Back to articles

എന്തൊരു വിരോധാഭാസം!

January 01, 2009

The Right Man With The Wrong Woman

or

The Wrong Man With The Right Woman.

വിവാഹിതരെല്ലാം തന്നെ ഇങ്ങനെ ചിന്തിച്ചിരിക്കാനിടയുണ്ട്. വർഷങ്ങൾ കൂടെ കഴിഞ്ഞിട്ടും സ്വന്തം പങ്കാളിയെ മനസ്സിലാക്കാൻ സാധിക്കാതെ വരുമ്പോഴാണ് ഇങ്ങനെ ചിന്തിച്ചു പോകുന്നത്.

ഒട്ടു മിക്ക മനുഷ്യരും, യഥാർത്ഥമല്ലാത്ത മറ്റെന്തൊക്കെയോ ഭാവങ്ങൾ അവരുടെ മുഖത്ത് അണിഞ്ഞു കൊണ്ടാണ് ഈ ലോകത്ത് ജീവിക്കുന്നത്.

മനസ്സിലെ അരക്ഷിതത്വ ബോധം കൊണ്ടാണ് നമ്മളിങ്ങനെ ചെയ്യുന്നത്. എന്നിട്ട് അതാണ് നമ്മുടെ പെർസനാലിറ്റി എന്ന് ധരിക്കും. പെർസോനാ എന്നാൽ മുഖമൂടി എന്നാണർത്ഥം.

എന്റെ യാഥാർത്ഥ്യം വെളിപ്പെട്ടു പോയാൽ സമൂഹം എന്നെ വിലവെയ്ക്കാതെ പോകുമോ, എന്നെ മുതലെടുക്കാൻ ശ്രമിക്കുമോ. എന്നൊക്കെയുള്ള ഭയം മൂലമാണ് മനുഷ്യൻ ഇങ്ങനെ മുഖംമൂടി ധരിക്കുന്നത്.

മുഖംമൂടികൾ ഇല്ലാതെ വെറും പച്ചയായ മനുഷ്യനായി ഇടപെടാൻ കഴിയുന്ന, മറ്റൊരു മനുഷ്യ ജീവിയെ പങ്കാളിയായി കിട്ടുമ്പോഴാണ് യഥാർത്ഥത്തിൽ കുടുംബജീവിതം ആരംഭിക്കുന്നത്. അതുകൊണ്ട്  Right എന്നോ Wrong എന്നോ ഒക്കെ വേഷം കെട്ടിയിട്ടുണ്ടെങ്കിൽ അതഴിക്കുക.

രണ്ടു പേരുടെയും സാമർത്ഥ്യത്തിൽ വ്യത്യാസങ്ങൾ ഉണ്ടായിരിക്കാം, അതിന്റെ പേരിൽ മത്സരിക്കേണ്ട, കുടുംബത്തിന്റെ പൊതു സ്വത്താണ് കുടുംബാംഗങ്ങളുടെ കഴിവുകൾ. അതേക്കുറിച്ച് അഭിമാനിക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുക.

രണ്ടു പേർക്കും ഒരേ സ്വഭാവം ആണെങ്കിൽ പരസ്പരമുള്ള ഇടപെടലുകൾ വളരെ സുഖകരമായിരിക്കും. എന്നാൽ കാതലായ ജീവിത പ്രശ്നങ്ങൾ നേരിടുമ്പോൾ, പെട്ടെന്ന് തളർന്നു പോകാം. വ്യത്യസ്ത സ്വഭാവമുള്ള പങ്കാളികളാണെങ്കിൽ, ഒരാൾക്ഷീണിക്കുമ്പോൾ, സ്വഭാവികമായി തന്നെ മറ്റേ ആൾ മുൻകൈ എടുക്കും.

പക്ഷേ ഈ സാദ്ധ്യതയും ആവശ്യവും മനസ്സിലാക്കാതെ, പരസ്പരം കുറ്റപ്പെടുത്തി, തമ്മിൽ തമ്മിൽ മത്സരിച്ചും വാശി പിടിച്ചും, ജീവിതം നരകമാക്കുന്ന എത്രയോ കുടുംബങ്ങളെയാണ് ജാഡ കാണിച്ച് നമ്മൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

ഒറ്റനിമിഷം കൊണ്ട് മാറിക്കിട്ടുന്ന ഒരു പ്രശ്നമാണിത്. എന്തിനു വേണ്ടി ജീവിക്കുന്നു എന്നും, എന്തിനു വേണ്ടിയാണ് വിവാഹം എന്നും വ്യക്തമായ തിരിച്ചറിവുണ്ടായാൽ മതി.

ഈ ഭൂമിയിലെ ജീവിതം ഒരു യാത്രയാണ്, ഇവിടെ സഞ്ചരിക്കാൻ നമുക്കു ലഭിച്ചിരിക്കുന്ന ഒരു പുറംതോടാണ് ശരീരം. നമ്മുടെ മാതാപിതാക്കളുടെ സഹയാത്രികരായാണ് നമ്മളീ ഭൂമിയിൽ എത്തിയത്. സഹോദരങ്ങളും, മറ്റ് ബന്ധുമിത്രാദികളും, പിന്നെ സ്വന്തം പങ്കാളിയും, കാലക്രമത്തിൽ മക്കളും ഓരോരോ സ്റ്റോപ്പിൽ നിന്നും സഹയാത്രികരായി ചേരുന്നു, ആരൊക്കെ എവിടെയൊക്കെ ഇറങ്ങുമെന്നോ, എപ്പോൾ വഴി പിരിയുമെന്നോ, ആർക്കും അറിയില്ല. ചിലരുടെ യാത്ര നമുക്ക് മുമ്പേ അവസാനിക്കുന്നു. നമ്മുടെ യാത്രയും ഒരിക്കൽ അവസാനിക്കും. എല്ലാ യാത്രക്കും ഏതെങ്കിലും ലക്ഷ്യമുണ്ട്. യാത്ര കഴിയുന്നത്ര സുഖകരമാക്കാൻ നമുക്ക് ആവുന്നത് നമ്മൾ  ചെയ്യണം. സഹയാത്രികരോട് തല്ലു പിടിക്കാതെ സൌഹൃദത്തിൽ ഇടപെടുന്നത്, യാത്ര സുഖകരമാക്കാൻ അത്യാവശ്യമാണ്.

പ്രായത്തിന്റെ തികവിൽ ഒരു മനുഷ്യന് തിരഞ്ഞെടുക്കാവുന്ന, ഭൂരിപക്ഷം മനുഷ്യരും തിരഞ്ഞെടുക്കുന്ന, ഒരു റൂട്ട് മാറ്റമാണ് വിവാഹം.

ബാക്കി യാത്രയിലുടനീളം ഒപ്പം ചേർന്ന് വേണ്ടതെല്ലാം പങ്കുവെച്ച്, ആ വഴിയിലൂടെ സഞ്ചരിച്ച്, ആ വഴിയോരങ്ങൾ ആസ്വദിച്ച്, സ്വന്തം കുടുംബം എന്നൊരു പ്രസ്ഥാനം കെട്ടിപ്പടുത്ത്, യാത്രയുടെ ഒരോർമ്മക്കുറിപ്പായി അത് അവശേഷിപ്പിച്ച്, യാത്ര പൂർത്തിയാക്കുന്നത് ഒരു വലിയ ഭാഗ്യം തന്നെയാണ്.

ഇത്തരം തിരിച്ചറിവുകൾ സ്വന്തം സാഹചര്യങ്ങളിൽ നിന്നും, ആർജ്ജിച്ചെടുക്കേണ്ടതാണ്. ജീവിതത്തേക്കുറിച്ച് ലളിതമായ ചോദ്യങ്ങൾ ചോദിക്കുകയും, ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന ശീലം ആരംഭിക്കുക. സജ്ജന സമ്പർക്കം. എന്നൊക്കെ പണ്ട് നീതി സാരത്തിൽ പഠിപ്പിച്ചിരുന്നു. ഇന്നും അത് പ്രസക്തമാണ്.

ജീവിക്കാൻ വേണ്ടിയാണ് ഉപജീവനം, എന്നാൽ ഉപജീവനത്തിനു വേണ്ടി ജീവിക്കുന്നവരാണ് നമ്മളിൽ പലരും.

പഠിക്കുന്നതും, ജോലി ചെയ്യുന്നതും, വിവാഹം ആലോചിക്കുന്നതും, ബന്ധങ്ങൾ  വളർത്തുന്നതും, മക്കളെ പഠിപ്പിക്കുന്നതും, അവരുടെ കല്യാണം ആലോചിക്കുന്നതും എല്ലാം ഉപജീവനം ലക്ഷ്യം വെച്ചുള്ളതായി മാറിയിരിക്കുന്നു ഇക്കാലത്ത്.

ഉപജീവനത്തിനുള്ള നെട്ടോട്ടത്തിനിടയിലും, ജീവിത പരിചയമുള്ള, പക്വമതികളുമായി സമ്പർക്കത്തിന് കുറച്ച് സമയം കണ്ടെത്താൻ ശ്രമിക്കൂ. അത് മനുഷ്യന് അത്യാവശ്യമാണ്.

Yes, Your Miseries Can Disappear.

George Kadankavil - January 2009

What is Profile ID?
CHAT WITH US !
+91 9747493248