Back to articles

ശാപ്പാടു രാമൻ; വിദ്യക്ക് റൊമ്പ മോശം !

October 01, 2011

''തലയിലെഴുത്ത് -  അങ്ങനൊന്ന് ശരിക്കും ഉണ്ടോ സാർ? ഉണ്ടെങ്കിൽ ആരാണ് അതെഴുതുന്നത്. സൃഷ്ടാവാണ് എഴുതുന്നതെങ്കിൽ ചിലർക്ക് നല്ലതും മറ്റുള്ളവർക്ക് ദുരിതവും വരച്ചു കൊടുക്കുന്നത് എന്തിനാണ്?.''

മുപ്പതു വയസ്സായിട്ടും മകളുടെ വിവാഹം നടക്കാത്തതിനാൽ മനസ്സു വിഷമിച്ച്  കഴിയുന്ന ഒരമ്മയാണ് ഇത് ചോദിക്കുന്നത്. ഇവരുടെ കാഴ്ചപ്പാടുകൾ മാറാത്തിടത്തോളം കാലം ഈ അമ്മയുടെ വിഷമം മാറില്ല. ഇവർക്ക് തത്ക്കാലത്തേക്ക്  ഒരു ആശ്വാസം ആകട്ടെ എന്നു കരുതി എന്റെ തലയിൽ കയറിയ ചില എഴുത്തുകളെക്കുറിച്ച് ഇവരോട് പറഞ്ഞു.

അമ്മാ വിശക്കുന്നു വല്ലോം തരണേ എന്നു പറഞ്ഞു ഒരു കാക്കാലത്തി വീട്ടിൽ വന്നു. അമ്മ അവർക്ക് ഭക്ഷണം കൊടുത്തു. വിശപ്പടങ്ങിയപ്പോൾ ഉമ്മറപ്പടിയിലിരുന്ന് ഇനി കൈനോക്കി ഫലം പറയാം എന്നായി കാക്കാലത്തി. ആ സമയത്താണ് ഞാൻ അവിടെ എത്തിയത്. പ്രൈമറി ക്ളാസ്സിൽ പഠിക്കുന്ന പ്രായമായിരുന്നു എനിക്ക്.

എന്റെ കൈ പിടിച്ച് നോക്കിയിട്ട്  ''ശാപ്പാടു രാമൻ വിദ്യക്ക് റോമ്പ മോശം'' എന്നായിരുന്നു കാക്കാലത്തിയുടെ ആദ്യ പ്രവചനം.

ഇതു കേട്ടപ്പോഴേ അമ്മയുടെ മുഖം മാറി. അപ്പോൾ കാക്കാലത്തി വീണ്ടും എന്റെ കൈപിടിച്ച്, ധാരാളം സത്കർമ്മങ്ങൾ ചെയ്യും, നാട്ടിനും വീട്ടിനും ഉപകാരിയാകും, കീർത്തിമാനാകും, ഉലകം ചുറ്റി സഞ്ചരിക്കും, സകലകലാ വല്ലഭനാണ്, ആരും കാണാത്ത കാഴ്ചകൾ കാണും എന്നൊക്കെ ഒത്തിരി കാര്യങ്ങൾ അമ്മയെ സോപ്പിടാനായി പുകഴ്ത്തി പറഞ്ഞു. ഏതായാലും ആദ്യം കേട്ടതാണ് അമ്മയുടെ മനസ്സിൽ പതിഞ്ഞത്. ഇടക്കിടക്ക് വീട്ടിൽ അതാവർത്തിക്കപ്പെട്ടു.''ശാപ്പാടു രാമൻ വിദ്യക്ക് റൊമ്പ മോശം മോശം''. കാക്കോത്തി പറഞ്ഞത് അച്ചട്ടായി - എന്റെ പഠനം പലവട്ടം ഉഴപ്പി. അപ്പോഴൊക്കെ കാക്കാലത്തിയുടെ ആദ്യ പ്രവചനം വീട്ടിൽ  ആവർത്തിച്ചു. എന്നിരുന്നാലും, കാക്കോത്തി പറഞ്ഞ ബാക്കി കാര്യങ്ങൾ കൂടി പറഞ്ഞ് ഇച്ചാച്ചനോ അമ്മയോ സഹോദരങ്ങൾ ആരെങ്കിലുമോ എന്നെ സമാധാനിപ്പിക്കുമായിരുന്നു.

എന്റെ മനസ്സിൽ കാക്കാലത്തി പറഞ്ഞ മുഴുവൻ കാര്യങ്ങളും ഒന്നിച്ച് പതിഞ്ഞിട്ടുണ്ടാകണം. ജീവിതത്തിലെ ഓരോ സന്ദർഭത്തിലും  ആരും   കാണാത്ത കാര്യങ്ങൾ ശ്രദ്ധിക്കാൻ അന്നും ഇന്നും എന്നെ പ്രേരിപ്പിക്കുന്നത് ഈ തലയിലെഴുത്താണ്.

എന്നെ വളരെ  സ്വാധീനിച്ച മറ്റൊരു തലയിലെഴുത്ത് എന്റെ  മുത്തശ്ശിയിൽ  നിന്ന് ലഭിച്ചതാണ്. അതും പ്രൈമറി ക്ളാസ്സിൽ  പഠിക്കുന്ന കാലത്ത് തന്നെ. അവധിക്കാലം മിക്കപ്പോഴും അമ്മ വീട്ടിലാണ് ഞങ്ങൾ ചിലവഴിച്ചിരുന്നത്. മക്കളും, മക്കളുടെ മക്കളും, അവരുടെ കസിൻസും ആയി ധാരാളം കുട്ടികളുള്ള ഒരു തറവാട്. മുത്തശ്ശിയെ കുഞ്ഞമ്മ എന്നാണ് വീട്ടുകാരും നാട്ടുകാരും എല്ലാം വിളിച്ചിരുന്നത്. അടുക്കളപ്പുര, നെല്ലുകുത്തുപുര, വിറകുപുര, കന്നുകാലികൾക്ക് പിണ്ണാക്ക് വേവിക്കാൻ ഉപയോഗിച്ചിരുന്ന വാർപ്പുപുര, കച്ചിപ്പുര, കുട്ടക്കൂട്, കച്ചിത്തുറു, കോഴിക്കൂട്, കന്നുകാലിക്കൂട് തുടങ്ങി പിള്ളേർക്ക് ഒളിച്ചു കളിക്കാൻ പറ്റിയ ധാരാളം ഇടങ്ങൾ അവിടുണ്ട്.

കുഞ്ഞമ്മക്ക് എണ്ണമില്ലാത്തത്ര കോഴികളുണ്ട്. ഇതെല്ലാം അവർക്ക് ഇഷ്ടമുള്ളിടത്ത് പോയി മുട്ടയിടും. ചില കോഴികൾ കച്ചിപ്പുരയിലും മറ്റും പോയിരുന്ന് മുട്ടയിട്ട്, അടയിരുന്ന്, ആഴ്ചകൾക്ക് ശേഷം കുഞ്ഞുങ്ങളുമായി വരുമ്പോഴാണ് ഞങ്ങൾ അറിയുന്നത്. ഇതു കാണുമ്പോൾ കുഞ്ഞമ്മ പറയും, ങ്ഹാ ഇവളെ ഇത്രനാളും കാണാഞ്ഞപ്പോൾ പാക്കാൻ പിടിച്ചൂന്നാ കരുതിയത്.

പത്തു മുപ്പതു പേർക്ക് ദിവസവും ഭക്ഷണം ഉണ്ടാക്കുന്ന അടുക്കളയിൽ നിന്ന് അല്പം ഒഴിവു കിട്ടിയാൽ, കുഞ്ഞമ്മ ഒരു കൊട്ടയും എടുത്ത് വിവിധ പുരകൾ വഴി പരിശോധനക്ക് ഇറങ്ങും, മുട്ട ശേഖരിക്കാൻ. കൊട്ട നിറയുമ്പോൾ തിരികെപ്പോരും. കോഴിപ്പെണ്ണുങ്ങൾക്ക് ഒളിവിൽ പോയി പൊരുന്ന ഇരിക്കാൻ ബാക്കി മുട്ടകൾ വിട്ടേക്കും. കുഞ്ഞമ്മ ഒരിക്കൽ മുട്ട പെറുക്കി നടക്കുമ്പോൾ  ഞാൻ കൂടെ ചെന്നു. കുഞ്ഞമ്മ  എന്നെ ആകെ മൊത്തം ഒന്നു നോക്കിയിട്ടു പറഞ്ഞു, എന്റെ കുഞ്ഞേ ഇതെന്നാ കോലമാ! മനുഷ്യന്മാരുടെ മുന്നിൽ നെഞ്ചും  വിരിച്ച് നിക്കണ്ട കൊച്ചാ, നെഞ്ചുംകൂടിരിക്കുന്നതു കണ്ടില്ലേ, എല്ലും തൊലിയും മാത്രം. ഇതു പറഞ്ഞിട്ട് കൊട്ടയിൽ നിന്നും കോഴിയുടെ  ചൂടു മാറാത്ത ഒരു മുട്ടയെടുത്ത് എന്റെ  പല്ലിൽ മുട്ടി തോട് പൊട്ടിച്ച് അതെന്റെ വായിൽ  ഒഴിച്ചു തന്നു.

പതിറ്റാണ്ടുകൾ  കഴിഞ്ഞിട്ടും  ഇന്നും ആളുകളുടെ  മുമ്പിൽ നിൽക്കേണ്ടി വരുമ്പോൾ നെഞ്ചു വിരിച്ച് നിൽക്കാൻ എനിക്ക് ഊർജ്ജം ലഭിക്കുന്നത് ആ വാക്കുകളിൽ നിന്നാണ്.

ആരാണിതൊക്കെ എന്റെ തലയിൽ എഴുതിയത്?. എന്റെ മുത്തശ്ശിയോ, ആ കാക്കാലത്തിയോ, എന്റെ  അമ്മയോ, കുടുംബാംഗങ്ങളോ അല്ല - അവർ  എന്നോട് കാണിച്ച വികാരങ്ങളുടെ അനുഭൂതിയിൽ  നിന്നും, അവരുടെ  സംഭാഷണങ്ങളുടെ പശ്ചാത്തലത്തിൽ, എന്റെ  ഉപബോധ മനസ്സ്  സ്വാംശീകരിച്ച് എടുത്തതാണ് എന്റെ  തലയിലെഴുത്തുകൾ എല്ലാം.

സ്ക്രിപ്റ്റ്  എന്നൊരു സംഗതി, TA ട്രാൻസാക്ഷണൽ അനലിസ്സിസിൽ പറയുന്നുണ്ട്. ഒരാളുടെ മനസ്സ്  Mild ആയിരിക്കുമ്പോൾ അതിൽ  പതിയുന്ന ചില കാര്യങ്ങൾ  മരിക്കുവോളം  അയാളിൽ  കുടിയിരിക്കും. അതിനോട് ചേരും വിധം ആയിരിക്കും അയാളുടെ  ചെയ്തികളും, അതിന്റെ  പരിണിത ഫലങ്ങളും അത്രെ.

സൃഷ്ടാവിന്റെ Discrimination നെക്കുറിച്ച്  നമുക്കെന്തറിയാം. നല്ല വരയെന്നും മോശം വരയെന്നും നമ്മൾ കരുതുന്നവരുടെ  അവസ്ഥ സത്യത്തിലെന്താണെന്ന്  അവർക്ക്  മാത്രമല്ലേ അറിയൂ?

നന്മയും ദുരിതവും എല്ലാം ഓരോതരം കാഴ്ചപ്പാടുകൾ മാത്രമാണ്.

നമ്മുടെ മക്കളും, മറ്റ് എല്ലാ വേണ്ടപ്പെട്ടവരും, നല്ലവരാണെന്നും, നന്നായിവരും എന്നും നമ്മൾ ഉറച്ച് വിശ്വസിക്കണം, അത് അവരോട് പ്രകടിപ്പിച്ചുകൊണ്ടുമിരിക്കണം. അവരുടെ  തലയിലെഴുത്ത് നന്നായി  വരാൻ ഇത് നിമിത്തമാകും. അതുവഴി നമ്മുടെ തലയിലെഴുത്തും നല്ലതായി മാറും.

George Kadankavil - October 2011

What is Profile ID?
CHAT WITH US !
+91 9747493248