Back to articles

ഇന്റിമസി ഉണ്ടോ?

May 01, 2009

വിവാഹത്തിനു മുൻപ്  ആണിനും പെണ്ണിനും  പരസ്പരം മനസ്സിലാക്കാനും അടുത്തറിയാനും അവസരം   കൊടുക്കേണ്ടത് അത്യാവശ്യമാണ് എന്ന് എല്ലാവരും അഭിപ്രായപ്പെടുന്നുണ്ട്. ഇങ്ങനെ അവസരം കൊടുത്താൽ അവർ തമ്മിൽ ശാരീരിക ബന്ധത്തിലേർപ്പെട്ടു പോകുമോ എന്നതാണ് പല മാതാപിതാക്കളും ഭയപ്പെടുന്നത്. അതിൽ കുറച്ച് വാസ്തവം ഉണ്ടു താനും.

ഇതിലെന്താണ് കുഴപ്പമെന്ന് ചോദിക്കുന്ന ധാരാളം ചെറുപ്പക്കാരുണ്ട്.  എന്റെ മാത്രം കാഴ്ചപ്പാട് ഇവിടെ പറയുകയാണ്.

ഇന്നത്തെ തിരക്കേറിയ ജീവിത ശൈലിയിൽ ഓരോ വ്യക്തിക്കും, മറ്റ് ധാരാളം മനുഷ്യരുമായി നിത്യവും ഇടപെടേണ്ടി വരുന്നുണ്ട്. ഇവർക്കെല്ലാം വേണ്ടി ചിലവഴിക്കാൻ സമയം പരിമിതമായതു കൊണ്ട് ഇന്റിമസി അഭിനയിക്കുകയാണ് മിക്കവരും. പങ്കാളിയെ പരിചയപ്പെടുമ്പോഴും, നിത്യത്തൊഴിലിന്റെ ഭാഗമായ ഈ അഭിനയം ആവർത്തിച്ചു പോകുന്നത് സ്വാഭാവികം.

മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി പങ്കാളിയോടൊപ്പം ചെയ്യുന്ന പ്രവർത്തി ശാരീരിക ബന്ധം മാത്രമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നവർക്ക്, ഇന്റിമസി ഉണ്ടോ എന്നറിയാൻ ശാരീരിക ബന്ധമാണ് വേണ്ടത് എന്ന തോന്നലുണ്ടാകാനും, അങ്ങിനെ പ്രവർത്തിക്കാനും, ഒടുവിൽ ഇന്റിമസി അല്ലായിരുന്നു എന്ന് തിരിച്ചറിയുവാനും ഇടവരാം. അവരുടെ അവസ്ഥ പഴയതിനേക്കാൾ പരിതാപകരമാകുന്നു.

ഇന്റിമസി എന്നത് മനസ്സിന്റെ അടുപ്പം കൊണ്ടാണ് ഉണ്ടാകുന്നത്. ശരീരത്തിന്റെ അടുപ്പവും ചൂടും കൊണ്ട് ജന്തു സഹജമായ ചില വികാരങ്ങളാണ് ഉണരുന്നത്, മനസ്സിന്റെ അടുപ്പമില്ലാതെ ഇതു പൂർത്തീകരിക്കപ്പെടുന്നതോടെ മിക്കവാറും ഈ ബന്ധം വഷളാകുകയോ, അസ്തമിക്കുകയോ ചെയ്യുന്നു. ഇത് ചിലപ്പോൾ കുറച്ചു കാലം നീണ്ടു നിന്നേക്കാം പക്ഷേ വിവാഹമായി മാറാനുള്ള സാദ്ധ്യത കുറവാണ്.

ഒരു വ്യക്തിയുമായി സമയം ചിലവഴിച്ച് ഇഷ്ടങ്ങളും അനിഷ്ടങ്ങളും, ആശകളും ആഗ്രഹങ്ങളും ഒക്കെ വിമ്മിഷ്ടം കൂടാതെ അറിയിക്കാനും മനസ്സിലാക്കാനും ശ്രമിക്കുമ്പോഴാണ് ഇന്റിമസി ഉണ്ടാകുമോ ഇല്ലയോ എന്നറിയുന്നത്. അയാളേ കൂടുതൽ അറിയാനും ഇടപഴകാനും മനസ്സിൽ ആഗ്രഹം തോന്നുന്നില്ലായെങ്കിൽ ഇത് പറ്റിയ ആളല്ല എന്നർത്ഥം. മറിച്ചാണെങ്കിൽ, അയാളുടെ സുഖ സൌകര്യങ്ങളെക്കുറിച്ച് ശ്രദ്ധയും, അസൌകര്യങ്ങളെക്കുറിച്ച് വിഷമവും നിങ്ങൾക്ക് തോന്നാൻ തുടങ്ങും. മറ്റാരോടും പറഞ്ഞിട്ടില്ലാത്ത വിഷമങ്ങൾ പോലും പരസ്പരം ആത്മാർത്ഥമായി പറയാൻ തക്ക അടുപ്പം മനസ്സിൽ തോന്നുകയും ഉള്ളു തുറന്ന് സംസാരിക്കുകയും ചെയ്യുമ്പോഴാണ് നിങ്ങൾ ഇന്റിമസി അനുഭവിക്കാൻ തുടങ്ങുന്നത്.

ഭാവി പങ്കാളിയെ അടുത്തറിയാൻ കിട്ടുന്ന അവസരങ്ങളിൽ, പക്വതയുള്ള പെരുമാറ്റത്തിലൂടെ ഇന്റിമസി കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് അര മണിക്കൂറിലെ പെണ്ണുകാണലായാലും മതി നല്ല പങ്കാളി ആകാൻ പറ്റിയ ആളെ തിരിച്ചറിയാൻ കഴിയും. അതിനുള്ള കഴിവ്, നമ്മുടെ മക്കൾക്ക് ഉണ്ടാക്കി എടുക്കാനാണ് നമ്മൾ സമയവും അവസരവും കണ്ടത്തേണ്ടത്.

George Kadankavil - May 2009

What is Profile ID?
CHAT WITH US !
+91 9747493248