Back to articles

അയ്യോ! സൈക്കോളജിസ്റ്റാണോ?......

January 30, 2017

വിവാഹ ആലോചനയുമായി വിളിക്കുന്നവരോട് ഞാനൊരു ക്ളിനിക്കൽ സൈക്കോളജിസ്റ്റാണ് എന്നു പറയുമ്പോൾ, കേൾക്കുന്നവരുടെ ആദ്യത്തെ പ്രതികരണം മിക്കവാറും ഇങ്ങനെയാണ്. - അയ്യോ  സൈക്കോളജിസ്റ്റാണോ?-

ഇതേതാണ്ട് അപകടം പിടിച്ച സംഗതിയാണ്  എന്നൊക്കെ പലരും ധരിച്ചു വെച്ചിരിക്കുന്നതായി തോന്നിയിട്ടുണ്ട്. മറ്റേതൊരു പ്രൊഫഷനും പോലെ ഇതും ഉപജീവനത്തിനുള്ള ഒരു തൊഴിൽ മേഖലയാണ്. മറ്റുള്ളവരെ കേൾക്കുക എന്നതാണ് ഈ തൊഴിലിന്റെ ഒരു പ്രധാന ഭാഗം. സംതൃപ്തമായ ഒരു കുടുംബ ജീവിതത്തിന് ഏറ്റവും അത്യാവശ്യമായ ഒരു സ്വഭാവ ഗുണമല്ലേ പങ്കാളിയെ കേൾക്കുക എന്നത്?

ഇക്കഴിഞ്ഞ  263-ാമത് വൈവാഹിക സംഗമത്തിൽ പങ്കെടുത്ത 60ഓളം വിവാഹാർത്ഥികളുടെ ഗ്രൂപ്പ് ഇന്ററാക്ഷനിൽ ഒരു പെൺകുട്ടി അവതരിപ്പിച്ചതാണ് ഈ അനുഭവ സാക്ഷ്യം.

പതിവിലും വളരെ കൂടുതൽ ആളുകൾ പങ്കെടുത്തിരുന്നതിനാലും, ഫുട്ബോൾ ഫൈനലിന്റെ തിരക്ക് തുടങ്ങും മുമ്പ് സംഗമം അവസാനിപ്പിക്കേണ്ടിയിരുന്നതിനാലും, ഇതേക്കുറിച്ച് കൂടുതൽ വിശദമായി സംസാരിക്കാൻ സംഗമത്തിൽ സമയമില്ലാതെ പോയി. അതുകൊണ്ട് ഞാനപ്പോൾ തന്നെ പ്രോമിസ് ചെയ്തു, മോളെ അടുത്ത എഡിറ്റോറിയൽ മോളു പറഞ്ഞ വിഷയത്തെക്കുറിച്ച് ആയിരിക്കും.

സാധാരണ സംഗമം തുടങ്ങുമ്പോൾ ഒരു ഐസ് ബ്രേക്കിംഗ് സെഷൻ ഉണ്ടാവും. അവിടെ സദസ്സിനോട് ഞാൻ ചോദിക്കും - ഈ കൂട്ടത്തിൽ നല്ല ധൈര്യം ഉള്ള എത്രപേരുണ്ട്, ഒന്നെണീറ്റു നിൽക്കാമോ? ഒരാളു പോലും എണീക്കാറില്ല. ശരി, എന്തിനു വേണ്ടിയുള്ള ധൈര്യമാണെന്ന് പറയാം -  ഞാൻ ഇവിടെ മുഷ്ടി ചുരുട്ടി പിടിച്ച് നിൽക്കും, ഇത് തുറക്കാനുള്ള ധൈര്യം എത്രപേർക്കുണ്ട്? അപ്പോൾ മൂന്നോ നാലോ പേര് എണീക്കും, അവരെ വേദിയിലേക്ക് വിളിച്ച ശേഷം ധൈര്യം ഉണ്ടെന്ന് സമ്മതിക്കാതെ സദസ്സിൽ ഇരിക്കുന്നവരുടെ അടുത്തു ചെന്ന് ഞാൻ ചോദിക്കും, എന്തു കൊണ്ടാ ധൈര്യമില്ലാത്തത്? ഇതിന്റെ  മറുപടികൾ വളരെ രസകരമാണ്, പേടിയാണ്, ചമ്മലാണ്, മല്പിടുത്തത്തിന് താല്പര്യമില്ല ശക്തിയില്ല, ബലമില്ല, തുറക്കാൻ പറ്റില്ല, പരസ്യമായിട്ട് ഒരു പുരുഷന്റെ കയ്യിൽ കയറി പിടിക്കുന്നത് എങ്ങിനെയാ, എന്നു വരെയുള്ള മറുപടികൾ........

ആദ്യം വന്ന ധൈര്യശാലികളിൽ ഒരാൾക്ക് മുഷ്ടി തുറക്കാൻ അവസരം ലഭിക്കും, ബലപ്രയോഗം ഒന്നും കൂടാതെ ഞാൻ കൈ തുറന്നു കൊടുക്കും. അദ്ദേഹത്തെയും മറ്റു ധൈര്യശാലികളെയും അഭിനന്ദിച്ച് സദസ്സിലേക്ക് തിരികെ വിടും.

ധൈര്യമുണ്ടോ? എന്ന ചോദ്യം കേട്ടപ്പോൾ സദസ്സിലിരുന്ന ഓരോരുത്തരുടെയും മനസ്സിലെ അപ്പോഴത്തെ ധാരണകളും, അവസാനം അവർ കണ്ട വസ്തുതകളും വിലയിരുത്താൻ സഹായിക്കുന്ന ഈ എക്സർസൈസ് ചെയ്തു  കൊണ്ടാണ് സാധാരണ സംഗമം ആരംഭിക്കുന്നത്.

സാറ് എയർഫോഴ്സിലായിരുന്നു എന്നു പറഞ്ഞപ്പോൾ കൈക്ക് ഭയങ്കര ശക്തിയായിരിക്കും, തുറക്കാൻ സാധിക്കുകയില്ലാ എന്നാ ഞാൻ വിചാരിച്ചത്, ഒടുവിലാ മനസ്സിലായത് ഫോഴ്സ് വെറും എയർ ആയിരുന്നു എന്ന് ഒരു സഹോദരി ഒരു സംഗമത്തിൽ പറയുകയുണ്ടായി. ധാരണകളും യഥാർത്ഥ അറിവും തമ്മിൽ വളരെയേറെ അന്തരമുണ്ട്. നമ്മളോട് ബന്ധപ്പെട്ടതും, അല്ലാത്തതുമായ ഒട്ടു മിക്ക കാര്യങ്ങളെക്കുറിച്ചും അറിവുണ്ടെന്ന് ധരിച്ചു വെച്ചിരിക്കുന്നവരാണ് ഞാനുൾപ്പെടെ ബഹുഭൂരിപക്ഷം മനുഷ്യരും. അവയൊക്കെ വസ്തുനിഷ്ടമായ അറിവല്ലെന്നും, വെറും ധാരണകൾ മാത്രമാണെന്നും തിരിച്ചറിയാതെയാണ്, പല  കാര്യങ്ങളിലും നമ്മൾ പ്രതികരിക്കുന്നതും, തീരുമാനങ്ങളെടുക്കുന്നതും.

പെണ്ണ് ഡോക്ടറാ എന്നു കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ഇമേജല്ല, പെണ്ണ് സൈക്കോളജിസ്റ്റാ എന്നു കേൾക്കുമ്പോൾ മനസ്സിൽ വരുന്നത്. പയ്യൻ എൻജിനീയറാണെന്നു കേൾക്കുമ്പോളുണ്ടാകുന്ന ഫീൽ അല്ല, പയ്യൻ ആർമി എൻജിനീയറിംഗ് ഓഫീസർ ആണെന്നു കേൾക്കുമ്പോൾ തോന്നുന്നത്. എല്ലാ ഡോക്ടർമാരും ഒരു പോലെ ഉള്ള മനുഷ്യരാണോ? എല്ലാ എൻജിനീയർമാരും ഒരേ പോലെയാണോ? നഴ്സ്, പൈലറ്റ്, വക്കീൽ, സി.എ, എം.ബി.എ, ഷെഫ്, ബിസിനസ്സ്, പോലീസ്, ടീച്ചർ, പ്രൊഫസർ, സൈക്കോളജിസ്റ്റ്............ ഓരോ തൊഴിലിനെക്കുറിച്ചും, പ്രദേശത്തെക്കുറിച്ചും, വീട്ടു പേരിനെക്കുറിച്ചും ഒക്കെ കേൾക്കുമ്പോൾ തന്നെ, അയാൾക്ക് ഒരു കാരക്ടർ കല്പിച്ചു കൊടുക്കുന്ന മനസ്സിന്റെ സൂത്രക്കെണിയിൽ വീഴാത്തവർ അപൂർവ്വം തന്നെ.

ഇതിനെ നമുക്ക് ജ്ഞാനമുദ്ര "Seal of Knowledge" എന്നു വിളിക്കാം. ഈ മുദ്ര പൊളിക്കാതെ നമ്മുടെ മുൻവിധികൾ അവസാനിക്കില്ല. അതിനിത്രയേ വേണ്ടൂ, നമ്മുടെ അറിവും ധാരണകളും തമ്മിൽ തിരിച്ചറിയുക. ഓരോ ചിന്തയും മനസ്സിൽ വരുമ്പോൾ സ്വയം ചോദിക്കണം, ഇത് അറിവാണോ?,  ധാരണയാണോ? എന്ന്. അറിവാണെങ്കിൽ ആ ബോദ്ധ്യത്തിലും, ധാരണയാണെങ്കിൽ ആ ബോദ്ധ്യത്തിലും വേണം പ്രതികരിക്കുന്നതും, തീരുമാനമെടുക്കുന്നതും. - Start knowing the things you really know as fact, and treat the rest as assumption.

ജ്ഞാനത്തിനു മാത്രമല്ല  കർമ്മത്തിനും ചില ബന്ധനങ്ങളുണ്ട്. ചെയ്യാവുന്ന ഒരു പ്രവർത്തി ചെയ്യുന്നതിൽ നിന്നും നമ്മെ തടസ്സപ്പെടുത്തുന്ന ചില ഘടകങ്ങൾ നമ്മുടെ ഉള്ളിലുണ്ട്. കർമ്മമുദ്ര (The seal of action) എന്നു വിളിക്കാം നമുക്കിതിനെ. ധൈര്യമുള്ളവരുണ്ടോ? എന്നു ചോദിച്ചപ്പോൾ എണീക്കാൻ മടിച്ചത് ഈ കർമ്മ മുദ്ര മൂലമാണ്. നടപ്പില്ലാത്ത കാര്യമാണെന്ന് പ്രഥമദൃഷ്ട്യാ തോന്നിപ്പിക്കുന്ന കാര്യങ്ങൾ പരിശ്രമം കൊണ്ട് നടപ്പിലാക്കിയ ഒരനുഭവം എങ്കിലും ഇല്ലാത്ത മനുഷ്യരുണ്ടോ? എന്തിനുള്ള ധൈര്യമാണ് എന്ന് വിശദീകരണം ചോദിക്കുക എങ്കിലും ചെയ്യാമായിരുന്നു. പക്ഷേ നിഷ്ക്രിയത്വം ആണ് ആദ്യം മനസ്സ് ഉപദേശിച്ചു തരുന്നത്. വെറുതെ എന്തിനാ വയ്യാവേലി വലിച്ചു തലയിൽ വെക്കുന്നത്  എന്ന മുൻകരുതൽ നല്ലതു തന്നെ. പക്ഷേ അത് കൂടി കൂടി ഒരു കാര്യത്തിനും മുൻകയ്യ് എടുക്കാനാവാത്ത വിധം നിഷ്ക്രിയരാകുന്നത് ജീവിതത്തിന്റെ രസച്ചരട് പൊട്ടിക്കില്ലേ?

എന്തെങ്കിലും ഒരു പ്രവർത്തിയിൽ ഏർപ്പെടേണ്ട ആവശ്യം വന്നാൽ അത് ഒരിക്കലും അരമനസ്സോടെ ആയിരിക്കരുത്. കർമ്മ മുദ്ര പൊളിക്കണം. അതിന് ഇത്രയേ വേണ്ടൂ, Be total in your actions. കഴിവും, മനസ്സും, ശക്തിയും, ബുദ്ധിയും, യുക്തിയും എല്ലാം, ചെയ്യുന്ന പ്രവർത്തിയിൽ പൂർണ്ണമായി അർപ്പിക്കുക. കല്യാണമാലോചിക്കുമ്പോൾ അരമനസ്സോടെ ഇടപെടുന്ന, മറു കൂട്ടരോട് ശങ്കിച്ച് ശങ്കിച്ച് സംസാരിക്കുന്ന, ഒരുപാട് വിവാഹാലോചനകൾക്ക് ഞാൻസാക്ഷിയായിട്ടുണ്ട്. എത്ര നല്ല പ്രൊപ്പോസൽ ആണെങ്കിലും, ഈ ശങ്ക കാരണം അത് മാറിപ്പോകും, അഥവാ നടന്നാലും പിന്നീട് കല്ലു കടിക്കും.  So be total in your proposal discussions. പറ്റാത്തതാണെന്ന് ബോദ്ധ്യമായാൽ അപ്പോൾ അത് ഡ്രോപ് ചെയ്യാം. അത് നേരിട്ട് അറിയിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ, അതിനല്ലേ ഞങ്ങൾ?. ഇനി വരുന്ന പ്രൊപ്പോസലുകൾക്ക്, മറുപാർട്ടിയുമായി ഇടപെടുമ്പോൾ, ഊഷ്മളമായി തന്നെ ഇടപെടുക. എത്ര മസിലു പിടിക്കാമെന്നല്ല, എത്ര ഊഷ്മളമാകാൻ പറ്റുന്നവരാണ് ഇരുകൂട്ടരുമെന്ന് മനസ്സിലാക്കാൻ അവസരം സൃഷ്ടിക്കണം.

ഇനിയും ഒരു ബന്ധനമുള്ളത് സമയം ആണ്,സമയമുദ്ര, The seal of time ഇപ്പോൾ  ഈ നിമിഷത്തിലാണ് നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത്. ഭൂതകാലം കഴിഞ്ഞു പോയതാണ്, തിരികെ കിട്ടാത്ത ഒന്ന്, ഭാവി - വരാൻ പോകുന്ന ഒന്നാണ്. വരുമോ ഇല്ലയോ എന്ന് തീർച്ച ഇല്ലാത്ത ഒന്ന്. ഈ നിമിഷത്തിൽ ഇവിടെ തൃപ്തി നേടണം. അതിന് ഒറ്റ മാർഗ്ഗമേ ഉള്ളു തൃപ്തി പകർന്ന് കൊടുക്കുക. തൃപ്തിയുടെ ഉറവിടമാണ് ഹൃദയം. ഹൃദയത്തെ ശ്രവിക്കുക. എങ്ങും  എവിടേയും എന്തെങ്കിലും നന്മ കണ്ടെത്താൻ ഹൃദയത്തെ അനുവദിക്കുക. നന്മകൾ കണ്ടാൽ ഏതു ഹൃദയവും ഊഷ്മളമാകും.

സമയമുദ്ര തകർക്കാൻ ഇത്രയേ വേണ്ടൂ,

      Listen to your "Heart" and start living "Here'' at this "Now"moment.

   Share the warmth of your heart with everyone around you.

George Kadankavil - January 2017

What is Profile ID?
CHAT WITH US !
+91 9747493248