വയോജന സംരക്ഷണവും യുവജന ശാക്തീകരണവും:

An Academic Incentive Proposal

Part - I

ആമുഖം (Introduction)

ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വെല്ലുവിളികളിൽ ഒന്ന് വയോജനങ്ങളുടെ ഒറ്റപ്പെടലാണ്. നമ്മുടെ യുവതലമുറ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വൻതോതിൽ വിദേശത്തേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ 'വയോജന പരിചരണം' (Geriatric Care) എന്നത് കേവലം ഒരു ആരോഗ്യപ്രശ്നം മാത്രമല്ല, വരുംതലമുറകളുടെ നിലനിൽപ്പിനെയും സാമൂഹിക സുരക്ഷിതത്വത്തെയും ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമാണ്.

എന്നാൽ ഈ അവസ്ഥയെ ഒരു പ്രതിസന്ധിയായി മാത്രം കാണാതെ, ഇതിലൊളിഞ്ഞിരിക്കുന്ന വലിയൊരു അവസരത്തെ തിരിച്ചറിയാനാണ് നാം ശ്രമിക്കേണ്ടത്. നമ്മുടെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര തലത്തിൽ വരെ വയോജന പരിചരണ മേഖലയിലുള്ള (Care Economy) തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്താനും, അവരിൽ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളർത്താനും അക്കാദമിക തലത്തിലുള്ള ഇത്തരം ശക്തമായ ഒരു പ്രോത്സാഹനം അനിവാര്യമാണ്.

 

Part - II

അടിസ്ഥാന ആശയം: "സേവനത്തിന് അംഗീകാരം" (Core Concept)

ഈ നയത്തിന്റെ കാതൽ "Marks for Mercy to Marks of Merit" എന്ന തത്വമാണ്. വിദ്യാർത്ഥികൾ വയോജന പരിചരണ പ്രവർത്തനങ്ങൾക്കായി സ്വമേധയാ നൽകുന്ന സമയത്തെയും പ്രയത്നത്തെയും അവരുടെ അക്കാദമിക മൂല്യനിർണ്ണയത്തിൽ 'ഗ്രേസ് മാർക്ക്' (Grace Marks) നൽകി അംഗീകരിക്കുക എന്നതാണ് ഈ പദ്ധതി. ഇത് ആർക്കും നിർബന്ധിതമല്ല. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് മുൻപോട്ട് വരാവുന്ന ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പാണ് (Choice with Reward).

 A. അർഹമായ സേവനങ്ങൾ (Eligible Services)

a1. സർക്കാർ/NGO സംവിധാനങ്ങൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വയോജന കേന്ദ്രങ്ങളിലെ (Old Age Homes)സേവനം.

a2. തദ്ദേശസ്വയംഭരണ തലത്തിലുള്ള 'പകൽവീട്' / സീനിയർ ഡേ-കെയർ സെന്ററുകളുടെ സംഘാടനത്തിലും പ്രവർത്തനങ്ങളിലും പങ്കാളികളാവുക.

a3. ഭവനാധിഷ്ഠിത പരിചരണം (Home-Based Care) : ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങളോടൊപ്പം സമയം ചെലവഴിക്കൽ, പുസ്തകങ്ങളോ പത്രങ്ങളോ വായിച്ചു കൊടുക്കൽ, ഡിജിറ്റൽ/സാങ്കേതിക സഹായങ്ങൾ നൽകൽ, ഒപ്പം നടക്കാൻ പോവുക, ഭക്ഷണം കഴിക്കാൻ സഹായിക്കുക തുടങ്ങിയവ.

a4. ഒപ്പമിരുന്നു സമയം ചെലവഴിച്ചവരിൽ നിന്നും വ്യത്യസ്ത പ്രായത്തിലുള്ള (60-65, 65-70, 70-75, 75-80, above 80 ) ഇങ്ങനെ അഞ്ചു പുരുഷന്മാരോടും അഞ്ചു സ്ത്രീകളോടും സംസാരിച്ചു, ജീവിതത്തിൽ നിന്നും അവരെന്തു പഠിച്ചു എന്നു ചോദിച്ചു മനസ്സിലാക്കി 150 മുതൽ 200 വരെ വാക്കുകളിലൊതുങ്ങുന്ന 10 ഉപന്യാസങ്ങൾ (Preferably in Malayalam)തയ്യാറാക്കി സാക്ഷ്യപ്പെടുത്തിസമർപ്പിക്കണം.

B. ശുപാർശ ചെയ്യുന്ന അക്കാദമിക അംഗീകാരം (Recommended Academic Reward)

B 1. ഒരു അധ്യയന വർഷം കുറഞ്ഞത് 60 മണിക്കൂർ സാക്ഷ്യപ്പെടുത്തിയ സേവനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥിക്ക്, ഫൈനൽ പരീക്ഷയുടെ മൊത്തം മാർക്കിന്റെ 5% വരെ ഗ്രേസ് മാർക്കായി നൽകാൻ ഉന്നതവിദ്യാഭ്യാസ വകുപ്പും സർവ്വകലാശാലകളും അക്കാദമിക് കൗൺസിലുകളും നയപരമായ തീരുമാനമെടുക്കുക.

B 2. (ഉദാഹരണത്തിന്: 1000 മാർക്കിന്റെ പരീക്ഷയ്ക്ക് പരമാവധി 50 ഗ്രേസ് മാർക്ക് വരെ നൽകാം. നിലവിലുള്ള NSS/NCC മാതൃകകൾക്ക് സമാനമായി ഇതിന്റെ കൃത്യമായ അനുപാതം സർവ്വകലാശാല സിൻഡിക്കേറ്റുകൾക്ക് തീരുമാനിക്കാവുന്നതാണ്).

 

Part - III

നിയന്ത്രണ & മേൽനോട്ട സംവിധാനം (Regulatory Framework)

ഈ വിദ്യാഭ്യാസ സേവന സൗകര്യം യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനും അഴിമതിരഹിതമായി സൂക്ഷിക്കാനും കൃത്യമായ പ്രൊഫഷണൽ മേൽനോട്ടം ആവശ്യമാണ്. ഇതിനായി പുതിയ സർക്കാർ വകുപ്പുകൾ തുടങ്ങി സാമ്പത്തിക ബാധ്യത വരുത്താതെ, ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും അഭിഭാഷകർക്കും സമാനമായ ഒരു 'ലൈസൻസ്ഡ് പ്രൊഫഷണൽ മാതൃക' ഇവിടെ നിർദ്ദേശിക്കുന്നു.

A. ജില്ലാ എൽഡർ കെയർ വെരിഫിക്കേഷൻ ഓഫീസർ – DEVO

a1. ഘടനയും കാലാവധിയും: ഓരോ റവന്യൂ ജില്ലയിലും ഒരാൾ വീതം ആകെ 14 ഓഫീസർമാർ മാത്രം. ദൈനംദിന മേൽനോട്ടമല്ല, നയപരമായ ഓഡിറ്റിംഗാണ് ഇവരുടെ ചുമതല. ഒരു DEVO-യുടെ ഔദ്യോഗിക കാലാവധി 2 വർഷമായിരിക്കും. ഏതെങ്കിലും പ്രത്യേക പ്രോജക്ട് പൂർത്തീകരണ ആവശ്യങ്ങൾക്കായി സാമൂഹ്യനീതിവകുപ്പു സെക്രട്ടറിക്ക് (State Social Justice Dept Secretary) ആ കാലാവധി 2 വർഷത്തേക്കുകൂടി നീട്ടി നൽകാവുന്നതാണ്. ഹോണറേറിയം അടിസ്ഥാനത്തിലായാൽ സർക്കാരിന് സ്ഥിരമായ ശമ്പള ബാധ്യത ഉണ്ടാകുന്നില്ല.

 a2. യോഗ്യത: ജെറിയാട്രിക് കെയർ/സോഷ്യൽ വർക്ക് മേഖലകളിൽ പ്രവൃത്തി പരിചയമുള്ള റിട്ടയർ ചെയ്ത ജില്ലാ സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ അല്ലെങ്കിൽ അതേ പ്രവൃത്തി പരിചയമുള്ള, റിട്ടയർമെന്റ് പ്രായം കഴിഞ്ഞ MSW ബിരുദധാരികൾ. 58നും 65നും ഇടയിൽ പ്രായമുള്ളവർക്കും, നിലവിൽ ഏതെങ്കിലും വയോജന പരിചരണ കേന്ദ്രത്തിൽ (Elder Care Facility) താമസിക്കുന്നവർക്കും ഈ പദവിയിലേക്ക് പ്രത്യേക മുൻഗണന നൽകാവുന്നതാണ്.

 a3. ചുമതലകൾ: സേവന സ്ഥാപനങ്ങളെ എംപാനൽ ചെയ്യുക, താഴെത്തട്ടിലുള്ള പ്രാക്ടീഷണർമാരുടെ ലൈസൻസ് അനുവദിക്കുക, അവരുടെ പ്രവർത്തനം ത്രൈമാസ അടിസ്ഥാനത്തിൽ ഓഡിറ്റ് ചെയ്യുക, പരാതികൾ കൈകാര്യം ചെയ്യുക, ക്രമക്കേട് കണ്ടെത്തിയാൽ പ്രൊഫഷണൽ ലൈസൻസ് റദ്ദാക്കുക.

 a4. മുൻ DEVO മാരുടെ സേവനതുടർച്ച- (Policy Continuity): പദവി ഒഴിഞ്ഞശേഷവും ഇവരുടെ പ്രായോഗിക പരിചയ സമ്പത്ത് പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിനായി, വിരമിച്ച DEVO-മാരെ അടുത്ത 2 വർഷത്തേക്ക് കൂടി ജില്ലയിലെ വയോജന നയരൂപീകരണ ചർച്ചകളിലും യോഗങ്ങളിലും (District Elder Care Policy Discussions) നിർബന്ധമായും ക്ഷണിതാക്കളായി പങ്കെടുപ്പിക്കേണ്ടതാണ്.

B. രജിസ്റ്റേർഡ് എൽഡർ കെയർ സോഷ്യൽ വർക്ക് പ്രാക്ടീഷണർ – RESWP

B1. ഘടന: വിദ്യാർത്ഥികളുടെ ഫീൽഡ് സൂപ്പർവൈസറും പ്രാഥമിക സർട്ടിഫിക്കേഷൻ അതോറിറ്റിയുമായി പ്രവർത്തിക്കുന്നത് ഇവരാണ്. ആവശ്യാനുസരണം ഓരോ തദ്ദേശസ്വയംഭരണ വാർഡിലും ഒന്നിലധികം RESWP-മാർക്ക് രജിസ്ട്രേഷൻ നൽകാം. ഇത് യോഗ്യരായ ഒട്ടനവധി സോഷ്യൽ വർക്ക് ഉദ്യോഗാർത്ഥികൾക്ക് പ്രാദേശികമായി അന്തസ്സുള്ള തൊഴിലവസരം ഉറപ്പാക്കുന്നു.

 B2. യോഗ്യത: രജിസ്റ്റർ ചെയ്ത വയോജന പരിചരണ സ്ഥാപനങ്ങളിൽ കുറഞ്ഞത് 3 വർഷത്തെ മുഴുവൻ സമയ പ്രവൃത്തിപരിചയമുള്ള MSW ബിരുദധാരികൾ അല്ലെങ്കിൽ ഈ വിഷയത്തിൽ പി.എച്ച്.ഡി ഉള്ളവർ. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും പ്രൊഫഷണൽ എത്തിക്സ് ബോണ്ടും നിർബന്ധമാണ്.

 B3. ചുമതലകൾ: വിദ്യാർത്ഥികളുടെ ഫീൽഡ് വർക്ക് കൃത്യമായി നിരീക്ഷിക്കുക. 60 മണിക്കൂർ സേവന കാലയളവിൽ കുറഞ്ഞത് 4 സർപ്രൈസ് സന്ദർശനങ്ങൾ നടത്തി ലോഗ് ബുക്കിൽ മേലൊപ്പ് ചാർത്തുക. വ്യാജ സർട്ടിഫിക്കറ്റ് നൽകിയാൽ ലൈസൻസ് റദ്ദാക്കലിനും നിയമനടപടികൾക്കും ഇവർ വ്യക്തിപരമായി ബാധ്യസ്ഥരായിരിക്കും. ഗുണനിലവാരം ഉറപ്പാക്കാൻ ഒരു പ്രാക്ടീഷണർക്ക് ഒരു മാസം പരമാവധി 20 വിദ്യാർത്ഥികളെ മാത്രമേ അനുവദിക്കൂ.

 C. അക്കാദമിക് മെന്റർഷിപ്പും ഫാക്കൽറ്റി പങ്കാളിത്തവും (Academic Mentorship)

c1. കോർഡിനേറ്റിംഗ് പ്രൊഫസർ/ടീച്ചർ (Faculty Mentor):പദ്ധതിയിൽ പങ്കെടുക്കുന്ന ഓരോ സ്കൂളിലും/കോളേജിലും ഒരു അധ്യാപകനെ 'എൽഡർ കെയർ മെന്റർ' ആയി ചുമതലപ്പെടുത്തും.

c2.​ഫീൽഡ്‌വർക്ക് ഏകോപനം: ഈ അധ്യാപകൻ അതത് വാർഡിലെ RESWP-മാരുമായി ചേർന്ന് വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തും. വിദ്യാർത്ഥികളുടെ അനുഭവങ്ങൾ വെറും സേവനമായി മാറാതെ, അവരുടെ പാഠ്യപദ്ധതിയുമായി (Sociology, Psychology, Social Work, or General Ethics) എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാൻ ഈ അധ്യാപകൻ സഹായിക്കും.

​c3. സംയുക്ത മൂല്യനിർണ്ണയം:60 മണിക്കൂർ പൂർത്തിയാകുമ്പോൾ വിദ്യാർത്ഥിയുടെ ലോഗ് ബുക്കിൽ സ്ഥാപന മേധാവിയും RESWP-യും ഒപ്പ് വെക്കുന്നതിനൊപ്പം, ഫാക്കൽറ്റി മെന്റർ കൂടി ഒപ്പ് വെച്ചതിന് ശേഷം, വിദ്യാർത്ഥി സമർപ്പിച്ച ഉപന്യാസങ്ങളുടെ മൂല്യം വിലയിരുത്തി മാത്രമായിരിക്കും സർവ്വകലാശാലയിലേക്ക് ഗ്രേസ് മാർക്കിനുള്ള അന്തിമ ശുപാർശ കോളേജ് പ്രിൻസിപ്പൽ വഴി കൈമാറുക.

c4.ഗവേഷകർക്ക് ആശയ ലൈബ്രറി(Idea Library): വിദ്യാർത്ഥികൾ സമർപ്പിക്കുന്ന ഉപന്യാസങ്ങൾ ഭാവിയിൽ ഈ മേഖലയിൽ ഗവേഷണം ചെയ്യുന്നവർക്ക് വേണ്ടി പ്രത്യേകമായി ശേഖരിച്ചു സൂക്ഷിക്കാവുന്നതാണ്.

 

Part - IV

ധാർമ്മികവും സുസ്ഥിരവുമായ സാമ്പത്തിക മാതൃക (Financial Sustainability)

ഗ്രേസ് മാർക്കിന്റെ പേരിൽ വിദ്യാർത്ഥികളിൽ നിന്ന് യാതൊരുവിധ ഫീസും ഈടാക്കരുത്. ഇത് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പദ്ധതി അപ്രാപ്യമാകുന്ന അവസ്ഥ ഇല്ലാതാക്കുന്നു. പകരം, സിസ്റ്റം പൂർണ്ണമായും സ്വയംപര്യാപ്തമായി പ്രവർത്തിക്കാൻ 'വയോജന പരിചരണ ക്ഷേമനിധി' (Elder Care Welfare Fund) മാതൃക നിർദ്ദേശിക്കുന്നു.

A. ക്ഷേമനിധി രൂപീകരണം: ഓരോ ജില്ലയിലും DEVO-യുടെ മേൽനോട്ടത്തിൽ ഒരു പ്രത്യേക അക്കൗണ്ട് ആയി ഈ ഫണ്ട് നിലനിർത്തും. കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധത ഫണ്ടുകൾ (CSR), പൊതുജനങ്ങളിൽ നിന്നുള്ള സംഭാവനകൾ, സന്നദ്ധ സംഘടനകളുടെ വിഹിതം എന്നിവ ഇതിലേക്ക് സ്വീകരിക്കും.

 B. പ്രൊഫഷണൽ ഫീസ് വിതരണം: ഒരു വിദ്യാർത്ഥിയുടെ 60 മണിക്കൂർ സൂപ്പർവിഷൻ പൂർത്തിയാക്കുമ്പോൾ RESWP-ക്ക് ലഭിക്കേണ്ട പ്രൊഫഷണൽ ഹോണറേറിയം (Rs. 3,000/-) ഈ ജില്ലാ ക്ഷേമനിധിയിൽ നിന്നാണ് DEVO നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി നൽകുന്നത്. ഇതിന്റെ 5% ആയിരിക്കണം DEVO-യുടെ ഹോണറേറിയം.

 C. ലൈസൻസിംഗ് ഫീസ്: RESWP-മാർ തങ്ങളുടെ ലൈസൻസ് എടുക്കുമ്പോഴും 3 വർഷം കൂടുമ്പോൾ പുതുക്കുമ്പോഴും നിശ്ചിത തുക (Rs. 1,000/-) ഈ ക്ഷേമനിധിയിലേക്ക് രജിസ്ട്രേഷൻ ഫീസായി നൽകണം.

 D. ഡിജിറ്റൽ സുതാര്യത: എല്ലാ സാമ്പത്തിക ഇടപാടുകളും സർക്കാരിന്റെ ഔദ്യോഗിക 'കാരുണ്യ സേവ പോർട്ടൽ' വഴി ഇ-രസീത് അടിസ്ഥാനത്തിൽ മാത്രമായിരിക്കും. നേരിട്ടുള്ള പണമിടപാടുകൾ പൂർണ്ണമായി നിരോധിക്കണം.

 

Part - V

ഡിജിറ്റൽ ഓഡിറ്റും സുരക്ഷയും (Digital Audit & Security)

 A. ജിയോ-ടാഗിംഗ് (Geo-Tagging): വിദ്യാർത്ഥി വയോജന കേന്ദ്രത്തിലോ ഭവനത്തിലോ ചെലവഴിക്കുന്ന സമയം ജിയോ-ടാഗ് ചെയ്ത ഫോട്ടോകളും ഡിജിറ്റൽ ലോഗ് ബുക്കും വഴി RESWP പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.

 B. റാൻഡം വേരിഫിക്കേഷൻ: DEVO-മാർക്ക് അവരുടെ ചുമതലയിലുള്ള വിദ്യാർത്ഥികളുടെ ഡാറ്റ എപ്പോൾ വേണമെങ്കിലും ഓൺലൈനായി ഓഡിറ്റ് ചെയ്യാം. കൂടാതെ ആകെ ഡാറ്റയുടെ 5% എങ്കിലും ഫിസിക്കൽ വേരിഫിക്കേഷൻ നടത്തണം.

 C. സ്ഥാപനാനുമതി പത്രം (Optional NOC): വിദ്യാർത്ഥി പഠിക്കുന്ന കോളേജ് ആവശ്യപ്പെടുന്നുവെങ്കിൽ, അവർക്ക് RESWP-യുമായി ബന്ധപ്പെട്ട് ഒരു ആഭ്യന്തര അനുമതി പത്രം കൈമാറാവുന്നതാണ്.

 

Part - VI

പദ്ധതിയുടെ നേട്ടങ്ങൾ (Benefits)

A. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം: പുസ്തകങ്ങൾക്കും മാർക്കുകൾക്കുമപ്പുറം ജീവിതത്തിന്റെ കഠിനമായ യാഥാർത്ഥ്യങ്ങളെ നേരിട്ട് മനസ്സിലാക്കാൻ യുവതലമുറയ്ക്ക് അവസരം ലഭിക്കുന്നു.

B.തലമുറകൾ തമ്മിലുള്ള പാലം: യുവത്വത്തിന്റെ പ്രസരിപ്പും വാർദ്ധക്യത്തിന്റെ അനുഭവസമ്പത്തും പരസ്പരം കോർത്തിണക്കപ്പെടുന്നു. ഇത് വയോജനങ്ങളുടെ മാനസിക ഒറ്റപ്പെടൽ പൂർണ്ണമായും ഇല്ലാതാക്കും.

C. തൊഴിൽ സാധ്യതകൾ: വിദേശത്തും സ്വദേശത്തും കെയർ ഇക്കോണമി മേഖലയിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് ഇതൊരു മികച്ച പ്രായോഗിക പരിശീലനവും സർട്ടിഫൈഡ് പ്രവൃത്തിപരിചയവുമായി മാറും.

D. സോഷ്യൽ വർക്ക് പ്രൊഫഷന്റെ ഉയർച്ച: യോഗ്യതയുള്ള നൂറുകണക്കിന് MSW ഉദ്യോഗാർത്ഥികൾക്ക് തദ്ദേശീയമായി അന്തസ്സുള്ള കരിയറും ഇരട്ട വരുമാന സാധ്യതയും (പ്രതിവർഷം പരമാവധി 2,59,200/- വരെ) ലഭിക്കുന്നു.

E. സീറോ ഗവൺമെന്റ് ബാധ്യത: ഇൻഫ്രാസ്ട്രക്ചർ ചെലവുകളോ വലിയ ശമ്പള പാക്കേജുകളോ ഇല്ലാതെ സിസ്റ്റം സ്വന്തമായി പണം കണ്ടെത്തുന്നു.

 

Part - VII

ഉപസംഹാരം(Conclusion)

​"ഭൗതികമായ നേട്ടങ്ങൾ എത്രയുണ്ടായാലും, വാർദ്ധക്യത്തിന്റെ ഏകാന്തതയിൽ ഓർത്തുവെക്കാനും കൂടെയുണ്ടാകാനും സ്വന്തമെന്നൊരു കരുതൽ ഇല്ലെങ്കിൽ ജീവിതം അപൂർണ്ണമായി അവശേഷിക്കും. ചോദിക്കാനും പറയാനും ഇടപെടാനും സ്വന്തം ചോരയിലുള്ള ആരും സ്ഥിരം സമ്പർക്കത്തിന് നിങ്ങൾക്കില്ലെങ്കിൽ, എത്ര ആർഭാട ഭവനത്തിൽ കഴിഞ്ഞാലും, അനാഥത്വം അനുഭവിക്കേണ്ടി വരും."

വാർദ്ധക്യം എന്നത് ഭാരമായി മാറേണ്ട ഒന്നല്ല, മറിച്ച് ആദരിക്കപ്പെടേണ്ട അവസ്ഥയാണ്. ഈ പദ്ധതിയിലൂടെ നാം വിഭാവനം ചെയ്യുന്നത് കേവലം കുറച്ച് മാർക്കുകളുടെ വിതരണമല്ല, മറിച്ച് കരുണയുള്ള, ഉത്തരവാദിത്തമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കലാണ്.

തണൽ മരങ്ങൾക്ക് വെള്ളമൊഴിക്കുന്നവർ ഒടുവിൽ തണൽ തിരികെ അനുഭവിക്കണം എന്നത് പ്രപഞ്ചനീതിയാണ്. (Universal Cosmic Justice)

ഇന്ന് മുതിർന്നവർക്ക് കാരുണ്യത്തോടെ തണലേകുന്ന നമ്മുടെ കുട്ടികൾക്ക്, നാളത്തെ സമൂഹം സുരക്ഷിതമായ തണലൊരുക്കും.

ഇത് ഒരു പദ്ധതി മാത്രമല്ല, വരും തലമുറകളിലേക്ക് നാം കൈമാറേണ്ട ധാർമ്മികമായ നീതിയാണ്.

അഴിമതിയില്ലാത്ത കാരുണ്യം, മേൽനോട്ടത്തോടെയുള്ള സേവനം.

 

ജോർജ്ജ് കടങ്കാവിൽ

ബെത്-ലെഹം സെന്റർ ഫോർ റിസർച്ച് ആൻഡ് ഫാമിലി ഡവലപ്മെന്റ്,

കലൂർ, എറണാകുളം – 682017

ഫോൺ: 9249392518

Share this Story