Back to articles

"അത്യാഹിതം" ഒരു സംഭവം മാത്രം.

April 01, 2010

മകൾക്ക് ഒരു പ്രപ്പോസൽ ഉണ്ടെന്ന് പറയാൻ വിളിച്ചപ്പോഴാണറിയുന്നത്, അമേരിക്കയിൽ വെച്ച് ഒരു മഞ്ഞുകാറ്റിൽ പെട്ട്, തണുപ്പ് മൂലം ആ മകൾ മരിച്ചു എന്ന്.

അടുത്ത കാലത്ത് വിവാഹം കഴിഞ്ഞ ഒരു സമർത്ഥനായ ചെറുപ്പക്കാരനോട് ഹാപ്പി ബർത്ത് ഡേ വിഷ് ചെയ്യാൻ വിളിച്ചപ്പോഴാണറിയുന്നത്, കാറപകടത്തിൽ കാലിന്റെ സ്വാധീനം നഷ്ടപ്പെട്ട് അയാൾ ഇപ്പോൾ വീൽചെയറിലാണെന്ന്.

മകളുടെ വിവാഹം നിശ്ചയിച്ചിട്ട്, വീടു മോടി പിടിപ്പിച്ചുകൊണ്ടിരുന്ന അപ്പച്ചന്റെ വീട്ടിൽ നിന്നും എന്നെ വിളിച്ചു പറയുന്നു, ഗോവണിയിൽ നിന്നും വീണ്, തലക്ക് പരിക്കു പറ്റി ആൾ ഐസിയു വിൽ ആണെന്ന്.

പലരും ചോദിക്കാറുണ്ട് എന്തേ സാർ നല്ല നേരങ്ങളിൽ ഇങ്ങനെ അത്യാഹിതങ്ങൾ വന്ന് നമ്മുടെ സ്വപ്നങ്ങൾ തകരുന്നതെന്ന്. കൃത്യമായി ഉത്തരം നൽകാൻ ഒരു മനുഷ്യനും സാധിക്കാത്ത ചോദ്യം. ഉത്തരം കാട്ടിത്തരാൻ കാലത്തിനു മാത്രമേ കഴിയൂ.

എന്തിനാണ് ജനിച്ചതെന്നോ, എപ്പോഴാണ് മരിക്കുകയെന്നോ അറിഞ്ഞുകൂടാത്ത മനുഷ്യൻ , ജീവിതത്തിൽ ഉണ്ടാകാറുള്ള ഓരോ സംഭവങ്ങൾക്കും ഓരോ പേരിടുന്നു. അതിൽ ഒരു സംഭവത്തിന്റെ പേരാണ് അത്യാഹിതം.

ഓരോ സംഭവവും നമ്മളോരോരുത്തരെ കൊണ്ടും ഓരോരോ വിധത്തിൽ പ്രതികരിപ്പിക്കുന്നു. ഓരോ പ്രതികരണവും പുതിയ സംഭവങ്ങൾ സൃഷ്ടിക്കുന്നു. ഇതൊക്കെ എന്തിനായിരുന്നു എന്നു ചോദിച്ചാൽ , എല്ലാം നല്ലതിനായിരുന്നു എന്നങ്ങു വിശ്വസിക്കുക. അപ്പോൾ കൂടുതൽ നല്ല സംഭവങ്ങൾ അനുഭവിക്കാനിടയാകം, ഇതാണെന്റെ അനുഭവം.

വേദനിപ്പിക്കുന്ന സംഭവങ്ങളോട് പ്രതിക്ഷേധവും, പ്രതികാരവും, നിരാശയും ഒക്കെ വച്ചു പുലർത്തുന്നവരാണ് അധികവും എന്നെനിക്കു തോന്നുന്നു. ഇവരുടെ പ്രതികരണങ്ങൾ , അവരവർക്കു തന്നെ കൂടുതൽ വേദനിക്കുന്ന സംഭവങ്ങളായിരിക്കും സൃഷ്ടിക്കുക. ഇത് ചുറ്റുമുള്ളവരെയും, ഇവരുടെ വേണ്ടപ്പെട്ടവരെയും വീണ്ടും വേദനിപ്പിക്കും. എങ്കിലും ഒന്നും പ്രതികരിക്കാതെ എല്ലാം ഉള്ളിൽ ഒതുക്കുന്നതിനേക്കാൾ ഭേദം ഏതെങ്കിലും വിധത്തിൽ ഒന്നു ഉറക്കെ പ്രതികരിക്കുന്നതു തന്നെയാണ്.

എന്തു സംഭവിച്ചാലും "It is all for good" എന്ന് പ്രതികരിച്ചിരുന്ന ഒരു മന്ത്രിയുടെ കഥ കേട്ടിട്ടുണ്ട്.

ഒരിക്കൽ രാജവിന്റെ കാലിൽ ഒരു മുറിവു പറ്റി, അപ്പോഴും മന്ത്രി പറഞ്ഞു "It is all for good" രാജാവിനു നല്ല ദേഷ്യം വന്നു, അദ്ദേഹം മന്ത്രിയെ തടവിലാക്കി. താമസിയാതെ രാജാവ് ഒരു കാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ കാട്ടുജാതിക്കാർ ആക്രമിച്ചു. അംഗരക്ഷകരെ കീഴ് പ്പെടുത്തി, അവർ രാജാവിനെ പിടിച്ചു കൊണ്ടുപോയി ബലി കൊടുക്കാനൊരുങ്ങി. അപ്പോഴാണ് രാജാവിന്റെ കാലിലെ മുറിവ് അവർ ശ്രദ്ധിച്ചത്. അംഗഭംഗം വന്ന ആളെ ബലി കൊടുക്കാൻ ആകാത്തതിനാൽ അവർ രാജാവിനെ വിട്ടയച്ചു. രാജാവ് വല്ല വിധവും കൊട്ടാരത്തിലെത്തി നേരെ മന്ത്രിയുടെ അടുത്ത് ചെന്നു സംഭവം മുഴുവൻ പറഞ്ഞു.

അപ്പോഴും മന്ത്രി പറഞ്ഞു "It is all for good", പക്ഷേ രാജാവിനു സംശയം , എന്റെ ജീവൻ രക്ഷപ്പെട്ടു , പക്ഷേ മന്ത്രീ, താങ്കൾക്ക് തടവിൽ കിടക്കേണ്ടി വന്നില്ലേ ? അതുകൊണ്ട് എന്തു ഗുണം കിട്ടി ? മന്ത്രി ഒരു പുഞ്ചിരിയോടെ പറഞ്ഞു, ഞാൻ തടവിലായിരുന്നില്ലെങ്കിൽ തീർച്ചയായും , അങ്ങേയുടെ കൂടെ യാത്ര ചെയ്യും, എന്നെയും അവർ പിടികൂടും, എനിക്ക് അംഗഭംഗം ഒന്നും ഇല്ലാത്തതിനാൽ എന്നെ അവർ ബലികൊടുക്കുകയും ചെയ്യുമായിരുന്നു. അപ്പോഴാണ് രാജാവിന്  Everything was interconnected for the good എന്ന് ബോദ്ധ്യമായത്.

അത്യാഹിതത്തിൽ പെട്ട് വേദനിച്ചിരിക്കുന്ന ഒരു മനുഷ്യനോട് ഇങ്ങനെ കഥ പറയാൻ എനിക്ക് കഴിഞ്ഞില്ല, അതുകൊണ്ടാണ് ഇത് ഇവിടെ എവുതുന്നത്.

പ്രിയപ്പെട്ടവരെ, മാരക രോഗങ്ങൾ, ശരീരക്ഷതങ്ങൾ, കൊള്ള, കലഹം, തോൽവി, ആക്രമണം, പ്രകൃതിക്ഷോഭം, ധനനഷ്ടം, ജോലിനഷ്ടം, കൃഷിനഷ്ടം, സ്നേഹനഷ്ടം, ഇണപിരിയൽ, വേർപാട്, ജീവഹാനി തുടങ്ങി അത്യാഹിതം എന്നു നമ്മൾ വിളിക്കുന്ന ഊ സംഭവങ്ങൾ പ്രതീക്ഷിക്കാത്ത സമയത്ത് എപ്പോൾ വേണമെങ്കിലും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരും. അതേക്കുറിച്ച് ആകുലപ്പെടേണ്ടതില്ല. നമ്മുടെ പരിധിയിലുള്ള പ്രതിവിധികൾ ചെയ്യുക, ആകാശം ഇടിഞ്ഞു വീഴുന്നതു കണ്ടാൽ ഒരു കുട നിവർത്താനെങ്കിലും ശ്രമിക്കണം.

ചെയ്യേണ്ടത് എല്ലാം ചെയ്യുക. ഫലത്തെക്കുറിച്ച് ചിന്തിച്ച് വിഷമിക്കരുത്.

സംഭവിക്കേണ്ടതു മാത്രമേ സംഭവിക്കുകയുള്ളൂ. സംഭവിക്കുന്നത് എല്ലാം നല്ലതിനാണ്. സംഭവിക്കാനിരിക്കുന്നതും നല്ലതിന് തന്നെ. ഒന്നും നമ്മൾ ഇവിടേക്ക് കൊണ്ടുവന്നിട്ടില്ല. ഒന്നും നമ്മൾ ഇവിടെ നിന്നും കൊണ്ടു പോവുകയുമില്ല. ഇന്നെനിക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ ഇത് വേറെ ആരുടേതെങ്കിലും ആയി തീരുകയും ചെയ്യും.

An incident is never the end of Everything.
It is just the beginning of a new set of Incidents.
"There are no Accidents"

George Kadankavil  - April 2010

What is Profile ID?
CHAT WITH US !
+91 9747493248