ഗ്യാസ് കിട്ടാനില്ല, നിങ്ങള്‍ ഇനി എന്തു ചെയ്യും? ഇതികര്‍ത്തവ്യതാമൂഢരാകുമോ?

  • നാനൂറോളം പേര്‍ക്ക് ദിവസവും ഭക്ഷണം പാകം ചെയ്യുന്ന 'ബ്ലെസ്സില്‍', ഗ്യാസ് ക്ഷാമം മൂലം വിറകടുപ്പുകൂട്ടി പാചകം ആരംഭിക്കേണ്ടി വന്നു. വറക്കലും പൊരിക്കലും നിയന്ത്രിച്ച്, വിറകടുപ്പിന് യോജിച്ച വിഭവങ്ങളൊരുക്കി വലിയൊരു പ്രതിസന്ധിയാണ് മാസ്റ്റര്‍ഷെഫും സംഘവും ചേര്‍ന്ന് പരിഹരിച്ചത്.

ബ്ലെസ്സിലെ താമസക്കാരായ ഞാനുള്‍പ്പടെ നിരവധി അപ്പച്ചന്മാരും അമ്മച്ചിമാരും ജീവനക്കാരുമെല്ലാം വലിയ 
ഉത്സാഹത്തോടെയാണ് കാര്‍ പാര്‍ക്കിംഗിന്റെ ഒരു ഭാഗത്ത് ഒരുക്കിയ ഈ 'എമര്‍ജന്‍സി അടുക്കള' കാണാനും സ്റ്റാഫിനെ പ്രോത്സാഹിപ്പിക്കാനും എത്തിയത്. ഒരിക്കല്‍പോലും വിറകടുപ്പില്‍ ഭക്ഷണം പാകം ചെയ്തിട്ടില്ലാത്തവര്‍ യുവതലമുറയില്‍ മാത്രമല്ല, മുതിർന്നവരിലും ഉണ്ടെന്ന് അവിടെവെച്ച് എനിക്ക് നേരിട്ട് ബോധ്യമായി.

ബ്ലെസ്സിലെ മുറ്റത്ത് ആ വിറകടുപ്പുകള്‍ പുകഞ്ഞപ്പോള്‍, അതിലൊരു തീപ്പൊരി എന്റെ ചിന്തയിലും വന്നു വീണു. നമ്മുടെ വിരല്‍ത്തുമ്പിലെ ആഡംബരങ്ങള്‍ പെട്ടെന്നൊരു ദിവസം നിലച്ചുപോയാല്‍ നമ്മള്‍ എന്തുചെയ്യും? ഗ്യാസ്  സിലിണ്ടറുകള്‍ ശൂന്യമാകുമ്പോള്‍, പ്രിയപ്പെട്ട ഹോട്ടലുകള്‍ ഷട്ടറുകള്‍ താഴ്ത്തുമ്പോള്‍ നാം തിരിച്ചറിയുന്ന ഒരു സത്യമുണ്ട് - അതിജീവനത്തിന്റെ പാഠങ്ങള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കിയില്ലെങ്കില്‍, പ്രകൃതിക്ഷോഭങ്ങളോ മനുഷ്യനിര്‍മ്മിത ദുരന്തങ്ങളോ സംഭവിക്കുമ്പോള്‍ അവര്‍ ഇതികര്‍ത്തവ്യതാമൂഢരായി പകച്ചുപോയേക്കാം.

അടുപ്പുകൂട്ടി ചുള്ളിക്കമ്പ് കത്തിച്ച്, അതില്‍ ഇത്തിരി കഞ്ഞിയെങ്കിലും ഉണ്ടാക്കാന്‍ നമ്മുടെ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുന്നത് നല്ലതാണോ? ജെമിനി AI-യോട് ഞാന്‍ ഈ ചോദ്യം ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി നമ്മളെല്ലാം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. ആധുനിക സാങ്കേതികവിദ്യയുടെ സംഭാവനയായ നിര്‍മ്മിത ബുദ്ധി നല്‍കിയ ആ മറുപടി ഇങ്ങനെയായിരുന്നു:

* അതിജീവന ശേഷി (Survival Skills): സകല സൗകര്യങ്ങളും പെട്ടെന്ന് ഇല്ലാതാകുന്ന സാഹചര്യങ്ങളില്‍ ലഭ്യമായ ചുറ്റുപാടില്‍ നിന്ന് തീയുണ്ടാക്കാനും ഭക്ഷണം പാകം ചെയ്യാനും അറിയുന്നത് വലിയ ആത്മവിശ്വാസം നല്‍കും.

* പ്രകൃതിയുമായുള്ള ബന്ധം: ഗ്യാസ് സ്റ്റൗവില്‍ നിന്ന് മാറി പ്രകൃതിദത്തമായ വിറകും മറ്റും ഉപയോഗിക്കുമ്പോള്‍ പരിസ്ഥിതിയെ കൂടുതല്‍ അടുത്തറിയാന്‍ സാധിക്കും.

* ക്ഷമയും അച്ചടക്കവും: വിറക് കൂട്ടി തീയുണ്ടാക്കി കഞ്ഞി വേവിക്കുന്നത് ഒരു കലയാണ്. ഇന്‍സ്റ്റന്റ് ഭക്ഷണങ്ങളുടെ കാലത്ത് ഈ കാത്തിരിപ്പ് നല്ലൊരു പാഠമാണ്.

* മാനസിക ഉന്മേഷം: കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ പുറത്ത് ഇത്തരത്തില്‍ ലളിതമായ പാചകം ചെയ്യുന്നത് വലിയൊരു മാനസിക ഉന്മേഷം നല്‍കും.

ഇതുപോലെ പഴയകാലത്തെ മറ്റ് ചില അതിജീവന വിദ്യകളെക്കുറിച്ചും കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണം. കിണറ്റില്‍ നിന്ന് വെള്ളം കോരുന്നതും, പ്രകൃതിദത്തമായി മീന്‍ പിടിക്കുന്നതും, ദിശ മനസ്സിലാക്കുന്നതും, മരത്തില്‍ കയറുന്നതും, ഔഷധസസ്യങ്ങളെ തിരിച്ചറിയുന്നതുമെല്ലാം വെറും ജോലികളല്ല; മറിച്ച് പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനുള്ള ശാസ്ത്രീയ വഴികള്‍ കൂടിയാണ്.

ഇന്ന് സ്വിച്ച് ഇട്ടാല്‍ മോട്ടോര്‍ അടിക്കും എന്നതിനപ്പുറം വെള്ളത്തിന്റെ ഉറവിടത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. കിണറ്റില്‍ നിന്ന് വെള്ളം കോരുന്നത് മികച്ചൊരു വ്യായാമം മാത്രമല്ല, വെള്ളം പാഴാക്കാതിരിക്കാനുള്ള മനസ്സിനെ കൂടി അത് പാകപ്പെടുത്തുന്നു. അതുപോലെ, G.P.S പ്രവര്‍ത്തിക്കാതെ വന്നാലും, സൂര്യന്റെ സ്ഥാനം നോക്കി വഴി കണ്ടെത്താനുള്ള കഴിവ്, സാങ്കേതികവിദ്യയെ മാത്രം ആശ്രയിക്കാതെ സ്വന്തം ബുദ്ധി ഉപയോഗിക്കാനുള്ള ആത്മവിശ്വാസം നല്‍കുന്നു. ഒരു ഭക്ഷണവും ലഭിക്കാതെ വന്നാലും, ജീവന്‍ നിലനിര്‍ത്താനായി പാചകം ചെയ്യാതെ ഭക്ഷിക്കാവുന്ന ഇലകളും കായ്കനികളും ഏതൊക്കെയെും, പഠിച്ചു പരീക്ഷിച്ചറിഞ്ഞു വെക്കണം. 

ഇത്തരത്തിലുള്ള വിദ്യകള്‍ അറിയുന്ന കുട്ടികളുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷണീയമാകും. കൂടെയുള്ളവരുടെ ബഹുമാനവും സ്നേഹവും അവര്‍ നേടും. പ്രായത്തിന്റെ തികവില്‍ ഒരിണയെ ആകര്‍ഷിക്കാനും, ഒരു കുടുംബജീവിതം കാര്യക്ഷമമായി നയിക്കാനും ഇത്തരം സിദ്ധികള്‍ ഉപകാരപ്പെടും.

നമ്മള്‍ പഠിക്കേണ്ടത് പുസ്തകങ്ങള്‍ മാത്രമല്ല, പ്രകൃതിയെ കൂടിയാണ്. ചുള്ളിക്കമ്പുകള്‍ പെറുക്കി ഒരു തീപ്പൊരിയില്‍ നിന്ന് ജ്വാലയുണ്ടാക്കുമ്പോള്‍ അത് നിങ്ങളുടെ മനസ്സിനെയാണ് പാകപ്പെടുത്തുന്നത്. ഹോട്ടലുകള്‍ അടച്ചുപൂട്ടിയാലും, വിതരണ ശൃംഖലകള്‍ മുറിഞ്ഞാലും, സ്വന്തം കൈകൊണ്ട് ഒരു തവി കഞ്ഞി ഉണ്ടാക്കാന്‍  അറിയുവര്‍ ലോകത്ത് എവിടെയും 
പതറില്ല. ആ കഞ്ഞിക്കലത്തില്‍ തിളയ്ക്കുത് വെറും വെള്ളമല്ല, നിങ്ങളുടെ ആത്മബലമാണ്.

പ്രിയപ്പെട്ട ചെറുപ്പക്കാരെ, ഗാഡ്ജെറ്റുകള്‍ക്ക് പുറത്തുള്ള യഥാര്‍ത്ഥ ലോകത്തെ നിങ്ങള്‍ തൊട്ടറിയണം. ഇടയ്ക്കെങ്കിലും ആ ഫോണുകള്‍ മാറ്റിവെച്ച് മണ്ണിലിരുന്ന് തീ കൂട്ടി, സ്ക്രീന്‍ വെളിച്ചത്തിനപ്പുറത്തെ കനല്‍ വെളിച്ചം കണ്ടെത്തണം. 

ആ കനലിന് നിങ്ങളുടെ ഭാവിയെ പ്രകാശിപ്പിക്കാനുള്ള കരുത്തു പകരാന്‍ സാധിക്കും.

Share this Story