച്ച ഓസ്ട്രേലിയൻ വിദ്യാർത്ഥികൾക്ക് ഞാൻ ഈ കഥ പറഞ്ഞു കൊടുക്കാനിടയായി. അപ്പോഴും ഒരു കുട്ടി ഇതേ ചോദ്യം എന്നോട് ചോദിച്ചിരുന്നു:
 “What was the question that Demon has Asked?”. 

അന്ന് എനിക്ക് ആ ചോദ്യമോ ഉത്തരമോ അറിയില്ലായിരുന്നു. അവരോടു സത്യം പറഞ്ഞു. ഇന്നിതാ, അതേ ചോദ്യം രണ്ടാം തവണയും എന്റെ മുന്നിലേക്ക് വരുന്നു! അതൊരു പ്രപഞ്ച നിയോഗം (Cosmic Call) പോലെ എനിക്ക് തോന്നി.

അന്ന് ഉത്തരം കിട്ടാതെ പോയ ആ ചോദ്യത്തിന്റെ രഹസ്യം, 25 വർഷങ്ങൾക്ക് ശേഷം ഈ രണ്ടാം വട്ടമെങ്കിലും അറിയണമെന്നു നിശ്ചയിച്ച് കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ ഐതിഹ്യമാലയിലെ മഹാഭാക്ഷ്യം എന്ന അദ്ധ്യായം ഞാൻ വീണ്ടും വായിച്ചു.

2. കവളപ്പാറ സ്വരൂപം
സുഹൃത്തിനെ ഷൊർണ്ണൂരിൽ ഇറക്കിയ ശേഷം ഞാൻ നേരെ പോയത് കവളപ്പാറ കോവിലകത്തേക്കാണ്. പന്തിരുകുലത്തിലെ വീരനായ വടുതല നായർ വളർന്നത് ഇവിടെയാണെന്നാണ് ഐതിഹ്യം. എന്നാൽ ഇന്ന് ആ പ്രൗഢിയുള്ള കൊട്ടാരം കാടുപിടിച്ച്, മേൽക്കൂര തകർന്ന് നശിച്ചുകൊണ്ടിരിക്കുന്ന കാഴ്ച വല്ലാത്തൊരു സങ്കടമുണ്ടാക്കി.

3. രായിരനെല്ലൂർ മല
നാറാണത്ത് ഭ്രാന്തൻ കല്ലുരുട്ടി കയറ്റിയ രായിരനെല്ലൂർ മലയുടെ താഴെയെത്തിയപ്പോൾ കളി മാറി. ഇടുങ്ങി കുത്തനെയുള്ള കുന്നിൻചെരിവിലൂടെ എന്റെ കിയ കാർണിവൽ മുകളിലെ കവാടം വരെ ഓടിച്ചു കയറ്റിയത് യഥാർത്ഥ അഡ്വഞ്ചറായിരുന്നു!

അവിടെ പാർക്കിംഗ് സൗകര്യമോ വണ്ടി തിരിക്കാൻ സ്ഥലമോ ഇല്ലായിരുന്നു. ഒരു വീട്ടുപറമ്പിൽ കയറ്റിയാണ് കഷ്ടിച്ച് തിരിച്ചത്. പിന്നെ നാറാണത്ത് ഭ്രാന്തൻ പാറ താഴേക്ക് ഉരുട്ടി വിട്ടതുപോലെ, ഇടുങ്ങിയ വഴിയിലൂടെ ഞാനും വണ്ടി ഉരുട്ടി താഴെ മെയിൻറോഡിലേക്ക് ഇറക്കി.

4. മേഴത്തൂർ വേമഞ്ചേരി മന
യാത്രയിൽ ഏറ്റവും ആത്മീയ ചൈതന്യം അനുഭവിച്ച ഇടം മേഴത്തൂർ വേമഞ്ചേരി മനയായിരുന്നു. ഈയിടെ കാർബൺ ഡേറ്റിംഗ് വഴി 1400 വർഷത്തോളം പഴക്കമുണ്ടെന്നു കണ്ടെത്തിയ ആ മനയുടെ തടിത്തൂണുകൾക്കരികിൽ നിൽക്കുമ്പോൾ വേറിട്ടൊരു ഊർജ്ജം അനുഭവിച്ചു. വായില്ലാക്കുന്നിലപ്പൻ ഒഴികെ ജാതിഭേദമന്യേ 11 സഹോദരങ്ങളും പിതാവിന്റെ ശ്രാദ്ധത്തിന് ഒത്തുചേർന്നിരുന്ന അതേ മുറ്റത്താണ് ഞാൻ നിൽക്കുന്നത്!

(ഇവിടുത്തെ ഫോട്ടോ മക്കളുടെ വാട്സാപ്പ് ഗ്രൂപ്പിലിട്ടപ്പോൾ മകൻ തമാശയായി ചോദിച്ചു: "അവിടുന്ന് കോവയ്ക്ക വല്ലതും കിട്ടിയോ?" എന്ന്.

ശ്രാദ്ധത്തിന് പാക്കനാർ ഒരു ചത്ത പശുവിന്റെ അകിടുമായി വന്നതും, അന്തർജനം അതു കുഴിച്ചിട്ടതും, കുഴിച്ചിട്ട സ്ഥലത്ത് കോവയ്ക്ക മുളച്ചതും പിന്നീട് ശ്രാദ്ധത്തിന് കോവയ്ക്ക ഉപ്പേരി പതിവായതുമായ കഥ എല്ലാവരും രസത്തോടെ കേട്ടിരുന്നു).

5. വായില്യാംകുന്ന്
"ജനിക്കുന്ന കുഞ്ഞിന് വായുണ്ടെങ്കിൽ വാ കീറിയ ദൈവം ഇരയും നൽകും" എന്ന് പറഞ്ഞാണ് വരരുചി കുഞ്ഞുങ്ങളെ ഉപേക്ഷിച്ചിരുന്നത്. എന്നാൽ പന്ത്രണ്ടാമത്തെ കുഞ്ഞ് ജനിച്ചപ്പോൾ ഒരു കുഞ്ഞിനെയെങ്കിലും താലോലിക്കാൻ കൊതിച്ച പഞ്ചമി "കുഞ്ഞിന് വായില്ല" എന്ന് പറഞ്ഞു. ഭർത്താവിന്റെ മുന്നിൽ ഭാര്യയുടെ വാക്ക് അസത്യമാകരുതെന്ന പ്രപഞ്ച നിശ്ചയം കൊണ്ടാകാം, വരരുചി നോക്കുമ്പോൾ കുട്ടിക്ക് ശരിക്കും വായ ഇല്ലായിരുന്നു.

ആ പന്ത്രണ്ടാമത്തെ കുഞ്ഞിനെ വരരുചി പ്രതിഷ്ഠിച്ച കടമ്പഴിപ്പുറത്തെ വായില്യാംകുന്നിലാണ് ഈ അസാധാരണ യാത്ര അവസാനിച്ചത്.

വഴിയരികിലെ കാഴ്ചകളും ഡ്രൈവിംഗ് ത്രില്ലും 25 വർഷങ്ങൾക്ക് ശേഷമുള്ള ആ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തിയതുമെല്ലാം ചേർന്ന് ഈ ദിവസം എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നായി മാറി.

വിജ്ഞാനത്തിന്റെയും ജ്ഞാനത്തിന്റെയും കൊടുമുടിയിലായിരുന്ന ഗോവിന്ദസ്വാമിയുടെയും വരരുചിയുടെയും വംശവഴിയിൽ, അത്രമേൽ ബുദ്ധിമതിയായ ഒരു സ്ത്രീയിലൂടെ പിറവിയെടുത്ത പ്രതിഭാശാലികളായ ആ കുഞ്ഞുങ്ങളെ ജാതിഭേദമന്യേ സമൂഹത്തിലെ വിവിധ തട്ടുകളിലേക്ക് മാറ്റിവളർത്തിയപ്പോൾ, വരരുചി ലക്‌ഷ്യമിട്ടത് ഒരുപക്ഷേ ചരിത്രത്തിലെ തന്നെ ഏറ്റവും നിശ്ശബ്ദമായ ഒരു സാമൂഹിക വിപ്ലവമായിരുന്നിരിക്കാം. 

(A Cosmic Strategic Revolution). 

അറിവും ആയോധനകലയും തച്ചുശാസ്ത്രവും സർഗ്ഗാത്മകതയും ഒരു പ്രത്യേക വിഭാഗത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ, അക്കാലത്തെ എല്ലാ സമുദായങ്ങളിലേക്കും പടർന്നുപന്തലിക്കാനും, വ്യത്യസ്ത തൊഴിൽമേഖലകളിലുള്ളവർക്കിടയിൽ അടിയുറച്ച ഒരു സാഹോദര്യബന്ധം കെട്ടിപ്പടുക്കാനും ആ പ്രപഞ്ച നിയോഗം കാരണമായി. ഐതിഹ്യവും യാഥാർത്ഥ്യവും സമന്വയിക്കുന്ന ഈ പന്തിരുകുലത്തിന്റെ വഴികളിലൂടെ യാത്ര ചെയ്തു മടങ്ങുമ്പോൾ, മനുഷ്യരെയെല്ലാം ഒന്നിച്ചു നിർത്താൻ പരിശ്രമിച്ച ഒരു മഹത്തായ കാഴ്ചപ്പാടിന്റെ ഓർമ്മപ്പെടുത്തൽ കൂടിയായി ഈ യാത്ര എന്റെ മനസ്സിൽ എക്കാലവും ശേഷിക്കും.

ഓർമ്മയിൽ തെളിയുന്ന മറ്റു സഹോദരങ്ങൾ -
ഈ യാത്രയിൽ അഞ്ച് പേരുടെ പാദമുദ്രകൾ പതിഞ്ഞ ഇടങ്ങൾ മാത്രമാണ് എനിക്ക് സന്ദർശിക്കാൻ കഴിഞ്ഞതെങ്കിലും, പന്തിരുകുലത്തിലെ മറ്റു സഹോദരന്മാരുടെ ഓർമ്മകളും എന്റെ മനസ്സിലൂടെ കടന്നുപോയി:

പാക്കനാർ (ഈരങ്ങാട്ടിരി - തൃശ്ശൂർ/പാലക്കാട് അതിർത്തി):  മുള ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിൽ അതിനിപുണനും, ലളിത ജീവിതത്തിലൂടെയും തത്ത്വചിന്താപരമായ ഫലിതങ്ങളിലൂടെയും ലോകസത്യങ്ങൾ വിളിച്ചുപറഞ്ഞ മഹാജ്ഞാനി.

അകവൂർ ചാത്തൻ (അകവൂർ മന - ചൗവര, ആലുവ):  മാന്ത്രിക സിദ്ധികളും അപാരമായ ശരീരശക്തിയുമുള്ള സഹായി. ഭക്തി എന്നാൽ ആഡംബരമല്ല, ലളിതമായ സമർപ്പണമാണെന്ന് അകവൂർ മനയിലെ നമ്പൂതിരിയെ പഠിപ്പിച്ച പണ്ഡിതൻ.

കാരയ്ക്കലമ്മ (കാരയ്ക്കൽ - തൃപ്രയാർ/തൃത്താല):  പന്തിരുകുലത്തിലെ ഒരേയൊരു പെൺതരി. കാർത്യായനി ദേവിയുടെ അംശമായി ആരാധിക്കപ്പെടുന്ന ഭക്തിയുടെയും മാതൃത്വത്തിന്റെയും പ്രതീകം.

ഉപ്പുകൂറ്റൻ (തൃത്താല/പൊന്നാനി ഭാഗം): കഴിക്കുന്ന ഭക്ഷണത്തിൽ ഉപ്പുകൂടുതൽ ചേർത്തുകൊണ്ട് ജ്ഞാനവും സാത്വികതയും ജീവിതത്തിൽ പുലർത്തിയ വേറിട്ടൊരു വ്യക്തിത്വം.

പാണനാർ (തൃത്താല):  തമിഴ് സംഗീതത്തിലും പാണൻ പാട്ടുകളിലും അതിനിപുണനായ സംഗീതജ്ഞൻ. യാഴിലും(ഒരുതരം വീണ), പാട്ടിലും ഈശ്വരചൈതന്യം കണ്ടെത്തിയ കലാകാരൻ.

രജകൻ (പെരുമാനം - തൃശ്ശൂർ):  വസ്ത്രങ്ങൾ അഴുക്കുകളഞ്ഞ് വെളുപ്പിക്കുന്നതുപോലെ മനസ്സിന്റെ അഴുക്കുകൾ കഴുകിക്കളയാൻ ഉപദേശിച്ച കഴുകുകാരനായ (അലക്കുകാരൻ) സഹോദരൻ.

വള്ളോൻ / തിരുവള്ളുവർ:  തയ്യൽ പണികളിലും കൈത്തൊഴിലുകളിലും വസ്ത്രനിർമ്മാണത്തിലും അറിവുള്ള സമർത്ഥൻ (ചില ഐതിഹ്യങ്ങളിൽ പ്രശസ്തമായ 'തിരുക്കുറൾ' രചിച്ച തിരുവള്ളുവരുമായി ഇദ്ദേഹത്തെ ബന്ധപ്പെടുത്താറുണ്ട്).

അടുത്തൊരു യാത്ര ഇവിടങ്ങളിലേക്കും ഞാൻ നടത്താനിടയുണ്ട്.

സസ്നേഹം, ജോർജ്ജ് കാടങ്കാവിൽ

Share this Story