(ഒരു സോഷ്യല്‍ വര്‍ക്ക് ടൂള്‍, ഒരു ജീവിത പാഠം!)
'നിരവധി പ്രശ്നങ്ങളും ഒരുപാടു സംഭവങ്ങളും. ഒന്നു മാറിനില്ക്കാന്‍ പറ്റാത്ത വിധം ധാരാളം ഉത്തരവാദിത്തങ്ങളും. നിലയില്ലാത്ത കടലില്‍ തിരമാലകള്‍ എന്ന പോലെ, വിധി ഇട്ടെന്നെ തട്ടിക്കളിക്കുകയാണ്. പ്രശ്നങ്ങളും കാരണങ്ങളും ഏത് ഏതൊക്കെയെന്നു വേര്‍തിരിച്ചറിയാന്‍ പോലും കഴിയുന്നില്ല. എല്ലാം ഒന്നു കലങ്ങി തെളിയാന്‍ എന്തു ചെയ്യണം? എവിടെ തുടങ്ങണം?'
2003-ല്‍ എന്നെ കാണാന്‍ വന്ന ഒരു അപ്പച്ചന്‍ പറഞ്ഞതാണിത്. ആ ഒരു ചോദ്യം-'എവിടെ തുടങ്ങണം?'-
അന്നും ഇന്നും ആയിരക്കണക്കിന് കുടുംബങ്ങള്‍ ചോദിക്കുന്ന ചോദ്യമാണ്.
ഞാന്‍ പഠിച്ചത് ടെക്നിക്കല്‍ വിഷയങ്ങളായിരുന്നെങ്കിലും, സാമൂഹ്യസേവന രംഗത്ത്, റിട്ടയര്‍മെന്‍റിനു ശേഷമുള്ള എന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കണ്ടും കേട്ടും വായിച്ചും മനസ്സിലാക്കിയ സോഷ്യല്‍ വര്‍ക്ക് അറിവുവെച്ച് ഞാനദ്ദേഹത്തെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു.

കസേര മറിഞ്ഞ മനുഷ്യന്‍
ജീവിതപ്രശ്നങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ക്ഷീണിച്ചു തളര്‍ന്നു പോകുന്നത്, ഒരു മനുഷ്യന്‍ കസേരയോടൊപ്പം നിലത്തു വീഴുന്നതു പോലെയാണ്. എഴുന്നേല്‍ക്കാന്‍ ശ്രമിക്കും, പക്ഷേ കാലുകള്‍ കസേരയില്‍ കുടുങ്ങിക്കിടക്കും. ഏത് വിടണം, ഏത്
പിടിക്കണം എന്ന് അറിയില്ല. ആ അവസ്ഥയ്ക്ക് ഒരു പേരുണ്ട് - Problem Overload.
പ്രശ്നങ്ങള്‍ ഒന്നൊന്നായി വരുമ്പോള്‍ അത് അപ്പപ്പോള്‍ വേണ്ടവിധം കൈകാര്യം ചെയ്ത് പരിഹരിച്ചില്ലെങ്കില്‍, എല്ലാം കൂടി കെട്ടുപിണഞ്ഞ് ഏതേതെന്നു തിരിച്ചറിയാനാവാതെ നമ്മള്‍ കുഴങ്ങിപ്പോകും. എന്താ പ്രശ്നമെന്നു ചിന്തിച്ചാല്‍ മനസ്സിലാക്കാന്‍ പോലും സാധിക്കാതെ വരും.
ഓരോ പ്രശ്നവും മറ്റേതെങ്കിലും പ്രശ്നത്തിന്‍റെ അനന്തരഫലമായിരിക്കാം. എങ്കിലും എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു മൂലകാരണം ഉണ്ടായിരിക്കും. ഒന്ന് മറ്റൊന്നിന്‍റെ കാരണമായിരിക്കും (Cause), ആ കാരണം വേറൊരു പ്രശ്നത്തിന്‍റെ ഫലമായിരിക്കും (Effect). ഒടുവില്‍ ഏതാണ് Cause, ഏതാണ് Effect എന്ന് തിരിച്ചറിയാനാവാതെ, മൂലകാരണം (Root-Cause) എന്താണെന്നു മനസ്സിലാക്കാതെ മനുഷ്യന്‍ ആകെ കുഴങ്ങും.
മൂലകാരണം കണ്ടുപിടിക്കാതെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത്, യഥാര്‍ത്ഥ രോഗത്തിനു ചികിത്സിക്കാതെ, രോഗ ലക്ഷണങ്ങള്‍ക്കു മാത്രം ചികിത്സിക്കുന്നതു പോലെ ആണ്.
തടിയുടെ വളവും, ആശാരിയുടെ പരിചയക്കുറവും! രണ്ടും പ്രശ്നത്തിന് കാരണമാകാം. ഏതൊരു പ്രശ്നത്തെയും കൃത്യമായി നിര്‍വചിക്കാന്‍ കഴിഞ്ഞാല്‍ അതിനെ പല ഭാഗങ്ങളായി ഭിന്നിപ്പിക്കാന്‍ കഴിയും; പിന്നെ നിയന്ത്രിക്കാനും പരിഹരിക്കാനും എളുപ്പമാകും. എത്ര വലിയ പ്രശ്നങ്ങളായിരുാലും, അതു നിര്‍വചിക്കാന്‍ സോഷ്യല്‍ വര്‍ക്ക് ശാസ്ത്രത്തില്‍ ചില സൂത്രവിദ്യകളുണ്ട്.
ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, അച്ചായന്‍ ഒരു കാര്യം ചെയ്യൂ. ആദ്യം അച്ചായന്‍റെ പ്രശ്നം കഴിയുന്നത്ര കൃത്യമായും വ്യക്തമായും ഒന്നു നിര്‍വചിക്കാന്‍ ശ്രമിക്കൂ. തിരികെ വീട്ടില്‍ പോകുന്ന വഴിക്ക് ഒരു പായ്ക്കറ്റ് A5 ഫോട്ടോസ്റ്റാറ്റ് പേപ്പറും കുറച്ചു സ്കെച്ച് പേനകളും വാങ്ങി കൊണ്ടു പോകണം.
വീട്ടിലൊരു 'പ്രശ്ന വഴി' പരീക്ഷണം
വീട്ടിലെത്തി, കുളിച്ച്, ഭക്ഷണം കഴിഞ്ഞ്, ഭാര്യയെയും മക്കളെയും കൂടെ ഇരുത്തി അവരോടു പറയുക: നമ്മുടെ ബുദ്ധിമുട്ടുകള്‍ എല്ലാം എഴുതിവെച്ച് ഓരോന്നായി പരിഹരിക്കാന്‍ ഞാന്‍ ഒരു സൂത്രവിദ്യ പഠിച്ചു, നമുക്ക് ഒന്നു പരീക്ഷിച്ചു നോക്കിയാലോ? അവരും സഹകരിച്ചാല്‍ വളരെ നല്ലത്, ഇല്ലെങ്കിലും കുഴപ്പമില്ല, തനിച്ചു ശ്രമിച്ചാലും ഇതു സാധ്യമാകും.
എല്ലാവരും കണ്ണടച്ച് ഒന്നും ചിന്തിക്കാതെ അഞ്ചു മിനിട്ടെങ്കിലും സ്വസ്ഥമായിട്ടിരിക്കുക. ഇനി മനസ്സില്‍
തോന്നുന്ന ഓരോ പ്രശ്നവും ബുദ്ധിമുട്ടുകളും-ഒരു കടലാസ്സില്‍ ഒരു പ്രശ്നം മാത്രം എന്ന കണക്കിന് - സ്കെച്ച് പേന കൊണ്ട് വലുതായി എഴുതുക. സംസാരിക്കരുത്, ചര്‍ച്ചയും അരുത്. എഴുതുക, അടുക്കിവെക്കുക. ഇതോടെ നിങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഓരോന്നായി നിര്‍വ്വചിക്കപ്പെട്ടു. ഇതാണ് നിങ്ങളുടെ പ്രശ്നക്കെട്ട്. ഇനി എല്ലാവരുടെയും കടലാസ്സുകള്‍ ഒരുമിച്ച് ചേര്‍ത്ത് ഇടകലര്‍ത്തി വീണ്ടും അടുക്കി വെക്കുക.
ഇനി മുറിയിലെ ഫാന്‍ ഓഫാക്കി, തറ വൃത്തിയാക്കി, പ്രശ്നക്കെട്ടുമായി തറയിലിരിക്കുക. കെട്ടില്‍നിന്നും ഒരു കടലാസ്സ് എടുത്ത് അതിലെ പ്രശ്നം ഉറക്കെ വായിച്ച ശേഷം കടലാസ്സ് മുറിയുടെ നടുഭാഗത്ത് വെക്കുക. വേണമെങ്കില്‍ ഒരു ചെറിയ കഷണം ഡബിള്‍സൈഡ് ടേപ്പ് ഉപയോഗിക്കാം. ഇനി അടുത്ത കടലാസ്സ് എടുത്ത് വായിക്കുക. ആദ്യത്തെ പ്രശ്നത്തിന്‍റെ കാരണം (Cause) ആണോ, ഫലം (Effect) ആണോ, രണ്ടാമത്തെ പ്രശ്നം എന്ന് ആലോചിച്ചു കണ്ടെത്തണം. Cause ആണെങ്കില്‍ ആദ്യത്തെ കടലാസ്സിന്‍റെ താഴെയും, Effect ആണെങ്കില്‍ മുകളിലുമായി രണ്ടാമത്തെ കടലാസ്സ് വെക്കുക. ആദ്യത്തേതുമായി നേരിട്ടു ബന്ധമില്ലാത്ത സമാന്തര പ്രശ്നമാണെങ്കില്‍ സൈഡില്‍ വെക്കുക. ബന്ധപ്പെട്ട മറ്റ് ഏതെങ്കിലും പ്രശ്നം പരിഗണിക്കുമ്പോള്‍ ആവശ്യമെങ്കില്‍, നിരത്തിയിരിക്കുന്ന ഓരോ പ്രശ്നത്തിനും സ്ഥാനമാറ്റം കൊടുക്കാവുന്നതാണ്.
എല്ലാ കടലാസ്സുകളും ഇങ്ങനെ Cause-Effect ക്രമത്തില്‍ നിരത്തിക്കഴിയുമ്പോള്‍, നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ മുതല്‍ മൂലകാരണം വരെയുള്ള പ്രശ്ന വഴികള്‍ മുകളില്‍നിന്നും താഴേക്ക് തെളിഞ്ഞുവരും. ഏറ്റവും താഴെ വരുന്നതാണ് Root Cause (മൂലകാരണം). പാളിച്ച പറ്റിയത് എവിടെയായിരുന്നു എന്നുകണ്ടെത്താനും, എന്തൊക്കെ തിരുത്തണം, എവിടെ തിരുത്തണം എന്നു തീരുമാനിക്കാനും ഈ പ്രശ്ന വഴി ഉപകരിക്കും. തിരുത്താവുത് തിരുത്താന്‍ തയ്യാറാകണം. തിരുത്താന്‍ കഴിയാത്തത് തെറ്റിപ്പോയി എന്ന് അംഗീകരിക്കണം. ആ അച്ചായന്‍ സന്തോഷത്തോടെ മടങ്ങിപ്പോയി. ബെത്-ലെഹം അംഗങ്ങള്‍ക്ക് എല്ലാം ഉപകാരപ്രദമാകട്ടെ എന്നുദ്ദേശിച്ച് ഞാനിതു നമ്മുടെ മാസികയിലും എഴുതി പ്രസിദ്ധീകരിച്ചു.
'വെളുക്കാന്‍ തേച്ചത് പാണ്ടായോ?'
ഇതിനൊരു തുടര്‍ക്കഥയുണ്ടായി. ആ മാസിക പോസ്റ്റു ചെയ്തു കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വേറൊരു പിതാവ് എന്നെക്കാണന്‍ വന്നു: 'നിങ്ങളെഴുതിയ Cause Effect Analysis വായിച്ച് എന്‍റെ വീട്ടിലെ പ്രശ്ന വഴി കണ്ടുപിടിക്കാന്‍ ശ്രമിച്ചതാ. ഏതാ Cause ഏതാ Effect എന്നു തീരുമാനിക്കാന്‍ വേണ്ടിയാ ഇപ്പോള്‍ വീട്ടിലെ തര്‍ക്കവും വഴക്കും. വെളുക്കാന്‍ തേച്ചത് പാണ്ടായതു പോലായല്ലോ ജോര്‍ജ്ജ് സാറേ!
ഞാന്‍ അദ്ദേഹത്തെ ധൈര്യപ്പെടുത്തി, സാറു നിരാശപ്പെടേണ്ട. നിങ്ങളുടെ കുടുംബാംഗങ്ങള്‍ കുറേ പ്രശ്നങ്ങള്‍ എഴുതിത്തന്നില്ലേ? അതു നിസ്സാര കാര്യമല്ല. പ്രശ്നം പരിഹരിക്കണം എന്ന ആഗ്രഹം അവര്‍ക്കും ഉള്ളതുകൊണ്ടാണ് അതു സാധിച്ചത്. ശാസ്ത്രീയമായി പറഞ്ഞാല്‍ ആ വീട്ടിലെ തര്‍ക്കം, അവര്‍ അറിയാതെ സംഭവിച്ച ഒരു Participatory Appraisal (പങ്കാളിത്ത വിലയിരുത്തല്‍) ആയിരുന്നു.
ഭര്‍ത്താവും ഭാര്യയും ഒരേ പ്രശ്നങ്ങള്‍ വ്യത്യസ്ത കണ്ണുകളിലൂടെ കണ്ടു. ആ വ്യത്യാസം തന്നെ ഒരു വലിയ കണ്ടെത്തലായിരുന്നു!
ആ കുടുംബത്തിന്‍റെ പ്രശ്നവഴി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ Root Cause ഇതായിരുന്നു: 'ഭര്‍ത്താവിന് എന്നെ ഇഷ്ടമല്ല.' ഒരു വലിയ സത്യത്തിന്‍റെ ഉറവിടം! അവിടെ ഒരു പുതിയ ചോദ്യം ഉയര്‍ന്നു: 'കുടുംബത്തില്‍ സന്തോഷവും ശ്രദ്ധയും തിരികെ വരണമെങ്കില്‍ ആദ്യം നമ്മളില്‍ എന്ത് മാറണം?' ആ ഒരു ചോദ്യം, ആ കുടുംബത്തില്‍ ഒരു പുതിയ സംഭാഷണത്തിന് തുടക്കം കുറിച്ചു. അവര്‍ സന്തോഷം അനുഭവിച്ചു. എങ്കിലും, പുതിയ പ്രശ്നങ്ങളും പരിഹാരങ്ങളുമായി അവരും പ്രപഞ്ച സംവിധായകന്‍ അവര്‍ക്കു നിശ്ചയിച്ചു കൊടുത്ത വേഷം മനോഹരമായി തുടരുന്നു.

തിരുത്താവുന്നത് തിരുത്താന്‍ തയ്യാറാകണം. തിരുത്താന്‍ കഴിയാത്തത് തെറ്റിപ്പോയി എന്ന് അംഗീകരിക്കണം. അതുതന്നെയാണ് ജീവിതം.
കൗമാരക്കാരും പുതിയ ലക്ഷ്യങ്ങളും.
ഇരുപത്തിമൂന്നു വര്‍ഷം മുമ്പ് 2003-ല്‍, എന്‍റെ അറിവില്‍പെട്ട രണ്ടു കുടുംബങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ ഉപകരിച്ച ഈ ടൂളുകള്‍ ഇന്ന് ഞാന്‍ ഒരു പുതിയ ലക്ഷ്യത്തിനായി വീണ്ടും അവതരിപ്പിക്കുകയാണ് നമ്മുടെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി.
ഇന്ന് കേരളത്തിലെ ഒരു ശരാശരി ടീനേജര്‍ നേരിടുന്നസമ്മര്‍ദ്ദങ്ങള്‍ എന്തെല്ലാമാണ്? പരീക്ഷാ പേടി, കടുത്ത മത്സരം, മൊബൈല്‍ ആസക്തി, ഉറക്കക്കുറവ്, ഉത്കണ്ഠ, ജീവിതത്തിന്‍റെ ഉദ്ദേശ്യം
അറിയാത്ത അവസ്ഥ തുടങ്ങി ആത്മഹത്യാ ചിന്തകള്‍ വരെ അവരെ വേട്ടയാടുന്നു. ഈ കുട്ടികള്‍ Cause-Effect Analysis പഠിച്ചാല്‍ 'താന്‍ പെട്ടെന്ന് ദേഷ്യപ്പെടുന്നതിന്‍റെയോ നിരാശനാകുന്നതിന്‍റെയോ Root Cause എന്താണ്? എന്ന ചോദ്യം അവരുടെ ഉള്ളില്‍ ഉദിക്കും. Participatory Appraisal എന്താണെന്ന് അറിഞ്ഞാല്‍ ഇതേ പ്രശ്നം എന്‍റെ അമ്മയോ അധ്യാപകരോ കാണുന്നത് എങ്ങനെയായിരിക്കും? എന്ന് ചിന്തിക്കാന്‍ അവര്‍ക്ക് സാധിക്കും. ആ ചിന്ത അവരെ ഒരു Problem Solver-ഉം, സഹജീവികളുടെ അവസ്ഥ മനസ്സിലാക്കുന്ന ഒരു Empathetic Human Being-ഉം ആക്കി മാറ്റും.
ഇതിനോടൊപ്പം കൗമാരക്കാര്‍ അറിഞ്ഞിരിക്കേണ്ട മറ്റൊരു പ്രധാന ടൂളാണ്; Transactional Analysis (TA).
നമ്മള്‍ മറ്റുള്ളവരുമായി നടത്തുന്ന ആശയവിനിമയങ്ങളെയും പെരുമാറ്റങ്ങളെയും കുറിച്ചുള്ള പഠനമാണിത്. കുട്ടികള്‍ പലപ്പോഴും മാതാപിതാക്കളോടും മുതിര്‍രോടും സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ഈഗോ (Ego) സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. തങ്ങളിലെ 'Adolescent Ego' തിരിച്ചറിഞ്ഞ്, വിവേകത്തോടെയും സ്നേഹത്തോടെയും ആശയവിനിമയം നടത്താന്‍ ശീലിച്ചാല്‍, അത് കുടുംബങ്ങളിലും സ്കൂളുകളിലും കൂടുല്‍ ആരോഗ്യകരമായ ബന്ധങ്ങള്‍ ഉണ്ടാക്കും. ഭാവിയില്‍ മികച്ചൊരു ലീഡര്‍ഷിപ്പ് ക്വാളിറ്റിയും കമ്മ്യൂണിക്കേഷന്‍ സ്കില്ലും വളര്‍ത്തിയെടുക്കാന്‍ കൗമാരപ്രായത്തിലെ ഈ TA ധാരണ അവരെ പ്രാപ്തരാക്കും.
ക്ലാസ്സ് മുറികളില്‍ തുടങ്ങേണ്ട മാറ്റം
ഗ്രാമവികസനത്തിനും സാമൂഹ്യ ഗവേഷണത്തിനും സോഷ്യല്‍ വര്‍ക്ക് രംഗത്ത് ദശകങ്ങളായി ഉപയോഗിച്ചു വരുന്ന ഈ ടൂളുകള്‍, ഒരു കുടുംബത്തിലും ഒരു ക്ലാസ്സുമുറിയിലും ഒരുപോലെ ഫലപ്രദമാണ്. ഒരു ഹൈസ്കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലാസ്സില്‍, ഒരു മണിക്കൂര്‍ സമയം ഒരു അധ്യാപകന്‍ ഈ ടൂളുകള്‍ കുട്ടികള്‍ക്ക് ലളിതമായി പഠിപ്പിച്ചു നല്‍കിയാല്‍ ആ ഒരു മണിക്കൂര്‍, ഒരു കുട്ടിയുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചേക്കാം! ആ കുട്ടി ഒരു കുടുംബം മാറ്റിയേക്കാം; ആ കുടുംബം ഒരു സമൂഹത്തെ മാറ്റിയേക്കാം.
അധ്യാപകരും, രക്ഷിതാക്കളും, സ്കൂള്‍ കൗണ്‍സലര്‍മാരും ഒന്നു ശ്രദ്ധിക്കുമല്ലോ; ഈ ലളിതമായ ജീവിത സൂത്രവാക്യങ്ങള്‍ നിങ്ങളുടെ ക്ലാസ്സുമുറിയിലും വീട്ടിലും ഒന്നു പരീക്ഷിച്ചു നോക്കൂ.