Back to articles

"കാലിഡോസ്കോപ്പ്" ?

March 01, 2012

സമർത്ഥനെങ്കിലും  ഉഴപ്പനായ ഒരു സ്കൂൾ വിദ്യാർത്ഥിക്ക് വളരെ പ്രിയപ്പെട്ട ഒരു ടീച്ചറുണ്ടായിരുന്നു. ഒരിക്കൽ  ടീച്ചർ അവന് ഒരു കാലിഡോസ്കോപ്പ് സമ്മാനമായി കൊടുത്തു. ഉള്ളിലേക്ക് നോക്കിയാൽ പല വർണ്ണത്തിലുള്ള രത്നങ്ങൾ പല ഡിസൈനുകളിൽ നിരത്തി വെച്ചിരിക്കുന്ന പോലുള്ള മനോഹര ദൃശ്യങ്ങൾ അതിൽ കാണാം. ഒന്നു കുലുക്കിയിട്ട് വീണ്ടും  നോക്കിയാൽ  മറ്റൊരു ഡിസൈൻ, അടുത്ത കുലുക്കിന് മറ്റൊന്ന്. . .

അങ്ങനെ, എണ്ണിയാൽ തീരാത്തത്ര മനോഹര ദൃശ്യങ്ങളുടെ ഒരു വർണ്ണ വിസ്മയമായിരുന്നു ആ കാലിഡോസ്കോപ്പ്.

[BLURB-VL]ഏതാനും  ദിവസങ്ങൾ കൊണ്ട് അവനാ ദൃശ്യങ്ങളെല്ലാം കണ്ടു മതിയായി. ദൃശ്യങ്ങൾക്ക് ആദ്യമുണ്ടായിരുന്ന മിഴിവും ക്രമേണ ഇല്ലാതായി.

കാലിഡോസ്കോപ്പ് കണ്ട് മടുത്തതിനാൽ, ഇതിലെ ദൃശ്യങ്ങൾ എങ്ങനെയാണ് ഉണ്ടാകുന്നത് എന്നറിയാനായി അവൻ അത് പൊട്ടിച്ച് പരിശോധിച്ചു.

ദീർഘ ചതുരാകൃതിയിൽ  ഉള്ള മൂന്ന് കണ്ണാടി കഷണങ്ങൾ ത്രികോണാകൃതിയിൽ ഒരു പ്രിസം പോലെ യോജിപ്പിച്ചു വെച്ചിരിക്കുന്നു. ഉള്ളിലേക്ക് നോക്കാനായി ചെറിയ ദ്വാരവും, കാഴ്ച പെരുപ്പിച്ചു കാണിക്കാനായി അതിലൊരു ലെൻസും ഘടിപ്പിച്ചിട്ടുണ്ട് ഒരറ്റത്ത്, മറ്റേ അറ്റം വെളിച്ചം കടക്കുമെങ്കിലും മറുവശം കാണാൻ സാധിക്കാത്ത തരം ചില്ല് കഷണം കൊണ്ട് അടച്ചിരിക്കുന്നു. ഉള്ളിൽ പല നിറത്തിലുള്ള കുപ്പിവളകളുടെ പൊട്ടുകൾ.

ഹമ്പടാ, ഈ വളപ്പൊട്ടുകളാണല്ലേ രത്നം പോലെ തോന്നിച്ചത്?, ഇതിന്റെ  പ്രതിബിംബം കണ്ണാടികളിൽ തട്ടി പലമടങ്ങ് എണ്ണം വർദ്ധിക്കുന്നതാണല്ലേ ഡിസൈനുകൾ !

പയ്യൻ അത്ഭുതം കൂറി.

പല ഡിസൈനുകൾ ലഭിക്കാനായി ഉള്ളിലിട്ട് കുലുക്കിയതിനാൽ വളപ്പൊട്ടുകൾ തമ്മിലുരഞ്ഞ് ഉണ്ടായ പൊടി, വളപ്പൊട്ടുകളിലും കണ്ണാടി ചില്ലുകളിലും അഴുക്കായി പറ്റിപ്പിടിച്ചിരുന്നത് അവൻ ശ്രദ്ധിച്ചു. അത് തുടച്ചു വൃത്തിയാക്കി, വീണ്ടും അസംമ്പിൾ ചെയ്തു നോക്കി.

ഹായ് - ദൃശ്യങ്ങൾക്കെല്ലാം  എന്തൊരു മിഴിവ്.

കാലിഡോസ്കോപ്പിന്റെ പ്രവർത്തന തന്ത്രം കണ്ടു പിടിച്ചപ്പോഴേക്കും അവന് ഒരു ഐൻസ്റ്റൈന്റെ ആവേശമായി. അവൻ കൂടുതൽ പരീക്ഷണങ്ങൾ  ആരംഭിച്ചു. വ്യത്യസ്ത നിറത്തിലുള്ള പുതിയ വളപ്പൊട്ടുകൾ ശേഖരിച്ച് കാലിഡോസ്കോപ്പിലിട്ടു.

അതാ പുതിയ വർണ്ണങ്ങളിലുള്ള ദൃശ്യങ്ങൾ.

വളപ്പൊട്ടുകളുടെ  എണ്ണം കൂട്ടി നോക്കി, അതാ പുതിയ ഡിസൈനുകൾ. വളപ്പൊട്ടുകളുടെ  എണ്ണം കൂട്ടി കൂട്ടി ഒടുവിൽ ഒന്നും കാണാൻ കിട്ടാത്ത വിധമായി.  അപ്പോൾ അവൻ കണ്ണാടികളുടെ വലിപ്പം കൂട്ടി.

പിന്നെ കണ്ണാടികളുടെ എണ്ണം നാലാക്കി, അഞ്ചാക്കി.... വർണ്ണദൃശ്യങ്ങളുടെ  നിലക്കാത്ത ഒഴുക്ക്  എങ്ങനെ സൃഷ്ടിക്കാമെന്നും, ആസ്വദിക്കാമെന്നും  അവൻ തന്റെ പരീക്ഷണ നിരീക്ഷണ അനുഭവങ്ങളിലൂടെ അഭ്യസിച്ചെടുത്തു.

ജീവിതത്തിൽ ഇടയ്ക്കിടക്ക് നമ്മുടെ കാലിഡോസ്കോപ്പിലും, അഴുക്കു പുരണ്ട്, ദൃശ്യങ്ങൾക്ക് നിറവും മിഴിവും നഷ്ടപ്പെടാറുണ്ട്.

നമ്മുടെ ഉള്ളിലെ കണ്ണാടികളിൽ പതിഞ്ഞിരിക്കുന്ന അഴുക്കിൽ ഭൂരിഭാഗവും, മറ്റു മനുഷ്യരോട് ഇടപെട്ടപ്പോൾ തമ്മിലുരഞ്ഞുണ്ടായ പൊടിയും പോറലുകളുമാണ്.

അത് പകയും വിദ്വേഷവും ആയി മനസ്സിന്റെ കണ്ണാടിയിൽ അങ്ങനെ പറ്റിയിരിക്കുന്നു. മിഴിവ് വീണ്ടെടുക്കണമെങ്കിൽ ഉള്ളു തുറന്ന് ഈ കണ്ണാടികൾ വൃത്തിയാക്കണം.

ഒരിക്കലും ക്ഷമിക്കാൻ പറ്റാത്ത പ്രവർത്തികളായിരിക്കാം മറ്റുള്ളവർ നിങ്ങളോട് ചെയ്തിരിക്കുന്നത്. പക്ഷേ അവരോടുള്ള വിദ്വേഷം മൂലം നിങ്ങളുടെ കണ്ണാടിയിലാണ് കറ പുരണ്ടിരിക്കുന്നത്. ആ കറ മാറ്റാൻ ഈ ലോകത്ത് ഒരൊറ്റ സോപ്പിനു മാത്രമേ സാധിക്കൂ.
ക്ഷമ -

അവരോട് ക്ഷമിക്കുക. നിബന്ധനകളില്ലാതെ ക്ഷമിക്കുക. സാധാരണക്കാർക്ക് ഇത് സാധിക്കില്ല.

എന്നാൽ, ഇത് സാധിക്കുന്ന അസാധാരണക്കാരുടെ കണ്ണാടി വെട്ടിത്തിളങ്ങും.

അറിഞ്ഞോ അറിയാതെയോ   ചെയ്തു  പോയിട്ടുള്ള തെറ്റുകളെക്കുറിച്ചുള്ള കുറ്റബോധമാണ് ബാക്കി  അഴുക്കുകൾ. തെറ്റ് ഏറ്റു പറഞ്ഞ്, പരിഹാരവും പ്രായശ്ചിത്തവും ചെയ്യാൻ തുനിഞ്ഞിറങ്ങിയാൽ മതി ആ കറയും മാഞ്ഞു പോകും.

വിരസതയാണ് ജീവിതത്തിന്റെ കാലിഡോസ്കോപ്പിന് അനുഭവപ്പെടുന്ന മറ്റൊരവസ്ഥ. എല്ലാ ദൃശ്യങ്ങളും പല വട്ടം കണ്ടു കഴിഞ്ഞു. ഇനി ഒന്നിനും പുതുമയില്ല അർത്ഥമില്ല എന്ന തോന്നൽ. വളപ്പൊട്ടുകളുടെ എണ്ണം കൂട്ടിയും കണ്ണാടികളുടെ എണ്ണം കൂട്ടിയും  അസംഖ്യം ഡിസൈനുകളുണ്ടാക്കാം. നമ്മളിടപഴകുന്ന വ്യക്തികളാണ്  ഇവിടെ വളപ്പൊട്ടുകൾ.  കൂടുതൽ വളപ്പൊട്ടുകൾ ശേഖരിക്കുക. നമ്മുടെ കുടുംബാംഗങ്ങളാണ് കണ്ണാടികൾ.  സ്വന്തം  ജീവിത പങ്കാളിയും, മക്കളും, മക്കളുടെ പങ്കാളികളും, അവരുടെ മക്കളും ------

കണ്ണാടികളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള സംവിധാനം കൂടിയാണ് കുടുംബം.

കണ്ണാടിയുടെ വലിപ്പത്തെ വേണമെങ്കിൽ ജീവിത സൗകര്യങ്ങളോട് ഉപമിക്കാം.

കണ്ണാടിയുടെ വലിപ്പം കൂട്ടുന്നതിന് പരിമിതികളുണ്ട്. എടുത്താൽ പൊങ്ങാത്ത നിലക്കണ്ണാടികൾ കൊണ്ട് കാലിഡോസ്കോപ്പ് ഉണ്ടാക്കാറില്ല.

നിങ്ങളുടെ ജീവിതത്തിന് മിഴിവ് നഷ്ടപ്പെട്ടതായി അനുഭവപ്പെടുമ്പോൾ, നിങ്ങളുടെ ജീവിതം മടുത്തു എന്നു തോന്നുമ്പോൾ, എല്ലാം അവസാനിച്ചു എന്ന നിരാശയിൽ നിഷ്ക്രിയരാകരുത്. ജീവിതത്തിന്റെ തിളക്കം വീണ്ടെടുക്കുമെന്ന് ദൃഢനിശ്ചയം  ചെയ്ത്, പ്രവർത്തന നിരതരായി മറ്റുള്ളവരിലേക്ക് ഇറങ്ങി ചെല്ലണം. അത് കുടുംബാംഗങ്ങളാകാം, സുഹൃത്തുക്കളാകാം, സഹപ്രവർത്തകരാകാം, അയൽക്കാരാകാം, വെറും വഴിപോക്കരോ, ആരോരുമില്ലാത്ത അനാഥരോ അശരണരോ ആകാം.

ആ കണ്ണാടികളിലും, വളപ്പൊട്ടുകളിലുമൊക്കെ പൊടിയും അഴുക്കും ഉണ്ടായിരിക്കും. അത് നീക്കാൻ നിങ്ങളും അദ്ധ്വാനിക്കേണ്ടി വരും, എന്നാൽ നഷ്ടബോധം വേണ്ട, ഗുണം നിങ്ങൾക്ക് തന്നെയാണ് നിങ്ങളുടെ ഡിസൈനുകൾ വിപുലപ്പെടുത്താനാണ് മറ്റുള്ളവരോട് അടുക്കുന്നതും, ഇടപഴകുന്നതും, അവരെ സഹായിക്കുന്നതും. അത് അവർക്കും പ്രയോജനകരമാകുമല്ലോ എന്ന് കുശുമ്പു തോന്നുന്നവർക്ക് ഒരിക്കലും ജീവിതം കൊണ്ടൊരു കാലിഡോസ്കോപ്പ് നിർമ്മിക്കാനാവില്ല.

കണ്ണാടികളും വളപ്പൊട്ടുകളും തിളക്കാൻ വേണ്ടി നിങ്ങൾക്ക് എന്തൊക്കെ ചെയ്യാനാവുമോ, അതെല്ലാം ചെയ്യണം. അതിന്റെ തെളിച്ചം നിങ്ങളുടെ കാലിഡോസ്കോപ്പിനാണ് ലഭിക്കുന്നത്. . . . .

George Kadankavil - March 2012

What is Profile ID?
CHAT WITH US !
+91 9747493248