Back to articles

ഒരു ജാരനെ കിട്ടിയിരുന്നെങ്കിൽ ! !

January 01, 2014

ഇരുപതാമത്തെ വയസ്സിലാണ് എന്നെ കല്യാണം കഴിപ്പിച്ചത്. എന്നേക്കാൾ പതിനെട്ട് വയസ്സ് കൂടുതലുണ്ട് ആൾക്ക്.
എന്നെ ഭയങ്കര ഇഷ്ടമാണ്, കെട്ടിയില്ലെങ്കിൽ ചത്തു കളയും എന്നൊക്കെ പറഞ്ഞ് ഇയാൾ വന്നപ്പോൾ എന്റെ മൂത്ത സഹോദരനാണ് ഈ വിവാഹം നിശ്ചയിച്ചത്.
ഈ കല്യാണം നടത്താൻ പണച്ചിലവ് തീരെയില്ല എന്നതായിരുന്നു സഹോദരന്റെ പരിഗണന. എനിക്കിഷ്ടമല്ല എന്നു പറഞ്ഞ് എത്ര കരഞ്ഞിട്ടും ആരും കാര്യമാക്കിയില്ല.

കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ 24 വർഷമായി. ഒരു കാര്യത്തിനും പിടിപ്പും, കാര്യമായ പഠിപ്പും ഇല്ലാത്ത, വെറുതെ വാചകമടിച്ചു കറങ്ങിനടന്നു സമയം കളയുന്ന പ്രകൃതമായിരുന്നു ഭർത്താവിന്റേത്.

ഏതെങ്കിലും സ്ത്രീകളെ കണ്ടാൽ അവരുടെ അസ്ഥാനങ്ങളിലൊക്കെ തുറിച്ചു നോക്കിയിരിക്കും. മാസികയിലും പത്രത്തിലും ഒക്കെ വരുന്ന പെണ്ണുങ്ങളുടെ ചിത്രത്തിൽ നോക്കിയിരിക്കുക, ബ്ളൂഫിലിം കാണുക, എന്നു വേണ്ട എനിക്ക് പറയാനറയ്ക്കുന്ന കാര്യങ്ങളാ പുള്ളിക്കാരൻ ചെയ്ത് കൂട്ടിയിരിക്കുന്നത്.

ഇയാളുടെ കൂടെ കഴിയാൻ ഞാൻ എത്ര സഹിച്ചു എന്നതിന് ഒരു കണക്കുമില്ല. ഞാൻ ചിട്ടയും നിഷ്ടയും വെച്ച് നിത്യവും പ്രാർത്ഥിക്കും.
എല്ലാ മതങ്ങളുടെയും വേദഗ്രന്ഥങ്ങൾ വായിക്കുമായി രുന്നു. ക്രിസ്ത്യാനി അല്ലെങ്കിലും, എന്റെ വേദനകളിൽ എന്നെ ആശ്വസിപ്പിച്ചിരുന്നത് ബൈബിളാണ്. ദൈവാനുഗ്രഹം ഒന്നു കൊണ്ട് മാത്രം ഞാൻ പൊരുതി മുന്നേറി.
കല്യാണം കഴിഞ്ഞ് കുറെക്കാലം കരഞ്ഞ് വഴക്കടിച്ച് ചെറുത്തു നിന്നു. ഒടുവിൽ എന്റെ പഠിത്തം തുടരാൻ അനുവദിക്കാം എന്ന ഒത്തു തീർപ്പിൽ ഞാൻ ഭർത്താവിന് വഴങ്ങികൊടുത്തു.
ഞാൻ മനസ്സിരുത്തി പഠിച്ചു സാർ, പഠിച്ച് എം.എസ്സ്.ഡബ്ളിയു പാസ്സായി, എനിക്കിഷ്ടപ്പെട്ട ഒരു ജോലിയും ലഭിച്ചു. മൂന്ന് ആൺ മക്കളുമായി, അവരെയും നന്നായി പഠിപ്പിച്ചു. മൂത്ത മകന് ഇപ്പോൾ ഒരു ജോലിയുമായി.

ഭർത്താവിന് ഇപ്പോൾ പഴയ സ്വഭാവ ദൂഷ്യങ്ങൾ ഒന്നുമില്ല. വീട്ടു കാര്യങ്ങൾ ശ്രദ്ധിക്കും, ചുമ്മാ ചുറ്റിക്കറങ്ങി നടക്കില്ല.

എന്നാലും സാറേ, 24 വർഷങ്ങൾ - ഞാനെന്തൊക്കെ സഹിച്ചു - എന്റെ യൗവ്വനം വെറുതെ പാഴായിപ്പോ യില്ലേ? ഓർക്കുമ്പോൾ എന്തൊരു സങ്കടമാണെന്നോ?
ഒക്കെ ശരിയായില്ലേ പിന്നെന്തിനാ സങ്കടമെന്ന് ചോദിച്ചാൽ - എന്റെ ആത്മാവ് ദൈവത്തിൽ ആശ്രയിക്കുന്നു, പക്ഷേ എന്റെ ജഡം ബലഹീനമാണ്.

ചെറുപ്പക്കാരായ സ്ത്രീയും പുരുഷനും കൂടി ചിരിച്ചുല്ലസിച്ച് പോകുന്നതു കണ്ടാൽ എനിക്ക് അവരോട് ഭയങ്കരമായി കുശുമ്പ് തോന്നും. എന്നോടും എന്റെ സഹോദരനോടും കടുത്ത ദേഷ്യം തോന്നും. സഹോദരനും ഭാര്യയും പലപ്പോഴും എന്നെ കളിയാക്കി യിട്ടുണ്ട്, നിൻ്റെ കെട്ടിയവൻ 18 വയസ്സിൽ കെട്ടിയിരുന്നെങ്കിൽ നിന്റത്രേം പ്രായമുള്ള മോളുണ്ടാകു മായിരുന്നില്ലോ എന്നൊക്കെ അവരു പറയുമായിരുന്നു.

ഇടക്കൊക്കെ ഞാൻ ചിന്തിക്കാറു ണ്ടായിരുന്നു, എന്റെ ഒപ്പം പ്രായമുള്ള ഒരു ചെറുപ്പക്കാരനെ കാമുകനായി കിട്ടിയിരുന്നെങ്കിൽ എന്ന്. ആരുമറിയാതെ ഒരു ജാരബന്ധം എങ്കിലും കൊണ്ടു നടന്നിരുന്നെങ്കിൽ എന്റെ യൗവ്വനം ഇങ്ങനെ പാഴായി പോകില്ലായിരുന്നു. അപ്പോഴൊക്കെ വേദവാക്യങ്ങളാണ് എന്നെ പിന്തിരിപ്പിച്ചത്.

എന്റെ ജോലിയിൽ പലതരക്കാരായ സ്ത്രീകളെ അറിയാനിട വന്നിട്ടുണ്ട്. പരപുരുഷ ബന്ധം ഹോബിയാക്കിയ സൂത്രക്കാരികളെയും, കുറ്റവാളി കളെയും, വേശ്യകളെയും ഒക്കെ പരിചയപ്പെട്ടിട്ടുണ്ട്. എന്നേക്കാൾ നിസ്സഹായാവസ്ഥയിൽ കഴിയുന്ന അനേകം സ്ത്രീകളെ അറിയാനും അവരെ ആശ്വസിപ്പിക്കാനും ഒക്കെ എനിക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ എന്റെ ജീവിതത്തെക്കുറിച്ച് ഓർക്കുമ്പോൾ എന്തെന്നില്ലാത്ത നഷ്ടബോധമാണ് തോന്നുന്നത്. ഇതെല്ലാം തുറന്നു പറയാൻ ഇപ്പോഴാണെനിക്ക് ധൈര്യം കിട്ടുന്നത്.
എന്നെ തിരിച്ചറിയാത്ത വിധത്തിൽ സാറിതെക്കുറിച്ച് എഴുതണം, മറ്റൊരു പെൺകുട്ടിക്കും ഇങ്ങനെ സംഭവിക്കരുത്.

പെങ്ങളെ, എത്ര വലിയ വേദനയാണ് നിങ്ങൾ അനുഭവിച്ചതെന്ന് ഞാൻ മനസ്സിലാക്കുന്നു. അനുഭവിച്ചതൊന്നും ആർക്കും തിരിച്ചെടുക്കാനാവില്ല. കഠിനമായ ഓരോ അനുഭവവും, ഭാവിയിൽ ഏതോ പ്രധാന പ്രവർത്തി ചെയ്യാൻ നമുക്ക് പ്രാപ്തി ലഭിക്കണം എന്ന ഉദ്ദേശത്തിൽ ദൈവം തരുന്ന പ്രാക്ടിക്കൽ പരീക്ഷയാണെന്ന് ചിന്തിക്കാമെങ്കിൽ അതെ ക്കുറിച്ചുള്ള അസ്വസ്ഥതകൾ അക്ഷണം മാറികിട്ടും.

സംഭവിച്ചതെല്ലാം വേറൊരു വശത്തു കൂടിനോക്കി കാണുന്നത് വേദന കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു മാർഗ്ഗമാണ്.

അങ്ങനെയൊരു വാദത്തിനു വേണ്ടി ഞാൻ ചോദിക്കട്ടെ ; നിങ്ങൾക്കിപ്പോൾ സ്വന്തമായി ഉണ്ടെന്ന് നിങ്ങളഭിമാനിക്കുന്ന സകല കാര്യങ്ങളും ഭർത്താവ് അനുവദിച്ചതു കൊണ്ട് മാത്രമല്ലേ നിങ്ങൾക്ക് ലഭിക്കാനിടയായത്?

അങ്ങേര് നിങ്ങളെ ശരിക്കും സ്നേഹിച്ചിരുന്നു, പക്ഷേ 18 വയസ്സ് വ്യത്യാസം എന്ന കീറാമുട്ടിയിൽ ഉടക്കി, കിട്ടിയ ആളിന്റെ ഒരു മഹത്വവും കാണാൻ നിങ്ങൾക്ക് കഴിയാതെ പോയതല്ലേ?

ഇച്ഛാഭംഗം,സഹോദരനോടുള്ള കോപം ഇതൊക്കെ കാരണം ഇത്രനാളും നിങ്ങൾ കണ്ണു കെട്ടിയതു പോലെ നടക്കുകയായിരുന്നില്ലേ?

നിങ്ങൾക്കു വെറുപ്പ് തോന്നുന്ന പ്രവർത്തികൾ ഭർത്താവ് നിങ്ങളുടെ മുന്നിൽ വെച്ച് ചെയ്തിരുന്നത്, നിങ്ങളുടെ നിസ്സഹരണവും, നിങ്ങൾ പ്രകടിപ്പിച്ചിരിക്കാൻ ഇടയുള്ള വെറുപ്പും മൂലമായിരിക്കില്ലേ?

നിങ്ങളുടെ ഇച്ഛാഭംഗം മാത്രമല്ലേ നിങ്ങൾ ശ്രദ്ധിച്ചിട്ടുള്ളൂ, നിങ്ങളുടെ ഭർത്താവിനും ഇച്ഛാഭംഗം ഉണ്ടായിട്ടില്ലേ?.

പിണങ്ങരുത്; കുറച്ചുകൂടി ചിന്തിക്കാനുണ്ട് -

ചെറുപ്പക്കാരനും ധനികനുമായ ഒരു മനുഷ്യൻ നിങ്ങളെ വിവാഹം ചെയ്തിരുന്നെങ്കിൽ, ഇന്നത്തെ വിദ്യാഭ്യാസമോ, ജോലിയോ, സ്വാതന്ത്ര്യമോ, മിടുക്കരായ മക്കളെയോ നിങ്ങൾക്കു ലഭിക്കുമായിരുന്നോ?

ഭർത്താവിൽ നിങ്ങളാരോപിക്കുന്ന പോരായ്മകളല്ലേ, സത്യത്തിൽ ഇന്ന് നിങ്ങളെ അഭിപ്രായ സ്വാതന്ത്ര്യം ഉള്ള, എന്നെ വിളിച്ച് ഇങ്ങനെ സംസാരിക്കാൻ തക്ക ആർജ്ജവം ഉള്ള ഒരു സ്ത്രീ ആക്കി മാറ്റിയത്?

ഇത്രയും വിലയിരുത്തിയിട്ട് ഭർത്താവിനെക്കുറിച്ച് നിങ്ങൾ പരാതിപ്പെടുന്ന ഓരോ സന്ദർഭവും ഒന്നുകൂടി ആലോചിച്ച് നോക്കിക്കേ.

ശരിയ്ക്കും നിങ്ങളുടെ യൗവ്വനം നശിപ്പിച്ചത് ആരാണ്?

ഇനി ഒരു ജാരനെ സംഘടിപ്പിക്കുന്ന കാര്യം!

പഞ്ചതന്ത്രത്തിൽ ഒരു കഥ വായിച്ചിട്ടുണ്ട്. ഭർത്താവിനെക്കുറിച്ച് തൃപ്തിയില്ലാത്ത ഒരു ഭാര്യ ഭർത്താവില്ലാത്ത നേരം നോക്കി തന്റെ ജാരനെ വീട്ടിൽ വിളിച്ച് വരുത്തി അയാളോടൊപ്പം യൗവ്വനം ആസ്വദിച്ചു വന്നു.

കുറച്ച് നാൾ കഴിഞ്ഞപ്പോൾ അവൾ ജാരനോടു പറഞ്ഞു ഇങ്ങനെ നല്ല നേരം നോക്കി; വല്ലപ്പോഴും മാത്രം നിങ്ങളെ കാണുന്നത് ബുദ്ധിമുട്ടാണ്, ഞാൻ ഇവിടുള്ള പണവും സ്വർണ്ണവും എല്ലാം എടുത്തിട്ട് നിങ്ങളുടെ കൂടെ പോരാം. ദൂരെയെവിടെയെങ്കിലും പോയി നമുക്ക് ആരെയും പേടിയ്ക്കാതെ ജീവിക്കാം.

ഇതു പറഞ്ഞ് അവൾ എടുക്കാവുന്നതെല്ലാം എടുത്തു കൊണ്ട് ജാരന്റെ കൂടെ ഒളിച്ചോടി.

വഴിക്ക് ഒരു നദി കടക്കേണ്ടിയിരുന്നു, അപ്പോൾ ജാരൻ പറഞ്ഞു; ആദ്യം ഞാനീ സാധനങ്ങളെല്ലാം നദി നീന്തി അക്കരെ വെയ്ക്കാം. പിന്നെ വന്ന് നിന്നെ തോളിൽ വെച്ചു നീന്തി അക്കരെ എത്തിക്കാം.
നമ്മുടെ വസ്ത്രങ്ങൾ നനയ്ക്കേണ്ട എന്നു പറഞ്ഞ് അവൻ അവന്റെ വസ്ത്രങ്ങൾ അഴിച്ചുവെച്ചു.
എന്നിട്ട് അവളുടെ വസ്ത്രങ്ങളും അഴിച്ചു വാങ്ങി ഒരു ഭാണ്ഡമാക്കി തലയിൽ വെച്ച് നദി നീന്തി അക്കരയ്ക്കു പോയി.

പോകും വഴി അവനിങ്ങനെ ചിന്തിച്ചു, ഇവൾ ഭർത്താവിനെക്കാൾ ചെറുപ്പമായ എന്നെക്കിട്ടിയപ്പോൾ അയാളെ ഉപേക്ഷിച്ച് എന്റെ കൂടെ പോന്നു. ഇനി എന്നെക്കാൾ കേമനായി ആരെയെങ്കിലും കിട്ടിയാൽ എന്നെ ഉപേക്ഷിച്ച് അയാളുടെ കൂടെ പോകാനും ഇവൾ മടിക്കില്ല. അതുകൊണ്ട് കിട്ടിയ മുതലുമായി ഇപ്പോൾതന്നെ രക്ഷപ്പെടാം.

അപകടം ഒന്നും ചിന്തിക്കാതെ അവൾ നദിക്കരയിൽ ജാരനെ കാത്തിരിക്കുമ്പോൾ, നദിയിൽ വെള്ളം കുടിക്കാൻ വന്ന ഒരു പെൺ കുറുക്കൻ ഒരു മീനിനെ കടിച്ച് കരയിൽ കൊണ്ടു വരുന്നത് കണ്ടു. അപ്പോൾ നദിയിൽ മറ്റൊരു മീൻ ചാടുന്നതു കണ്ട് കുറുക്കൻ ആദ്യം കിട്ടിയ മീൻ കരയ്ക്കിട്ട് അടുത്തതിനെ പിടിക്കാൻ നദിയി ലേക്കോടി. ആ നേരം കൊണ്ട് ആദ്യത്തെ മീൻ പിടച്ചു പിടച്ച് തിരികെ നദിയിൽ എത്തി രക്ഷപ്പെട്ടു. രണ്ടാമത്തെ മീനും അതിൻ്റെ പാട്ടിനു പോയി. കുറുക്കൻ തിരികെ വന്നു നോക്കുമ്പോൾ ആദ്യത്തെ മീൻ അവിടില്ല.

അതുകണ്ട് ഈ സ്ത്രീ പൊട്ടിച്ചിരിച്ചു കൊണ്ട് കുറുക്കനോടു പറഞ്ഞു, എടീ കുറുക്കത്തീ, കയ്യിൽകിട്ടിയതു കളഞ്ഞിട്ട് നദിയിൽ കിടക്കുന്നത് എടുക്കാൻ പോയ നിനക്ക് അതും പോയി ഇതും പോയി നീ നാണം കെട്ടല്ലോ.

അതു കേട്ട് കുറുക്കത്തി തിരിഞ്ഞ് ആ സ്ത്രീയോടു പറഞ്ഞു - നിന്റെ ഭർത്താവും പോയി, ജാരനും പോയി, പണവും പോയി, ഇപ്പോൾ ഉടുതുണിയില്ലാതെ നദിക്കരയിൽ കുത്തിയിരിക്കുന്ന നിന്റത്രേം നാണക്കേട് ഏതായാലും എനിക്കില്ല.

ഇത് സാരോപദേശ കഥയാണ്. ഇതിൽ വളരെ സാരം ഉണ്ട്.

ജാരൻ എന്നത് അക്ഷരാർത്ഥത്തിൽ തന്നെ ഇന്റഗ്രിറ്റി ഇല്ലാത്ത ഒരു വ്യക്തിത്വം ആണ്.

ജീവിതത്തിന് മൂല്യം നൽകുന്ന, നീതി, ന്യായം, മര്യാദ, ധീരത, അഭിമാനം ഇങ്ങനെ ഒന്നും ആ ഭാവത്തിന് സൃഷ്ടിക്കാൻ സാധിക്കില്ല.

പക, ചതി, ഭീരുത്വം, അന്യായം, അപമാനം, കുറ്റകൃത്യം തുടങ്ങിയ അപചയങ്ങൾ മാത്രമേ ജാരസംസർഗ്ഗം കൊണ്ട് ഉളവാകുകയുള്ളു.

വേദവാക്യങ്ങൾ മൂലം നിങ്ങൾ ജാര സംസർഗ്ഗത്തിൽ പെടാതെ രക്ഷപ്പെട്ടു. അതുമാത്രം പോരാ, ഭർത്താവിൽ നിന്റെ കർത്താവിനെ കാണാനും കൂടി സാധിക്കണം. ദൈവത്തിന്റെ പദ്ധതികളിൽ വിശ്വാസവും വേണം.

ഒരു കാര്യത്തിൽ കൂടി ഒന്ന് മാറി ചിന്തിച്ചു നോക്കാം.

പിടിപ്പും കാര്യമായ പഠിപ്പും ഇല്ലാത്ത ഒരു മനുഷ്യന് ഒരു നല്ല കുടുംബം സൃഷ്ടിച്ചു കൊടുക്കാൻ ദൈവം നിശ്ചയിക്കുന്നു.
അതിനു വേണ്ടി ഭൂമിയിലെ സകല സ്ത്രീകളെയും പരിഗണിച്ച ശേഷം അയാളുടെ ഭാര്യ ആയി നിങ്ങളെ തിരഞ്ഞെടുക്കുന്നു.
അതു പക്ഷേ നിങ്ങളോടു ദൈവം നേരിട്ടു പറഞ്ഞാൽ നിഗളം കൊണ്ട് നിങ്ങൾ നശിച്ചു പോകും.
ഏറെ ശ്രമകരമായ ഈ കടമ നിറവേറ്റാൻ നല്ല വീറും വാശിയും സ്ഥിര പരിശ്രമവും വേണം.
അതിന് നിന്റെ സഹോദരനെ കൊണ്ട് നിന്നെ പരിഹസിപ്പിക്കുന്നു.
ആ വാശിക്ക് പരിശ്രമിച്ച് ഒരു നല്ല കുടുംബത്തിന് വേണ്ടതെല്ലാം നീ കഷ്ടപ്പെട്ട് നേടിയെടുക്കുന്നു . . . .

സത്യത്തിൽ ഇതായിരിക്കില്ലേ സംഭവിച്ചത്? ? ?

വാസ്തവം എന്തും ആയിക്കൊള്ളട്ടെ; ഇപ്പോൾ, ഇങ്ങിനെ വിശ്വസിക്കാൻ നിങ്ങൾക്ക് കഴിയുമോ? എങ്കിൽ, നിങ്ങളുടെ സകല വിഷമങ്ങളും ഈ നിമിഷം മാഞ്ഞു പോകും ! ! !.

യൗവ്വനം നഷ്ടപ്പെട്ടു എന്നു പരിതപിക്കരുത്, അതിപ്പോഴും നിങ്ങളുടെ ഹൃദയത്തിൽ തന്നെയുണ്ട്.

George Kadankavil; Director, Bethlehem.

What is Profile ID?
CHAT WITH US !
+91 9747493248