മാറുന്ന കാലവും മാറാത്തതും

ചെറുപ്പത്തിൽ കേട്ടയൊരു കഥയാണട്ടോ. ഒരു സ്വാമിയുടെ ആശ്രമത്തിലെ പൂച്ച പൂജയ്ക്ക് വൻ ശല്യമായപ്പോ പുള്ളി അതിനെ പൂജാസമയത്ത് പുറത്തു കെട്ടിയിട്ടു. കാലം കുറച്ചു കഴിഞ്ഞു സ്വാമിയും പൂച്ചയും മരിച്ചെങ്കിലും, പൂച്ചയെ കെട്ടിയിട്ടാലേ പൂജ ഭംഗിയാകൂ എന്ന് വിശ്വസിച്ച് ആശ്രമവാസികൾ പുതിയൊരു പൂച്ചയെ വാങ്ങി കെട്ടിയിടാൻ തുടങ്ങി.

അന്ധമായ ആചാരങ്ങൾക്കെതിരെയുള്ള കഥയാണെങ്കിലും ഞാൻ ചോദിക്കുന്നത്, സ്വാമി മരിച്ചയുടനെ പൂച്ചയെ കെട്ടിയിടുന്നത് നിർത്തിയിരുന്നെങ്കിൽ പൂജ ഭംഗിയാകുമായിരുന്നോ? ഇല്ലാത്ത പൂച്ചയെ മേടിച്ചു കെട്ടേണ്ട, ശരി; പക്ഷെ വീട്ടിൽ പൂച്ചയുണ്ടേൽ അതു ശല്യം ചെയ്യാതിരിക്കാൻ അതിനെ കെട്ടിയിടേണ്ടേ?

ഇവിടെ രണ്ടു കൂട്ടർക്കും തെറ്റിയിട്ടുണ്ട്. സ്വാമി ഒറ്റ വാക്കിൽ മറുപടി നിർത്താതെ എന്തുകൊണ്ട് ചെയ്തു എന്ന് വിശദീകരിക്കണമായിരുന്നു. ശിഷ്യന്മാർ ഉത്തരം മനസ്സിലാകുന്നതുവരെ ചോദ്യങ്ങൾ ചോദിക്കണമായിരുന്നു. ഇല്ലാത്ത പൂച്ചയെ മേടിച്ചു കെട്ടുന്നവരെ വിമർശിക്കാൻ പതിനായിരം ആളുണ്ട്. എന്നാൽ ഞാൻ അടങ്ങുന്ന തലമുറ വീട്ടിൽ പൂച്ചയുണ്ടായിട്ടും, ആചാരങ്ങളെല്ലാം പൊട്ടത്തരമാണെന്ന് പറഞ്ഞു അതിനെ കെട്ടിയിടാതിരിക്കുന്നതാണ് പ്രശ്‌നം. മൂലകാരണം, എന്തിനാണ് പൂച്ചയെ കെട്ടിയിട്ടതെന്ന് നമുക്ക് ആരും പറഞ്ഞുതന്നില്ല; ചോദിച്ചപ്പോഴൊക്കെ ഉടായിപ്പ് മറുപടിയും കിട്ടി.

കഥയിൽ മൂന്നു തലമുറയുണ്ട്. ഒന്ന്: സ്വാമിയുടെ തലമുറ. രണ്ട്: സ്വാമി മരിച്ചപ്പോൾ കയ്യിലുള്ള പൂച്ചയെ കെട്ടിയിട്ട തലമുറ. മൂന്ന്: ഇല്ലാത്ത പൂച്ചയെ മേടിച്ചു കൊണ്ടുവന്ന തലമുറ. ഇനി കഥയിലില്ലാത്ത, എന്നാൽ കഥ വായിക്കുന്ന നാലാമത്തെ തലമുറയാണ് നമ്മൾ. നമുക്ക് പൂച്ചയെ കെട്ടിയിടുന്നത് കോമഡിയാണ്, കാരണം തൊട്ടുമുൻപുള്ള തലമുറയ്ക്ക് ഇതിന്റെ കാര്യമറിയില്ലായിരുന്നു, അവർ നമുക്ക് പറഞ്ഞുതന്നിട്ടുമില്ല.

ഇങ്ങനെയുള്ള തലമുറതോറുമുള്ള മാറ്റങ്ങൾ പല വിശ്വവിഖ്യാത ബുദ്ധിജീവികളും പഠനവിധേയമാക്കിയിട്ടുണ്ടത്രെ! സാമ്പത്തികശാസ്ത്രത്തിലെ തലമുറകളുടെ മാറ്റങ്ങൾ പഠിച്ചയൊരു ബുദ്ധിജീവിയാണ് റെയ് ഡാലിയോ. ഈ മാറ്റങ്ങൾ പഠനവിധേയമാക്കി, അത് പ്രാവർത്തികമാക്കി കോടികൾ ഉണ്ടാക്കി റിച്ചീ റിച്ചായ പുള്ളി ഇക്കണോമിക് സൈക്കിൾസിനെ പറ്റി പറഞ്ഞിരിക്കുന്നത് നോക്കാം.

ഡാലിയോയുടെ കണക്കുകൂട്ടൽ പ്രകാരം, തലമുറകൾ വരുത്തുന്ന ചെറിയ ചെറിയ ഉയർച്ചകളും താഴ്ചകളും (Short-term cycles) കൂടിച്ചേർന്നാണ് വലിയ വലിയ ഉയർച്ചകളും താഴ്‌ചകളും (Long term cycles) ഉണ്ടാകുന്നത്. ഇത്തരം വലിയ താഴ്‌ചകൾ ലോകത്തെത്തന്നെ മാറ്റിമറിക്കുകയും, പിന്നീട് വലിയ ഉയർച്ചകൾക്ക് കാരണമാകുകയും ചെയ്യും. അങ്ങനത്തെ വലിയൊരു മാറ്റത്തെയാണ് പുള്ളി ചിത്രത്തിൽ ഭൂതക്കണ്ണാടി വച്ചുനോക്കുന്നത്.

ഇങ്ങനെയുള്ള വലിയ മാറ്റങ്ങൾ പൊതുവേ വലിയ യുദ്ധങ്ങളാണ്. അമേരിക്കയെ ലോകനേതാവാക്കിയ ഇരുപതാം നൂറ്റാണ്ടിലെ ലോകമഹായുദ്ധങ്ങളും, ഇംഗ്ലണ്ടിനെ മുൻപിലെത്തിച്ച പതിനെട്ടാം നൂറ്റാണ്ടിലെ യുദ്ധങ്ങളും ഇതിന് ഉദാഹരണമാണ്. ഇത്തരം യുദ്ധങ്ങൾ നൂറ്റാണ്ടിലൊരിക്കൽ മാത്രം നടക്കുന്നതുകൊണ്ട് നമ്മൾ അധികം ശ്രദ്ധിക്കാറില്ലെന്നേയുള്ളൂ, പക്ഷെ ഇതൊരു തുടർച്ചയാണ്. പിന്നെയും പിന്നെയും ആവർത്തിക്കുന്ന ഈ കഥ എന്നും ക്ലാസ് ആണ് ക്ലാസിക് ആണ്. ആ ക്ലാസിക് തിരക്കഥ ദേ ഇങ്ങനെയാണ്:

  •     എപ്പോഴും ലോകത്ത് ഒരു നേതാവ് (സാമ്രാജ്യം) ഉണ്ടാകും.
  •     അപ്പോളായിരിക്കും അവരെക്കാൾ നന്നായി പണിയടുത്തു മറ്റൊരു ജനത സ്വഭാവികമായും മുന്നിലെത്തുന്നത്.
  •     ഇത് പഴയ നേതാവും പുതിയ ആളും തമ്മിലുള്ള അടിയിലേക്ക് നയിക്കുന്നു; അടിയിൽ നേതാവിന് അടിതെറ്റുന്നു.
  •     പണിയെടുത്ത ജനത പുതിയ നേതാവാകുന്നു.
  •     നേതാവാകുമ്പോഴാണ് പുള്ളികൾക്ക് മനസ്സിലാകുന്നത് കൊറച്ചൊക്കെ തരികിട കാണിച്ചാലും കുഴപ്പമില്ലെന്ന്.
  •     അങ്ങനെ പുതിയ നേതാവ് തരികിട കാണിച്ച് നടക്കുമ്പോ, മര്യാദയ്ക്ക് പണിയെടുത്തു വരുന്ന വേറൊരു ജനത അവരെയും മറികടന്നു മുന്നിലെത്തുന്നു. (ശുഭം!)

നമ്മടെ ആദ്യത്തെ കഥയിലെപ്പോലെ തന്നെ ഇതെല്ലാം പല തലമുറകളായാണ് അരങ്ങേറുന്നത്. മരിച്ചു പണിയെടുക്കുന്ന തലമുറയ്ക്കല്ല നേതാവാകാൻ യോഗം കിട്ടുന്നത്. അടുത്ത തലമുറയാകട്ടെ ചെറിയ ഉടായിപ്പല്ല, വൻ ലോക ഉടായിപ്പുകളാണ് കാട്ടിക്കൂട്ടുന്നത്. ഇതിന്റെയൊക്കെ കണക്കു പറയേണ്ടി വരുന്നത് മിക്കവാറും അതിന്റെയും അടുത്ത തലമുറയാകും. അപ്പോഴേക്ക് രാജ്യം ക്ഷയിച്ചു തുടങ്ങുന്നതുകൊണ്ട് ചുറ്റുമുള്ളവർക്ക് പഴയ പേടി കാണില്ല, അതുകൊണ്ട് ഉടായിപ്പുകളെല്ലാം താഴെവയ്ക്കാതെ അവർക്ക് നിവർത്തിയില്ല.

അങ്ങനെ ക്ഷയിച്ചുപോയ സൂര്യനസ്‌തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം അവസാനം കടം മേടിച്ചത് ആരുടെ കയ്യിൽ നിന്നാണെന്നു അറിയാമോ? ഇന്ത്യ!! നമ്മുടെ സ്വന്തം ഇന്ത്യ!! പട്ടിണി പാവങ്ങളുടെ ഇന്ത്യ! അത് മനസ്സിലാക്കാൻ സെൻസ് വേണം, സെൻസിബിലിറ്റി വേണം, സെൻസിറ്റിവിറ്റി വേണം!

യുദ്ധകടം തിരിച്ചു ചോദിച്ചപ്പോ ഇവിടെ ഇട്ടിട്ടു പോയ റെയിൽവേ ട്രാക്ക് ഒക്കെ തൂക്കി നമുക്ക് തന്നെ വിറ്റു ബുദ്ധിമാന്മാർ. എന്നിട്ടും പോരാതെവന്നപ്പോ ബ്രിട്ടീഷ് പൗണ്ടിന്റെ വില അങ്ങ് കുറച്ചു. കാരണം ലോകത്ത് എല്ലാവർക്കും അവർ കാശ് കൊടുക്കാനുണ്ടായിരുന്നു. പൗണ്ടിന്റെ വില കുറച്ചപ്പോ അവർക്കു പറയാം, “ദേ 100 പൗണ്ട് മേടിച്ചു, 100 പൗണ്ട് തിരിച്ചും തന്നു, അപ്പൊ സലാം'. അതായത്, നമ്മൾ കൊടുത്ത 100 പൗണ്ടിന് 100 രൂപ മൂല്യമുണ്ടായിരുന്നെങ്കിൽ, തിരിച്ചുകിട്ടിയപ്പോ അതിന് 70 രൂപ മൂല്യമേ ഉണ്ടായിരുന്നുള്ളൂ എന്ന് സാരം.

അതൊക്കെ പോട്ടെ, നേതാവായ രാജ്യങ്ങൾ കാണിക്കുന്ന ചില സ്ഥിരം ഉടായിപ്പുകളുണ്ട്. നിലവിലെ നേതാവായ അമേരിക്കയിലേക്ക് നോക്കിയാൽ ഈ വക തരികിടകളൊക്കെ അവർ ചെയ്യുന്നുണ്ടെന്ന് വ്യക്തമാണ്. അവരുടെ നേതാവുസ്ഥാനം എന്ന് തെറിക്കുമെന്ന് ഉറപ്പില്ലെങ്കിലും, ഏതാണ്ട് സമയമായിട്ടുണ്ടെന്നത് സാമ്പത്തികശാസ്ത്രജ്ഞന്മാർക്കിടയിലെ പരസ്യമായ രഹസ്യമാണ്. അതെങ്ങനെ സംഭവിക്കുമെന്നു ഈയുള്ളവന് ഉള്ള അഭിപ്രായം വെറും ഊഹാപോഹമായതുകൊണ്ട് നമ്മക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞ കാലഘട്ടത്തിലേക്ക് നോക്കാം.

ഡച്ചുകാരെയും സ്പെയിനിനെയും ഫ്രാൻസിനെയും തോൽപിച്ച് ബ്രിട്ടീഷുകാര് ലീഡറായ 18-ആം നൂറ്റാണ്ടിന്റെ കഥയും ഏറെകുറെ ഇതൊക്കെ തന്നെ ആണ്. 20-ആം നൂറ്റാണ്ടിലെ ലോകമഹായുദ്ധങ്ങളുടെ വക്കും മൂലയുമൊക്കെ എല്ലാവർക്കും അറിയാമെന്നുള്ളത് കൊണ്ടുതന്നെ നമ്മക്ക് ഈ പറഞ്ഞ തിരക്കഥ അവിടെ അരങ്ങേറിയത് എങ്ങനെയെന്ന് നോക്കാം.

18-ആം നൂറ്റാണ്ടിന്റെ അവസാനമാകുന്നതിനുമുന്നേ ഡച്ചുകാരായിരുന്നു ലോകനേതാക്കൾ. അന്ന് പണിയെടുത്തു ജീവിച്ചിരുന്ന ജനതയായിരുന്നു നമ്മടെ ബ്രിട്ടീഷുകാര്. അന്ന് നേതാവായിരുന്നവരെക്കാൾ നന്നായി പണിയെടുക്കാനും നല്ല നല്ല യന്ത്രങ്ങൾ കണ്ടുപിടിച്ചും വ്യവസായവിപ്ലവത്തിന് തുടക്കം കുറിച്ചു. ആവിയന്ത്രം കൂടെ കണ്ടുപിടിച്ചപ്പോൾ പിന്നെ അവരെ തടഞ്ഞു നിർത്താനാകില്ലായിരുന്നു. പിന്നെ അവര് അവരുടെ ലോകപ്രസിദ്ധമായ കപ്പൽയാത്രകളാരംഭിച്ചു തരികിടകൾ തുടങ്ങി. ഈ രണ്ടു പരിപാടിയും വളരെ വിജയകരമായതോടെ ആ രാജ്യത്തെ എല്ലാവർക്കും ഇഷ്ടംപോലെ ക്യാഷ് ആയി, 19-ആം നൂറ്റാണ്ടോടെ ലോകത്തിന്റെ നേതാവായി, ആർക്കും തടുക്കാനാവാത്ത സൈന്യങ്ങളായി. തടുക്കാനാകാത്ത സൈന്യംകൂടെ ആയപ്പോ ചെറിയ ചെറിയ തരികിടകൾ വല്യ വല്യ തരികിടകൾ ആയി.

പക്ഷെ ചുമ്മാ ക്യാഷ് കയ്യിൽ വന്നപ്പോ രാജ്യത്തുള്ളവർ മേലനങ്ങി പണിഎടുക്കണമെങ്കിൽ ഒത്തിരി ക്യാഷ് കിട്ടണം എന്നായി. പോരാത്തതിന് കടംമേടിച്ചു ചിലവ് ചെയ്യാനും തുടങ്ങി. കടം കൊടുക്കാനും ആൾക്കാർ ഇഷ്ട്ടംപോലെയുണ്ട്, നേതാവാണല്ലോ! അങ്ങനെ അങ്ങനെ ഒരു ഫാക്ടറി തുടങ്ങാനിരിക്കുന്ന കമ്പനിക്ക്, അന്ന് ഉയർന്നുവരുന്ന രാജ്യങ്ങളായിരുന്ന അമേരിക്കയിലും ജർമനിയിലും ഫാക്ടറിയിട്ടാൽ, ബ്രിട്ടനിൽ വരുന്ന ചിലവിന്റെ പകുതിയുടെ പകുതി ചിലവേ വരുന്നുള്ളൂയെന്ന അവസ്ഥയായി. നിക്ഷേപങ്ങൾ സ്വാഭാവികമായും ഈ രണ്ടു രാജ്യങ്ങളിലേക്കും കൂടുതലായി ഒഴുകാൻ തുടങ്ങി.

ബാക്കി കാര്യങ്ങൾ എങ്ങനെയൊക്കെയാണെങ്കിലും, നന്നായി പണിയെടുക്കേണ്ട ജർമ്മനിക്ക് അന്നത്തെ നേതാവായ ബ്രിട്ടനെ വെല്ലുവിളിക്കാൻ കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം. പണിയെടുത്തു മുന്നിലെത്തുമ്പോൾ അടിയുണ്ടാക്കി നേതാവാകുക എന്നത് ലോകനിയമമാണല്ലോ. നടന്നത് അടി എന്ന് പറഞ്ഞപോരാ യുദ്ധം!! യുദ്ധമെന്നു പറഞ്ഞാലും പോരാ ലോകമഹായുദ്ധം എന്ന് വേണമെങ്കിൽ പറയാം. (കാര്യം ഈയുള്ളവന്റെ ബെത്‌ലഹേം പ്രൊഫൈലിൽ അഡ്രസ്സ് ഉണ്ട്. എന്ന് കരുതി കോമഡി സഹിക്കാൻപറ്റാത്തോണ്ട് വീട്ടിൽ വന്നു തല്ലരുതേ)

നിക്ഷേപങ്ങളൊക്കെ അമേരിക്കയിലേക്കും ജർമനിയിലേക്കും ഒഴുകി സാമ്പത്തിക വ്യവസ്ഥ ഒരു നൂലിന്മേൽക്കളി ആയിരിക്കുന്ന സമയത്താണ് ഈ ലോകമഹായുദ്ധം 1, ലോകമഹായുദ്ധം 2 എന്നിങ്ങനെയുള്ള വള്ളി മുഴുവൻ പിടിച്ചോണ്ട് 20-ആം നൂറ്റാണ്ട് കടന്നുവരുന്നത് എന്നോർക്കണം. ബ്രിട്ടനും സഖ്യകക്ഷികൾക്കും യുദ്ധം നടത്താനായി ആയുധങ്ങൾ നിർമിക്കാൻ അമേരിക്കക്കാർ ഫാക്ടറികൾ തുറന്നു മേലനങ്ങി പണിയെടുത്തു. സ്വന്തം ജിഡിപിയുടെ രണ്ടിരട്ടിയോളം കടംമേടിച്ചു ബ്രിട്ടൺ ആയുധങ്ങൾ മേടിക്കുകയും യുദ്ധം ജയിക്കുകയും ചെയ്‌തു. യുദ്ധം ജയിച്ചെങ്കിലും ലോകം മുഴുവൻ നിയന്ത്രിച്ച നാവികപ്പടയും സാമ്പത്തികവ്യവസ്ഥയും നാമാവശേഷമായി.. അടക്കിഭരിച്ചിരുന്ന കോളനികൾ കൈവെള്ളയിൽ ഒതുങ്ങാതായപ്പോ ആദ്യത്തെ അടി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പൊൻതൂവലായിരുന്ന അഖണ്ഡ ഭാരതത്തിൽ നിന്ന് തന്നെ കിട്ടി; ഇന്ത്യയും പാകിസ്‌താനും നഷ്ടപ്പെട്ടു.

അപ്പൊ നമ്മൾ വിചാരിക്കും ഇത്രയൊക്കെ ആയപ്പോ ഇവർ ഒതുങ്ങിക്കാണുമെന്ന്. ഇല്ല സുഹൃത്തുക്കളെ! ഫ്രാൻസിന്റെ കൂടെച്ചേർന്ന് ഈജിപ്തിലെ സൂയസ് കനാൽ പിടിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു നമ്മുടെ നേതാവ്.

അമേരിക്കക്കാർ ഈ പദ്ധതിയറിഞ്ഞാൽ തടയിടും. യുദ്ധത്തിൽ ആയുധങ്ങൾ വിറ്റ് ക്യാഷുണ്ടാക്കിയ പുത്തൻപണക്കാരായ അമേരിക്കക്കാരോട് ഈ പദ്ധതിയൊന്നും പറയേണ്ട ആവശ്യമില്ലെന്ന് ബ്രിട്ടന് തോന്നി. അങ്ങനെ സോവിയറ്റ് യൂണിയനുമായി ശീതയുദ്ധം നടത്തുന്ന അമേരിക്കയെ ശല്യം ചെയ്യാതെ അവർ കരുക്കൾ നീക്കി: ആദ്യം ഇസ്രയേലിനെക്കൊണ്ട് ഈജിപ്തിനെ ആക്രമിപ്പിക്കുക, എന്നിട്ട് സമാധാനം പുനഃസ്ഥാപിക്കാൻ സൈന്യവുമായി കയറിച്ചെന്ന് സൂയസ് കനാൽ പിടിച്ചെടുക്കുക! മനോഹരമായ പ്ലാൻ, പക്ഷെ ഒന്നുരണ്ടു പാളിച്ചകൾ പറ്റി.

  1.  പ്ലാനല്ലേ അമേരിക്കയറിയാതെ നോക്കാൻ പറ്റൂ; യുദ്ധം അറിയാതെ നോക്കാൻ പറ്റില്ലല്ലോ. കാര്യങ്ങളറിഞ്ഞപ്പോ അമേരിക്കൻ പ്രസിഡന്റ് ഐസൻഹോവറിന് ഹാലിളകി. ബ്രിട്ടൻ പിന്മാറിയില്ലെങ്കിൽ കടവും കറൻസിയും വച്ച് അവരുടെ സമ്പദ്വ്യവസ്ഥ തകർക്കുമെന്ന് പുള്ളി ഭീഷണിപ്പെടുത്തി, പതുക്കെ കളി തുടങ്ങുകയും ചെയ്തു‌.
  2. വന്ന വഴി പോയില്ലെങ്കിൽ ലണ്ടനിലും പാരിസിലും ആറ്റം ബോംബിടുമെന്ന് സോവിയറ്റ് യൂണിയൻ!


അങ്ങനെയതാ കൂടെവന്ന ഫ്രാൻസിനോട് പോലും പറയാതെ ബ്രിട്ടൻ മുങ്ങി! അതോടുകൂടി പാണ്ടൻ നായയുടെ പല്ലിനു ശൗര്യം പോരെന്നു എല്ലാവർക്കും മനസ്സിലായി. ആഫ്രിക്കയിലെയും അറബിനാടുകളിലെയും കോളനികൾ കൈവിട്ടുപോയി; നാട്ടിലെ ബാങ്കുകളും ബിസിനസ്സുകളും മുന്നോട്ട് പോവില്ലെന്ന അവസ്ഥയായി.

'നീ കഴുകനെപ്പോലെ ഉയരത്തിൽ പറന്നാലും നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവെച്ചാലും ഞാൻ അവിടെനിന്ന് നിന്നെ ഇറക്കും' എന്ന് പറഞ്ഞവന്റെ പേരിൽ നമസ്കാരം! തരികിട കാണിച്ചില്ലെങ്കിൽ ബ്രിട്ടൻ എത്തിയ ഉയരങ്ങളിൽ എത്തില്ലായിരിക്കാം, എന്നാൽ ആ ഉയർച്ചയുടെ അവസാനം ഈ കാണുന്നത് തന്നെയാണ്.

ഇത്രയും ഉയർച്ചയും താഴ്‌ചയും അനുഭവിക്കാത്ത എത്രയോ രാജ്യങ്ങൾ ഇന്ന് ബ്രിട്ടനേക്കാൾ ഉയരത്തിലുണ്ട്. പണിയെടുത്തു കാശുണ്ടാക്കുക, അതിനനുസരിച്ച് മാത്രം കടമെടുക്കുക എന്നത് മാറാത്ത പാഠമാണ്. ടെക്നോളജി മാറിയതുകൊണ്ട് കടമല്ലാതാകുന്നില്ല. 21-ആം നൂറ്റാണ്ടിൽ ക്രെഡിറ്റ് കാർഡും പേഴ്‌സണൽ ലോണും കിട്ടാനുണ്ടെന്നു കരുതി, 19-ആം നൂറ്റാണ്ടിൽ ബ്രിട്ടൻ മേടിച്ച കടത്തിൽ നിന്ന് അതിന് വ്യത്യാസമില്ല. ഫോണിലെ ബെറ്റിങ് ആപ്പിൽ കളിച്ചതുകൊണ്ട് ചൂതാട്ടം ചൂതാട്ടമല്ലാതാകുന്നില്ല. വരവിൽ കുറച്ചു ചിലവ് ചെയ്യുക; അതല്ലാത്ത ഉയർച്ച നമുക്ക് വേണ്ടെന്ന് വെക്കാൻ സാധിക്കണം.

പാഠങ്ങൾ സ്വന്തം അനുഭവത്തിൽ നിന്നേ പഠിക്കൂ എന്ന് വാശിപിടിച്ചാൽ അനുഭവിച്ചുതന്നെ അറിയേണ്ടി വരും. നമ്മുടെ ആദ്യത്തെ കഥയിലെ സ്വാമി പൂച്ചയെ കെട്ടിയിടാൻ പഠിച്ചതും പല പൂജകൾക്കും ഫലമില്ലാതെ വന്ന സ്വന്തം അനുഭവത്തിൽ നിന്നാണ്.

നമ്മുടെ പൂജകൾ ഫലമില്ലാതെ പോകാതിരിക്കട്ടെ. അതുകൊണ്ട്, പാഠങ്ങൾ പുതിയ ജനറേഷന് പറഞ്ഞുതരുമ്പോൾ ഉടായിപ്പ് പറയാതെ, വീട്ടിൽ പൂച്ചയുണ്ടെങ്കിൽ പൂജയ്ക്ക് മുന്നേ കെട്ടിയിടണമെന്ന് അതിന്റെ കാരണങ്ങൾ സഹിതം വ്യക്തമായി പറഞ്ഞുതരിക. പറയുന്നവരെ 'ഓൾഡ് ജനറേഷൻ' എന്ന് മുദ്ര കുത്താതെ കേൾക്കാൻ നമ്മളും ശ്രമിക്കുക; അവർക്ക് പോലും വ്യക്തതയില്ലെങ്കിലും പറയുന്നതിൽ കാര്യമുണ്ടാകും. അതുപോലെ, ഇല്ലാത്ത പൂച്ചയെ പൂജയ്ക്ക് വേണ്ടി മേടിച്ചുകൊണ്ടുവരാൻ 'ന്യൂ ജനറേഷനെ' നിർബന്ധിക്കാതിരിക്കുകയും ചെയ്യാം. വീണ്ടും കാണും വരെ വണക്കം!

Share this Story