കൊച്ചിയിലെ തിരക്കുകളില്‍ നിന്നും വണ്ടി തിരിക്കുമ്പോള്‍ മനസ്സില്‍ ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ - അറിയാത്ത ദൂരങ്ങള്‍ അളന്ന് അനുഭവിക്കുക, ഒപ്പം എന്നെത്തന്നെയും. കാറിന്‍റെ സ്റ്റിയറിംഗില്‍ കൈ അമര്‍ത്തുമ്പോള്‍ അത് കേവലം ഒരു യാത്രയായിരുന്നില്ല, മറിച്ച് എന്‍റെ ഉള്ളിലെ നിശബ്ദതയിലേക്കുള്ള ഒരു പാലമായിരുന്നു. ദീര്‍ഘനേരം സംസാരിക്കാതെ നിസബ്ദനായി ഇരിക്കുന്നതും ഒരുതരം മെഡിറ്റേഷന്‍ തന്നെ. ഹൈവേകളും ചിലയിടങ്ങളിലെ ഊടുവഴികള്‍ പോലും പിന്നിട്ട്, നഗരങ്ങളുടെ ബഹളങ്ങളില്‍ നിന്ന് അകന്ന്, വിശാലമായ ഗ്രാമവീഥികളിലൂടെ വണ്ടി നീങ്ങുമ്പോള്‍, ഓരോ കിലോമീറ്ററിലും ഭാരതം അതിന്‍റെ ആത്മാവിനെ എനിക്ക് മുന്നില്‍ തുറന്നു കാട്ടുന്നതു പോലെ ഒരനുഭവമായിരുന്നു. 
യാത്രയുടെ മൂന്നാം നാള്‍ ഞാന്‍ ഹംപിയിലെത്തി അവിടെ താമസിച്ചു, സ്ഥലങ്ങള്‍ ചുറ്റിനടന്നു കണ്ടു. കാഴ്ച കാണല്‍ എന്നാല്‍, ഫോട്ടോഗ്രാഫി എന്നേ എന്‍റെ മനസ്സിലുണ്ടായിരുന്നുള്ളു. ഇടയ്ക്ക് ഏതോ സായിപ്പ് ഒരു ഗൈഡിനോടു ചോദിക്കുന്നതു കേട്ടു - ഇതായിരുന്നോ പഴയ വാനര സാമ്രാജ്യം കിഷ്കിന്ധ. അപ്പോഴതെക്കുറിച്ച് കൂടുതലൊന്നും മനസ്സില്‍
തോന്നിയില്ല, കാരണം ഒറ്റകുരങ്ങനെ പോലും അവിടെങ്ങും ഞാന്‍ കണ്ടില്ല. കൂടുതല്‍ പര്യവേക്ഷണങ്ങള്‍ ഒന്നുമില്ലാതെ. എന്‍റെ നിശബ്ദത ആസ്വദിച്ചു കൊണ്ട് ഞാന്‍ യാത്ര തുടര്‍ന്നു.
ഏഴാം ദിവസം, ഉദയസൂര്യന്‍റെ കിരണങ്ങള്‍ ചിത്തോര്‍ഗഢ് കോട്ടയുടെ പടുകൂറ്റന്‍ മതിലുകളെ സ്വര്‍ണ്ണവര്‍ണ്ണത്തിലാക്കുമ്പോഴാണ് ഞാന്‍ അവിടെയെത്തിയത്. ഒരു എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായിരന്നു എനിക്ക്, ആ കോട്ടയുടെ ഓരോ കല്ലിലും പൗരുഷത്തിന്‍റെയും പോരാട്ടത്തിന്‍റെയും ഗന്ധം അനുഭവപ്പെട്ടു. പക്ഷേ, അവിടെ എന്നെ കാത്തിരുന്നത് ചരിത്രപുസ്തകങ്ങളില്‍ ഇല്ലാത്ത മറ്റൊരു വിസ്മയമായിരുന്നു.
കോട്ടയുടെ ഓരോ പ്രവേശന കവാടങ്ങള്‍ കടക്കുമ്പോഴും ഉയരമുള്ള മതിലുകള്‍ക്ക് മുകളില്‍ ഞാന്‍ അവരെ കണ്ടു. അവിടുത്തെ കുരങ്ങുകള്‍! വിനോദസഞ്ചാരികളെ കണ്ടാല്‍ ബഹളം വെക്കുന്ന സാധാരണ കുരങ്ങുകളല്ല അവര്‍. ഓരോ കവാടത്തിലും അവര്‍ കാവല്‍ക്കാരെപ്പോലെ നിവര്‍ന്നു നില്‍ക്കുന്നു. തോക്ക് തോളില്‍ വെച്ച് ഗാര്‍ഡ് ഡ്യൂട്ടി ചെയ്യുന്ന ഒരു സൈനികന്‍റെ അതേ ഗൗരവം!
എന്‍റെ ഉള്ളിലെ പഴയ സൈനികന്‍ ഉണര്‍ന്നു. ഞാന്‍ വണ്ടി നിര്‍ത്തി കുറച്ച് ഭക്ഷണസാധനങ്ങള്‍ അവര്‍ക്ക് നേരെ നീട്ടി എറിഞ്ഞു. സാധാരണ കുരങ്ങുകള്‍ കാണിക്കാറുള്ള 'പാന്‍ഡെമോണിയം' (ബഹളം) ഒന്നും അവിടെ ഉണ്ടായില്ല. പകരം കണ്ടത് അമ്പരപ്പിക്കുന്ന അച്ചടക്കമായിരുന്നു!
കൂട്ടത്തില്‍ നിന്നും രണ്ട് പേര്‍ നെഞ്ചുവിരിച്ച് രണ്ടുകാലില്‍ മുന്നോട്ട് വന്നു. അവരിലൊരാള്‍ മാത്രം ഞാനെറിഞ്ഞ ആ ഭക്ഷണം അല്പം രുചിച്ചു. ശേഷം ഒരു നിശബ്ദ സന്ദേശം നല്‍കിയപ്പോഴാണ് മറ്റേയാള്‍ കഴിച്ചത്. ബാക്കിയുള്ളവര്‍ തങ്ങളുടെ 'പോസ്റ്റുകളില്‍' തന്നെ ഉറച്ചുനിന്നു. ആരും തങ്ങളുടെ ഡ്യൂട്ടി മറ്റ് ഭക്ഷണത്തിന് പിന്നാലെ പാഞ്ഞില്ല. ആദ്യം വന്ന സ്കൌട്ടു കുരുങ്ങുകള്‍ തിരിച്ചെത്തിയപ്പോള്‍, പോസ്റ്റിലുണ്ടായിരുന്നവര്‍ ഓടി താഴെ വന്ന്ഞാനെറിഞ്ഞിട്ടിരുതെല്ലാം വാരിയെടുത്ത് തിരികെ പോസ്റ്റിലേക്ക് പോയി. മുകളില്‍ നിന്ന് ആരോ അവരെ നിരീക്ഷിക്കുന്നുണ്ട് എന്നതു പോലെ ഒരു 'ഗോഡ്ഫാദര്‍' ഇഫക്ട്!
പെട്ടെന്ന് എന്‍റെ മനസ്സില്‍ -വാനരസൈന്യം- എന്നൊരു ചിന്ത, വെള്ളി വെളിച്ചം പോലെ നിറഞ്ഞു. ഇതായിരിക്കുമോ ഇനി കിഷ്കിന്ധ. ഹംപിയില്‍ നിന്നും 1300 കിലോമീറ്ററകലെ?.
അവര്‍ വെറും കുരങ്ങുകളാണോ? അതോ കാലത്തിന്‍റെ ഭൂപടത്തില്‍ വഴിതെറ്റിപ്പോയ കിഷ്കിന്ധയിലെ വാനരപ്പടയുടെ പിന്മുറക്കാരോ? രാവണയുദ്ധത്തിന് ശേഷം ഭാരതത്തിന്‍റെ വടക്കേ അതിര്‍ത്തി കാക്കാന്‍ നിയോഗിക്കപ്പെട്ട ഒരു പ്രത്യേക റെജിമെന്‍റ്! യുദ്ധം കഴിഞ്ഞിട്ടും, കാലം മാറിയിട്ടും, പിന്‍വാങ്ങാന്‍ ഉത്തരവ് കിട്ടാത്തതുകൊണ്ട് ഇന്നും ചിത്തോര്‍ഗഢിന്‍റെ മണ്ണില്‍ കാവല്‍ നില്‍ക്കുന്ന വാനര സൈനികര്‍! 
ഹംപിയിലെ (കിഷ്കിന്ധ) പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും രാജസ്ഥാനിലെ ഈ കരിങ്കല്‍ കോട്ടയിലേക്ക് അവര്‍ എങ്ങനെ എത്തിയിട്ടുണ്ടാകാം? അവരുടെ ഓരോ ചലനത്തിലും പ്രകടമാകുന്ന ആ 'അഡള്‍ട്ട്' (Adult) ഈഗോ സ്റ്റേറ്റ്-അത് വെറുമൊരു മൃഗസ്വഭാവമല്ല, മറിച്ച് തലമുറകളായി കൈമാറി വന്ന ഒരു 'മിലിട്ടറി സ്ക്രിപ്റ്റ്' ആണെന്ന് എനിക്ക് തോന്നി.
നമ്മള്‍ യാത്ര ചെയ്യുന്നത് സ്ഥലങ്ങള്‍ കാണാന്‍ മാത്രമല്ല, ഓരോ യാത്രയും നമ്മളെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുന്നു. സുന്ദര്‍ബനിലെ ഉറുമ്പുകളുടെ വിലാപയാത്രയും ചിത്തോര്‍ഗഢിലെ കുരങ്ങുകളുടെ കാവല്‍ ഡ്യൂട്ടിയും എന്നെ ഓര്‍മ്മിപ്പിക്കുന്നത് ഒന്നാണ്- ഈ പ്രപഞ്ചം വലിയൊരു അച്ചടക്കത്തിന്‍റെ നൂലില്‍ കോര്‍ത്തതാണ്. ആ നൂല്‍ കണ്ടെത്തുക എന്നതാണ് ഓരോ യാത്രികന്‍റെയും യഥാര്‍ത്ഥ ലക്ഷ്യം.
ഒരു ലക്ഷ്യത്തിലേക്കായിരുില്ല എന്‍റെ യാത്രകള്‍. മറിച്ച് ഈ ജീവിത യാത്ര തന്നെയായിരുന്നു എന്‍റെ ലക്ഷ്യം.
ഒരിക്കല്‍ കൂടി ആ വാനരസേനയെ കാണാന്‍ ഇപ്പോള്‍ ആഗ്രഹം തോന്നുന്നു.
നമുക്കു ഒന്നൂടെ പോയാലോ . . .