Back to articles

കൾഗം കുരയ്ക്കുന്നു

March 01, 2015

ഒരനുഭവം പറഞ്ഞാൽ സാർ അതെക്കുറിച്ച് എഴുതാമോ? എന്ന് ചോദിച്ചാണ് ഒരു അമ്മ എന്നെ വിളിക്കുന്നത്.

എന്തെങ്കിലും ഗുണപാഠമുള്ള അനുഭവമാണെങ്കിൽ തീർച്ചയായും എഴുതാം എന്നു പറഞ്ഞ് ഞാനവരെ പ്രോത്സാഹിപ്പിച്ചു.

അനേകം വർഷങ്ങളായി കേരളത്തിന് പുറത്ത് സെറ്റിൽ ആയിരിക്കുന്നവരാണ് ഞങ്ങൾ. കേന്ദ്ര ഗവ.സർവ്വീസിൽ ക്ളാസ്സ് വൺ ആഫീസറാണ് ഞാൻ. ഭർത്താവും തുല്യ നിലയിലുള്ള ഗവ ഉദ്യോഗസ്ഥനായിരുന്നു, അഞ്ചു വർഷം മുമ്പ് അദ്ദേഹം മരിച്ചു. ഞങ്ങൾക്ക് ഒരു മകളുണ്ട്, ഡോക്ടറാണ്. അവൾക്കു വിവാഹം അന്വേഷിക്കാൻ തുടങ്ങിയിട്ടേ ഉള്ളു. നാട്ടിൽ ഞങ്ങൾക്ക് അറിയുന്ന ഒരു കുടുംബത്തിലെ പയ്യൻ എൻജിനീയറായി ഇവിടെ ജോലി ചെയ്യുന്നു. ഈ പയ്യന്റെ പ്രൊഫൈൽ സൈറ്റിൽ കണ്ട് ഞാൻ ഒരു പ്രൊപ്പോസൽ അയച്ചു.

അടുത്ത ദിവസം തന്നെ പയ്യന്റെ  അപ്പച്ചൻ എന്നെ ഫോണിൽ വിളിച്ചു. പ്രൊപ്പോസൽ കണ്ടിരുന്നു നമ്മൾ അറിയുന്ന വീട്ടുകാരാണല്ലോ, നമുക്ക് ആലോചിക്കാം.
നിങ്ങൾക്ക് എന്തു കൊടുക്കാനുള്ള കപ്പാസിറ്റിയുണ്ട്?

എന്റെ  സാറേ, ഈ ചോദ്യം കേട്ടപ്പോഴേ ഞാൻ ഫോൺ കട്ട് ചെയ്യാൻ പോയതാണ്. പിന്നെ കരുതി, ഈ കല്യാണം ഏതായാലും വേണ്ട, എങ്കിലും ഇയാൾ എത്രത്തോളം തരം താഴും എന്ന് അറിയാൻ വേണ്ടി, ഞാൻ പറഞ്ഞു, എനിക്ക് ഒറ്റമകളാണ്. ഞങ്ങൾക്ക് ഇവിടെ വീടുണ്ട്, അത് മകളുടെ പേരിലാണ്. കൂടാതെ നാട്ടിലും കുറച്ച് പ്രോപ്പർട്ടി പിതൃസ്വത്തായിട്ട് ഉണ്ട്. അതെല്ലാം മകൾക്ക് അവകാശപ്പെട്ടതാണ്.

അതെല്ലാം കൂടി മൂല്യം എത്രയെന്ന് രൂപയിൽ പറയാമോ എന്നായി അടുത്ത ചോദ്യം.
പെട്ടെന്ന് മനസ്സിൽ വന്ന തുക ഞാൻ അങ്ങ് പറഞ്ഞു.
അപ്പോഴങ്ങേര് നായ കുരയ്ക്കുന്നതു പോലെ ഒരു ചോദ്യം. " How dare you propose with my son"
ഞങ്ങൾക്ക് എന്ത് ആസ്തിയുണ്ട് എന്ന് നിങ്ങൾക്ക് എന്തെങ്കിലും അറിയാവോ?

ഇതുവരെ അറിയില്ലായിരുന്നു, ഇപ്പോൾ മനസ്സിലായി, നമ്മൾ തമ്മിൽ ഒരു വിധത്തിലും ചേരില്ല എന്ന്.
ഈ ആലോചന ഇവിടെ അവസാനിപ്പിക്കുകയാണ്. എനിക്കു വേണ്ടി ചെലവഴിച്ച സമയത്തിന് നന്ദി എന്നു പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു.

എന്റെ  പെങ്ങളേ, എത്ര ഭംഗിയായിട്ടാണ് നിങ്ങള് ഈ കേസുകെട്ട് കൈകാര്യം ചെയ്തത്. മാഡത്തിന്റെ സ്ഥാനത്ത് വേറേ ആരെങ്കിലുമായിരുന്നെങ്കിൽ ഒന്നുകിൽ മിണ്ടാതെ വേദന കടിച്ചൊതുക്കുമായിരുന്നു, അല്ലെങ്കിൽ തിരിച്ചുും രണ്ടു കുരയ്ക്കുമായിരുന്നു.

ഉവ്വ് സാർ ഞാനും കുരയ്ക്കാൻ പഠിച്ചു. ഈ സംഭവം കഴിഞ്ഞതിന്റെ പിറ്റേദിവസം ഒരു പി.ജി ഡോക്ടറുടെ അപ്പച്ചൻ വിളിച്ചു ഞങ്ങളുടെ വിവരങ്ങളൊക്ക തിരക്കി. പിന്നെ അവരുടെ കുടുംബവിവരം കുറെ പറഞ്ഞു.

പയ്യന് മകളെ വന്നു കാണാൻ എപ്പോഴായിരിക്കും സൌകര്യം എന്നു ഞാൻ തിരക്കിയപ്പോൾ മൂപ്പര് പറഞ്ഞു, മെഡിക്കൽ പി.ജി കിട്ടുക എന്നു പറഞ്ഞാൽ ഒറുപാട് പണ ചെലവ് ഉള്ള കാര്യമാണെന്ന് അറിയാമല്ലോ?
നിങ്ങളുടെ ഫൈനാൻഷ്യൽ സ്റ്റാറ്റസ് എന്താണെന്ന് ഒക്കെ അറിയാതെ വെറുതെ പെണ്ണുകാണൽ നടത്തുന്നത് എങ്ങനെയാണെന്ന്.

അപ്പോൾ ഞാനും അറിയാതെ അങ്ങ് കുരച്ചു പോയി സാർ.......

പെങ്ങളേ, കുരയ്ക്കാത്തവർ കുരയ്ക്കുന്ന ഒരു സംഭവം ഞാൻ ഈയിടെ കണ്ടു. കഴിഞ്ഞ ദിവസം എനിക്കൊരു സംഗമം ഉണ്ടായിരുന്നു. കൂത്താട്ടുകുളത്തിനടുത്ത് ഉഴവൂരിൽ ഉള്ള ഒരു ഫാം റിസോർട്ടിൽ ആയിരുന്നു പരിപാടി.
റിസോർട്ടിന്റെ റിസപ്ഷനോട് ചേർന്ന് ഒരു വലിയ പട്ടിക്കൂടുണ്ട്. ചുറ്റും ഇരുമ്പഴികൾ ഉള്ള ഓട് മേഞ്ഞ മേൽക്കൂരയുള്ള കൂട്. പ്ളൈവുഡ് കൊണ്ട് ഇതിനെ രണ്ടായി തിരിച്ചിരിക്കുന്നു.
അതിൽ ഒരു ഭാഗത്ത് കറുത്ത രണ്ട് ഭയങ്കരൻ പട്ടികൾ, ആരേക്കണ്ടാലും ഇടിവെട്ടുന്നതു പോലെ കുരച്ച് പേടിപ്പിക്കും. കൂടിന്റെ മറുഭാഗത്ത് പൂവനും പിടയുമായി രണ്ട് കൾഗം പക്ഷികളെയും പാർപ്പിച്ചിട്ടുണ്ട്.

ഈ ഭയങ്കരൻ പട്ടികളുടെ കുര നിത്യവും കേട്ട് ഭീതിയിൽ കഴിയുകയാണല്ലോ ഈ പക്ഷികൾ എന്നൊരു അനുകമ്പയാണ് എനിക്ക് അപ്പോൾ തോന്നിയത്, അത് ഞാൻ കൂടെയുള്ളവരോടും പറഞ്ഞു.

പക്ഷേ, രാവിലെ എന്റെ മകൾ എന്നെ വിളിച്ചു കാണിച്ചു,
അപ്പാ നോക്ക്, ഈ കൾഗങ്ങളെ അഴിച്ചു വിട്ടിരിക്കുകയാണ്. അതുങ്ങള് ദേ കൂടിന്റെ  വട്ടത്തിൽ കുരച്ച് നടക്കുന്നു.
കുരയ്ക്കുന്ന പട്ടികളുടെ കൂടെ കഴിഞ്ഞ് ഈ പക്ഷികൾ പേടിച്ചിട്ടൊന്നുമില്ല, മറിച്ച് പട്ടികളെപ്പോലെ കുരയ്ക്കാനാണ് ഇതുങ്ങളും ശ്രമിക്കുന്നത്.

സത്യത്തിൽ കൾഗം കുരച്ചതല്ല, അതിന്റെ ശബ്ദം നമുക്ക് പരിചിതമല്ലാത്തതിനാൽ അത് കുരച്ചതായി വ്യാഖ്യാനം ചെയ്യപ്പെടുകയാണുണ്ടായത്.
നമ്മൾ കേൾക്കുന്നത് ഓരോന്നും വ്യാഖ്യാനം ചെയ്ത് നമ്മൾ ഓരോ നിഗമനങ്ങളിൽ എത്തും. അതുപോലെ തന്നെ നമ്മുടെ ശബ്ദം മറ്റുള്ളവർ വ്യാഖ്യാനം ചെയ്ത് അവരും ഓരോരോ നിഗമനങ്ങൾ സൃഷ്ടിക്കും എന്ന് മറക്കരുത്.

മാഡം വേണമെങ്കിൽ ഈ പക്ഷികളെപ്പോലെ കുരയ്ക്കുന്നത് പഠിച്ചെടുത്തോളൂ, പക്ഷേ അത് ഒരു സ്ഥിരം സ്വഭാവമാക്കേണ്ട. ആദ്യത്തെ നയതന്ത്ര സംഭാഷണത്തെക്കുറിച്ച് കേട്ടപ്പോൾത്തന്നെ എനിക്ക് മാഡത്തിനോട് എത്ര മതിപ്പ് തോന്നി എന്നറിയുമോ.
ആരുടെയെങ്കിലും കുര കേട്ട് ആ മതിപ്പ് നഷ്ടപ്പെടുത്തരുതേ.

താങ്ക് യൂ സാർ, എനിക്ക് ഒരു കാര്യം കൂടി അറിയണമായിരുന്നു. കേരളത്തിൽ കല്യാണം ആലോചിക്കുമ്പോൾ, ഇതാണോ സാധാരണ ശൈലി?
എത്ര കാശ് എന്നു പറഞ്ഞിട്ടേ കല്യാണക്കാര്യം പറയാൻ പാടുള്ളൂ എന്നുണ്ടോ?

ഇല്ല മാഡം, എത്ര കൊടുക്കും എന്ന് ചോദിക്കുന്നത് ഇപ്പോൾ അപൂർവ്വം ആണെന്നാ ഞാൻ മനസ്സിലാക്കുന്നത്.
ഈ അപൂർവ്വം ആളുകൾക്ക് മിക്കവാറും ചില തിരിച്ചടികളും കിട്ടുന്നതായി കണ്ടു വരുന്നു.

പക്ഷേ, ഒരു കാര്യം മാഡവും ശ്രദ്ധിക്കണം, കാശിന്റെ കാര്യം നിങ്ങളോട് ചോദിച്ചില്ലെങ്കിലും, ഒരു ആലോചന ഉറപ്പിക്കലിൽ എത്തണമെങ്കിൽ പിതൃസ്വത്തിനെക്കുറിച്ചും, കല്യാണച്ചെലവിനെക്കുറിച്ചും; വിവാഹ ഷോപ്പിംഗിനെക്കുറിച്ചും ഒക്കെയുള്ള ഇരുകൂട്ടരുടെയും കാഴ്ചപ്പാടുകൾ, സംസാരിക്കേണ്ട കാര്യങ്ങൾ തന്നെയാണ്.
ഇതിൽ ധാരണ ഉണ്ടാകാത്ത പ്രൊപ്പോസലുകൾ ഉറപ്പിക്കുന്നതിന് തൊട്ടു മുമ്പും, ചിലപ്പോൾ ഉറപ്പിക്കൽ കഴിഞ്ഞും ഒക്കെ മാറിപ്പോകുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

മാഡത്തിന്റെ ഉള്ളിൽ ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ഏതെങ്കിലും ആലോചന മുറുകി വന്ന് പരസ്പരം ചേരും എന്ന് ഉൾവിളി തോന്നിയാൽ ഇക്കാര്യം സംസാരിക്കാൻ സന്നദ്ധത കാണിക്കേണ്ടത് മാഡത്തിന്റെ  മര്യാദയാണ്.
ഡിമാന്റ് ചെയ്യുന്നവരോട് ബന്ധത്തിന് പോകേണ്ട എന്നു വച്ചാൽ മതി.
ജീവിതത്തിൽ മോഹിച്ചിട്ടുള്ളതെല്ലാം കൂടി ഒരു വിവാഹം വഴി നേടിയെടുക്കാൻ ശ്രമിക്കുന്നവരാണ് ഇത്തരം വില പേശലുകൾ നടത്തുന്നത്.

ഈ പെണ്ണും ഈ ചെറുക്കനും കൂടി ചേർന്നാൽ അവർ നല്ല അനുഭവങ്ങൾ സൃഷ്ടിച്ച് ഇരു കുടുംബത്തിനും അഭിമാനകരമായി ജീവിച്ചു മുന്നേറാനുള്ള കഴിവുകളും സാദ്ധ്യതകളും ഘടകങ്ങളും എന്തൊക്കെയുണ്ട് എന്നാണ് ഓരോ പ്രൊപ്പോസലിലും ആദ്യം വിശകലനം ചെയ്യേണ്ടത്.

NB: സഹജീവിസ്നേഹവും സമഭാവനയും ശ്രേഷ്ട ചിന്തകളുമുള്ള ആയിരക്കണക്കിന് മാതാപിതാക്കളുടെ മാർഗ്ഗനിർദ്ദേശങ്ങൾ ശ്രവിച്ച്, അനേക വർഷങ്ങൾ കൊണ്ട് ഉരുത്തിരിഞ്ഞു വന്ന ഒരു സംവിധാനമാണ് ബെത് ലെഹം.
"How dare you propose...." എന്നൊക്കെ ചിന്തിക്കുന്നവർ ഞങ്ങളോട് ക്ഷമിക്കുക, ബെത് ലെഹമിലെ സംവിധാനം നിങ്ങൾക്ക് ഉപകാരപ്രദമല്ല.

ബെത് ലെഹമിന്റെ  വെബ് സൈറ്റിൽ പ്രൊപ്പോസൽ അയക്കുന്ന സംവിധാനം ഒരിക്കൽക്കൂടി നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുകയാണ്.

പ്രഥമദൃഷ്ട്യാ താല്പര്യം തോന്നുന്ന പ്രൊഫൈലുകളിലേക്ക് ആദ്യം "Express Interest" അയക്കുക. മറുകൂട്ടർക്ക് താല്പര്യം ഇല്ലായെങ്കിൽ "Unable to Proceed" എന്ന് click ചെയ്ത് മറുപടി കൊടുത്താൽ ആ പ്രൊപ്പോസൽ അവിടം കൊണ്ട് അവസാനിച്ചു കൊള്ളും.
ഈ സാമാന്യ മര്യാദ നമ്മൾ പാലിച്ചേ മതിയാകൂ. നോ പറഞ്ഞിട്ടും വീണ്ടും ശല്യപ്പെടുത്തുന്നുവെങ്കിൽ, എന്നെ അറിയിക്കുക. യെസ് എന്നും നോ എന്നും പറയാത്തവരോട് ഒരു തീരുമാനമെടുക്കണം എന്ന് ആവശ്യപ്പെട്ടാൻ, എനിക്കൊരു ഈമെയിലോ, SMS ഓ, അയച്ചാൽ മതി.
ഞങ്ങൾ അവരെ വിളിച്ച് സംസാരിക്കാം.

നമുക്ക് ലഭിച്ച പ്രൊപ്പോസലിനോട് തിരികെയും താല്പര്യം തോന്നിയാൽ "Like to Proceed" എന്ന് മറുപടി കൊടുക്കുക. അവരെ കുറിച്ച് കൂടുതൽ എന്തെങ്കിലും അറിയാൻ "Send Message"എന്ന സൌകര്യം ഉപയോഗിച്ച് ഒരു മെസ്സേജും ഒപ്പം അയക്കുക.

ഫോണിൽ സംസാരിക്കാൻ പറ്റിയ സമയം എപ്പോഴാണ് എന്ന് മെസ്സേജ് വഴി ചോദിക്കുന്നത് നല്ലതാണ്.

കാരണം "Express Interest" അയച്ച ആൾ ആയിരിക്കില്ല ചിലപ്പോൾ ഫോൺ എടുക്കുന്നത്. നിങ്ങളെ അറിയാത്തതു പോലെയുള്ള അവരുടെ പ്രതികരണം കേൾക്കുമ്പോൾ, നല്ല പ്രൊപ്പോസലായിരുന്നെങ്കിൽ പോലും, അത് വേണ്ടെന്ന് വെച്ച പലരുടെയും അനുഭവങ്ങൾ ഞാൻ കേട്ടിട്ടുണ്ട്.

വിവാഹാർത്ഥിയെ കുറിച്ചുും, സഹോദരങ്ങൾ, ബന്ധുക്കൾ, മാതാപിതാക്കളുടെ സഹോദരങ്ങൾ ഇവരെക്കുറിച്ചും വിവരിക്കുന്ന ഒരു ബയോഡാറ്റ തയ്യാറാക്കി ഈമെയിൽ ചെയ്തു കൊടുക്കുന്നത്, അഭ്യസ്തവിദ്യരായ മാതാപിതാക്കളുടെ ശീലമായി കണ്ടു വരുന്നു.
ഇത് വളരെ ഉപകാരപ്രദമാണ്.

നേരിട്ട് ചോദിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ ബെത് ലെഹമിൽ അറിയിച്ചാൽ ഇവിടെ നിന്നും മറു പാർട്ടിയെ വിളിച്ച്, സംസാരിക്കുന്നതാണ്.
സാമ്പത്തിക കാര്യങ്ങൾ സംസാരിച്ചിട്ടില്ലെങ്കിൽ അത് അവരുടെ ശ്രദ്ധയിൽപെടുത്താം. എന്നാൽ എത്ര കൊടുക്കും എന്നു ചോദിക്കാനോ, ഇത്ര കൊടുക്കണം എന്നു പറയാനോ ഞങ്ങൾ തയ്യാറല്ല...

What is Profile ID?
CHAT WITH US !
+91 9747493248