ജോലിയുടെ സമ്മര്‍ദ്ദവും മത്സരങ്ങളും മൂലം ജീവിക്കാന്‍ മറന്നു പോകുന്നവരും, ജീവിതം ദുസ്സഹമായവരും നമുക്കിടയില്‍ ഇന്നു ധാരാളം. "
ഏറ്റവും മുന്തിയതു നേടി" എന്നു ആരെയൊക്കെയോ കാണിക്കാനായി അമിതാവേശത്തില്‍ നടത്തുന്ന നെട്ടോട്ടങ്ങളും കാപട്യങ്ങളും, മത്സരങ്ങളും, ജീവിതം ഏറ്റവും മികച്ചതാക്കാന്‍ ശ്രമിക്കുന്നതിന്‍റെ കടബാദ്ധ്യതകളുമാണ് പലരുടെയും സമ്മര്‍ദ്ദങ്ങളുടെ കാരണം.
പഠിക്കുന്ന കാലത്ത് ഉന്നത വിദ്യാഭ്യാസത്തിന്‍റെയും, പഠനം കഴിയുമ്പോള്‍ ഏറ്റവും ഉയര്‍ന്ന ജോലി നേടാനും, കിട്ടിയ ജോലിയില്‍ കൂടുതല്‍ ഉയരാനും, ജീവിതത്തില്‍ എന്നും സമ്മര്‍ദ്ദം തന്നെയാണിവര്‍ക്ക്. ജീവിതത്തില്‍ ജോലിയുടെ പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കിയാല്‍ ഈ സമ്മര്‍ദ്ദങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാം.
അതിനു, ആദ്യം ജീവിതം എന്താണെന്നും, കുടുംബം എന്താണെന്നും, ജോലി ചെയ്യുന്നത് എന്തിനാണെന്നും,
എന്താണിതിന്‍റെ പ്രയോജനങ്ങള്‍ എന്നും ഒരു ധാരണ സ്വയം വളര്‍ത്തിയെടുക്കണം. 
ജീവനവും ഉപജീവനവും
ഒരു സ്ത്രീയും ഒരു പുരുഷനും ചേര്‍ന്നാണ് ഓരോ കുഞ്ഞിനും ജന്മം നല്‍കുന്നത്. ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ ആയിട്ടാണ്, ഓരോ കുഞ്ഞും ജന്മം കൊള്ളുന്നത്.
ജന്മം നല്‍കിയ സ്ത്രീയും പുരുഷനും, ആദ്യം അവരുടെ മാതാപിതാക്കളുടെ കുഞ്ഞായി ജനിച്ചു, അവരുടെ സംരക്ഷണത്തില്‍ ഓരോന്ന് പഠിച്ചു വളര്‍ന്നു, കാലത്തിന്‍റെ തികവില്‍ ഇണകളായി, പരസ്പരം ഇണയും തുണയുമായി അവരുടെ മാതാപിതാക്കള്‍ക്കും തുണയായി വളര്‍ന്നവരാണ്. ഇനി പ്രകൃതി ധര്‍മ്മം നിറവേറ്റി സ്വന്തം കുടുംബം സൃഷ്ടിച്ചു വളര്‍ത്തി, തങ്ങളുടെ അദ്ധ്വാന ഫലങ്ങള്‍ പിന്തുടരണം, പ്രായമേറുമ്പോള്‍ തങ്ങള്‍ക്കും തുണയാകണം എന്നൊക്കെ ആഗ്രഹിച്ചു, അവര്‍ സ്വന്തം കുഞ്ഞുങ്ങള്‍ക്കു ജന്മം കൊടുക്കുന്നു.
അനേകം തലമുറകളായി ഇതാണ് മനുഷ്യന്‍ ആവര്‍ത്തിച്ചു വരുന്നത്. ഇതു തുടര്‍ന്നു കൊണ്ടേയിരിക്കും, കാരണം പ്രകൃതി അങ്ങനെയാണ് ജീവികളെ സൃഷ്ടിച്ചിരിക്കുന്നത്.
സിവിലൈസ്ഡ് സമൂഹത്തില്‍, ജന്മം നല്‍കിയ സ്ത്രീയും പുരുഷനും അവരുടെ കുഞ്ഞിനു പ്രായപൂര്‍ത്തി ആകുന്നതു വരെ കുഞ്ഞിനെ സംബന്ധിച്ച എല്ലാ കാര്യങ്ങള്‍ക്കും മാതാവും പിതാവും എന്ന നിലയില്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവരാണ്. ഒരു വ്യക്തിക്കു പ്രായപൂര്‍ത്തി ആകും വരെ അയാളെ സംബന്ധിച്ച നിയമപരമായ രേഖകളില്‍ ഒപ്പു വെയ്ക്കേണ്ടത്, അയാളുടെ രക്ഷകര്‍ത്താവായിരിക്കണം എന്നതാണ് നാടിന്‍റെ വ്യവസ്ഥ.
സാധാരണഗതിയില്‍ മാതാപിതാക്കളാണ് അയാള്‍ക്കു വേണ്ടി ഉത്തരവാദിത്വം ഏറ്റെടുക്കുന്ന രക്ഷകര്‍ത്താക്കള്‍. മാതാപിതാക്കളില്ലാതെ പോകുന്ന സാഹചര്യത്തില്‍ ബന്ധുക്കളോ, അനാഥരാണെങ്കില്‍ അവരെ സംരക്ഷിക്കാന്‍ സന്നദ്ധതയുള്ള വ്യക്തികളോ സ്ഥാപനമോ ആ സ്ഥാനം ഏറ്റെടുക്കാറുണ്ട്.
തനിച്ചു ജീവിക്കാന്‍ സാധിക്കാത്ത ജീവിയായിട്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. കുഞ്ഞായിരിക്കുമ്പോഴും, വാര്‍ദ്ധക്യത്തിലും, രോഗം വരുമ്പോഴും മറ്റും, മറ്റാരുടെയെങ്കിലും സഹായവും സംരക്ഷണവും സ്നേഹവും ലഭിക്കാതെ, ജീവിതാവശ്യങ്ങള്‍ നടത്തിയെടുക്കാന്‍ ആര്‍ക്കും സാധിക്കില്ല. പ്രകൃതിദത്തമായി തന്നെ ജന്മനാ വിശേഷബുദ്ധി ലഭിച്ചിട്ടുള്ള മനുഷ്യന്‍, അതിനായി കണ്ടെത്തിയ ഏറ്റവും ഉത്തമ മാര്‍ഗ്ഗമാണ് കുടുംബം എന്ന സംവിധാനം. രോഗങ്ങളോ, അപകടങ്ങളോ, ശത്രുക്കളുടെ ആക്രമണമോ, പ്രകൃതി ദുരന്തങ്ങളോ ഒക്കെ നേരിടേണ്ടി വരുമ്പോള്‍, സ്വന്തം കുടുംബം ഉള്ളവര്‍ക്ക് പരസ്പരം തുണയാകാന്‍ കഴിയും. അതിനാല്‍, നിസ്സഹായാവസ്ഥയിലുള്ള ഒരു കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ നമുക്കു ലഭിച്ച സ്നേഹവും കരുതലും തുണയും, അതിലധികമായി പരമാവധി തിരികെ നല്‍കേണ്ടത്, ഓരോ മനുഷ്യന്‍റെയും ധര്‍മ്മമാണ്, കടമയാണ്.
ആരോടും പങ്കാളിത്തമില്ലാതെ, സ്നേഹവും കരുതലും തുണയും, കൊടുക്കാനും ലഭിക്കാനും ഉറ്റവരാരുമില്ലാതെ, ഞാന്‍ മാത്രം, എന്‍റേതു മാത്രം, എന്നൊക്കെ ഓരോ സ്വാര്‍ത്ഥതയാല്‍ ഒറ്റപ്പെട്ടു ജീവിക്കുന്നവരാണ്, ഇണയും തുണയും ഒന്നുമില്ലാതെ, പ്രതിസന്ധികളില്‍ തളര്‍ന്നു പരാജയപ്പെടുന്നത്.
നമ്മളില്‍ ബഹുഭൂരിപക്ഷവും ജനനം മുതല്‍ വളര്‍ന്നു വരുന്നത് മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും അടങ്ങുന്ന, കുടുംബം എന്ന സംവിധാനത്തിലുടെയാണ്. കുടുംബത്തിലെ ദൈനംദിന ആവശ്യങ്ങള്‍ നടത്തണമെങ്കില്‍ അതിനുള്ള വരുമാനം അവര്‍ക്കുണ്ടാകണം. അതു ലഭിക്കാന്‍, ഓരോ മനുഷ്യരും, ധനമോ സാധനങ്ങളോ സേവനങ്ങളോ ലഭിക്കുന്ന എന്തെങ്കിലും പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നു. അതാണ് അവരുടെ തൊഴില്‍.
അതേ, നമ്മുടെ ജീവനം പരിപാലിക്കാനുള്ള ഉപജീവന മാര്‍ഗ്ഗമാണ് തൊഴില്‍ എന്നത്.
സാധാരണയായി ഓരോ കുടുംബത്തിലും, ആ കുടുംബനാഥനും കുടുംബനാഥയും കൂടിയാണ് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തി കുടുംബം നടത്തുന്നത്. കുടുംബാംഗങ്ങളും അവരവര്‍ക്ക് സാധിക്കുന്ന രീതിയില്‍ ഇതില്‍ പങ്കു ചേരുന്നു. ജനിച്ചപ്പോള്‍ മുതല്‍ ഇതിന്‍റെ പങ്കു പറ്റിയാണ് നമ്മള്‍ നമ്മളായി വളര്‍ന്നത്.
വരുമാനം ഉണ്ടാക്കാന്‍ എല്ലാവര്‍ക്കും കഴിയുന്നില്ലെങ്കില്‍ പോലും, ചിലവുകള്‍ നിയന്ത്രിക്കാന്‍ എല്ലാവര്‍ക്കും സാധിക്കും എന്ന സൂത്രവാക്യം ആയിരുന്നു പഴയ തലമുറയെ നയിച്ചിരുന്നത്.
ഇക്കാലത്ത് ചിലവുകള്‍ നിയന്ത്രിക്കണം എന്നു ചിന്തിക്കാന്‍ പോലും അവസരം ലഭിക്കാത്ത വിധം, മനുഷ്യരെ മോഹവലയത്തിലാക്കുന്ന ധാരാളം സാധനസാമഗ്രികളുടെയും, അതു സ്വന്തമാക്കാന്‍ നമ്മളെ പ്രലോഭിപ്പിക്കുന്ന അനായാസ വായ്പകളുടെയും, കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളാണ് ദിവസേന നമ്മുടെ മുന്നിലും പിന്നിലും വന്ന് കൊതിപ്പിക്കുന്നത്.
തന്മൂലം തിരിച്ചടവിനു തക്കതായ വരുമാനം ഇല്ലെങ്കിലും, മോഹം തോന്നുന്ന കാര്യങ്ങള്‍ക്കായി കടം വാങ്ങി കടക്കെണിയില്‍ അകപ്പെടും. അപ്പോഴാണറിയുന്നത് സ്വന്തം കിഡ്നിയും കരളും ഹൃദയവും ഒക്കെ പണയത്തിലായി എന്ന്.
നിസ്സഹായാവസ്ഥയിലുള്ള ഒരു കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ നമുക്കു ലഭിച്ച സ്നേഹവും കരുതലും തുണയും, അതിലധികമായി പരമാവധി തിരികെ നല്‍കേണ്ടത്, ഓരോ മനുഷ്യന്‍റെയും ധര്‍മ്മമാണ്, കടമയാണ്.
ഏതെങ്കിലും ലോട്ടറി അടിച്ചെങ്കിലേ തന്‍റെ കടബാദ്ധ്യതകള്‍ തീരുകയുള്ളു എന്ന അവസ്ഥയിലാണ് ഇന്ന് പലരും. എത്ര ലോട്ടറി വില്പനക്കാരാണ് നമുക്കു ചുറ്റും എന്നു നോക്കൂ.
കടം വീട്ടാന്‍ തക്ക വരുമാനം ഇല്ലാത്തതിനാല്‍, ഉള്ള തുച്ഛ വരുമാനം ലോട്ടറിയിലും ചൂതുകളിയിലും ഓണ്‍ലൈന്‍ തട്ടിപ്പുകളിലും നഷ്ടപ്പെടുത്തുന്നു. ഒടുവില്‍, എന്തു ചെയ്തും, പെട്ടെന്നു കുറെ പണം ലഭിക്കാനായി, കുറ്റകൃത്യങ്ങളിലോ മയക്കു മരുന്നിലോ ഒക്കെ ഏര്‍പ്പെട്ടു ജീവിതം നശിച്ചവരുടെ കഥകള്‍ ഇക്കാലത്ത് ഏറി വരുന്നു.
ഉപജീവനത്തിനും സ്റ്റാറ്റസിനും ഉള്ള മാര്‍ഗ്ഗം എന്ന നിലയിലാണ്, ധാരാളം പണം ചിലവഴിച്ചു, കടം വാങ്ങി പോലും, മക്കള്‍ക്കു ഉന്നത വിദ്യാഭ്യാസം നല്‍കുന്നത്. പക്ഷേ ഒന്നോര്‍ക്കണം, സര്‍ട്ടിഫിക്കേറ്റ് ഉള്ളതു കൊണ്ടു മാത്രം കാര്യപ്രാപ്തി ഉണ്ടാവണമെന്നില്ല.
മക്കള്‍ക്കു ഉപജീവനത്തിനുള്ള വഴി തെളിയുകയും, ഒരു കുടുംബം നടത്താനുള്ള പ്രാപ്തി ആവുകയും ചെയ്യുമ്പോള്‍, അവരുടെ വിവാഹം കെങ്കേമമായി നടത്തുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമായി മാതാപിതാക്കള്‍ കരുതുന്നു. പക്ഷേ ആര്‍ഭാടത്തിനും, ഷോഓഫിനും, പോരായ്മകള്‍ മറച്ചുവെക്കാനും മറ്റും വരവിലധികം ചിലവഴിക്കുന്ന പ്രവണത, നമ്മുടെ കുടുംബങ്ങളെ കടക്കെണിയില്‍ ആക്കുന്നുണ്ട്.
വിവാഹാഘോഷങ്ങളിലും മറ്റും ഇപ്പോള്‍ കണ്ടു വരുന്ന ആര്‍ഭാടവും നാടകങ്ങളും, അനുകരിച്ചാല്‍ കൂടുതല്‍ കടക്കെണി ആകും, അനുകരിച്ചില്ലെങ്കില്‍ നമ്മള്‍ അവരേക്കാള്‍ മോശക്കാരാകില്ലേ എന്നൊക്കെ ഭയന്നു, വിവാഹമേ വേണ്ട എന്നു ചിന്തിക്കുന്ന ധാരാളം ചെറുപ്പക്കാരുണ്ട് നമുക്കിടയില്‍. 
ആര്‍ഭാടമൊന്നും ഇല്ലെങ്കിലും, നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന്‍റെ നടപടി ക്രമങ്ങള്‍ പാലിച്ച്, പ്രായപൂര്‍ത്തിയായ ഒരു പുരുഷനും ഒരു സ്ത്രീയും ചേര്‍ന്ന് ഒരു കുടുംബമായി, അതിന്‍റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് ജീവിക്കും എന്ന്, ഇരുവരുടെയും ഏറ്റവും വേണ്ടപ്പെട്ടവരുടെ സാന്നിദ്ധ്യത്തില്‍ പ്രഖ്യാപിച്ച് രേഖപ്പെടുത്തിയാല്‍ അവര്‍ ഒരു പുതിയ കുടുംബം ആയി മാറില്ലേ?
കുടുംബാംഗങ്ങളുടെ ഐക്യവും സ്നേഹവും പങ്കാളിത്തവുമാണ് നിങ്ങളുടെയും നിങ്ങള്‍ക്കു വേണ്ടപ്പെട്ടവരുടെയും മനസ്സിനു തൃപ്തി നല്‍കുന്നത്. അതാണ് നിങ്ങളുടെ ജീവിതത്തിന്‍റെ യഥാര്‍ത്ഥ കെട്ടുറപ്പ്. അതു നഷ്ടപ്പെടുത്തി പകരം അസൂയ വളരുന്നത് നിങ്ങളുടെ ആര്‍ഭാടങ്ങളും പൊങ്ങച്ച പ്രകടനങ്ങളും വഴിയായിരിക്കും.
പ്രിയപ്പെട്ടവരേ, ഇതൊക്കെ വിലയിരുത്തി നിങ്ങള്‍ തന്നെ തീരുമാനിക്കൂ
ജീവിക്കാന്‍ വേണ്ടി ജോലി ചെയ്യണോ, അതോ ജോലി ചെയ്തു ഇ.എം.ഐ അടക്കാനായി ജീവിക്കണോ?
സ്വന്തം കുടുംബം സൃഷ്ടിക്കണോ, അതോ ഒറ്റത്തടിയായി ജീവിക്കണോ?
ആര്‍ഭാടം വേണോ, അതോ ആവശ്യങ്ങള്‍ നടത്തണോ?
തൊഴിലിനെക്കുറിച്ച് എന്‍റെ അനുഭവം
1977-ല്‍ പത്തൊമ്പതാമത്തെ വയസ്സില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ എനിക്കു ജോലി ലഭിച്ചു. എനിക്ക് ജോലി ചെയ്യാന്‍ അവസരം ലഭിച്ചയിടം, എന്‍റെ എല്ലാ കഴിവുകളും ഉപയോഗിച്ച് എത്രയും മെച്ചപ്പെട്ടതാക്കണം എന്ന ചിന്തയില്‍, എന്നോട് ആവശ്യപ്പെട്ടതിലും കൂടുതല്‍ കാര്യങ്ങള്‍ ഉത്സാഹത്തോടെ എന്നാലാവുന്ന വിധം ഞാന്‍ ചെയ്തു കൊണ്ടിരുന്നു. അതു ശ്രദ്ധിച്ച മേലധികാരികള്‍ കൂടുതല്‍ ഉത്തരവാദപ്പെട്ട ജോലികളും, അതു വരെ പരീക്ഷിച്ചിട്ടു പോലുമില്ലാത്ത കാര്യ
ങ്ങളും നടത്തിയെടുക്കാന്‍ എന്നെ ഏല്പിച്ചു. ജോലിസ്ഥലത്ത് എനിക്ക് എന്‍റേതായ ഒരു പ്രത്യേക സ്ഥാനവും വിലയും ലഭിക്കാന്‍ അതിടയാക്കി.
അതുവഴി ഞാന്‍ പഠിച്ചു, ജോലി എന്നത്, എനിക്കു ജീവിക്കാനവസരം തന്ന ഈ പ്രപഞ്ചത്തിനും, സമൂഹത്തിനും, സഹജീവികള്‍ക്കും, എന്‍റെ കഴിവും സിദ്ധികളും കൊണ്ട് കൊടുക്കാന്‍ സാധിക്കുന്ന പ്രയോജനങ്ങള്‍ ഞാന്‍ കൊടുത്തു കൊണ്ടിരുന്നാല്‍, ഒരു ഉപജീവന മാര്‍ഗ്ഗത്തിനുമപ്പുറം, എനിക്ക്, എന്നോടു തന്നെ വിലയും മതിപ്പും തോന്നുവാനും, സന്തോഷം കണ്ടെത്താനുമുള്ള ഉപാധിയാക്കി എന്‍റെ തൊഴിലിനെ മാറ്റാന്‍ സാധിക്കും എന്ന്.
അതങ്ങിനെയാക്കി രൂപപ്പെടുത്താന്‍ ധാരാളം അദ്ധ്വാനവും ബുദ്ധിമുട്ടുകളും, ക്ളേശങ്ങളും സഹിക്കേണ്ടി വന്നേക്കാം. പക്ഷേ ഓര്‍ക്കുക ڊ
ഗോതമ്പു പൊടിഞ്ഞിട്ടും, മുന്തിരി പിഴിഞ്ഞിട്ടും മാത്രമേ, അവ അപ്പവും, വിഞ്ഞും, ആയി മാറുന്നുള്ളു.
സസ്നേഹം
ജോര്‍ജ്ജ് കാടങ്കാവില്‍