Back to articles

ഉപ്പിനെന്താ കൊഴപ്പം?

October 01, 2002

''എന്റെ ഭാര്യയെ അപ്പച്ചൻ എന്റടുത്ത് കൊണ്ടുവന്നാക്കി. സാറിന്റെ പരിശ്രമങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട്. പക്ഷെ പ്രയോജനമില്ല. ഞാൻ നശിച്ചുകഴിഞ്ഞു. ചെയ്യാത്ത തെറ്റുകൾ ഒന്നും ഇനി ബാക്കിയില്ല. എന്റെ ഉപ്പ് ഉറകെട്ടുപോയി സാർ.''

സൂക്ഷമില്ലാത്തവന്റെ മുതൽ എന്ന കഥയിലെ നായകനാണ്, കഥ വായിച്ചിട്ട് എന്നെ വിളിച്ച്, ഇത് പറയുന്നത്.

ശരി സുഹൃത്തേ, നിങ്ങൾ രക്ഷപ്പെടില്ല എന്നു സ്വയം സമ്മതിച്ച സ്ഥിതിക്ക് നിങ്ങളെ ഒന്നിനും നിർബന്ധിക്കുന്നില്ല. നിങ്ങളുടെ ഭാര്യയും, നിങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞും ഇനി എന്തുചെയ്യണം എന്ന് എന്തെങ്കിലും പറയാനുണ്ടോ?

എന്റെ വീട്ടിൽ നിന്നും, എനിക്ക് വീതമായി കിട്ടേണ്ട സ്ഥലം അപ്പനോട് പറഞ്ഞ് അവളുടെ പേർക്ക് എഴുതി വെച്ചിട്ടുണ്ട്. ഒന്നുമില്ലാതെ അവർ വഴിയാധാരമായിപ്പോകില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇൻഷുറൻസുണ്ട്. ഭാര്യ ആണ് നോമിനി. വിവാഹം ഒഴിയണമെങ്കിൽ അതിനുള്ള രേഖകളും ഒപ്പിട്ടു കൊടുക്കാം. കൂടുതലൊന്നും ചെയ്യാൻ എനിക്ക് കഴിവില്ല.

എന്റെ ആശാനേ, ഇത്രേം കരുതലോടെ കാര്യങ്ങൾ ചെയ്തു വെച്ചിട്ടാണോ ഉപ്പ് പോയി എന്നു വിലപിക്കുന്നത്. നിങ്ങൾ ശരിക്കും ഒരു കെട്ടവനായിരുന്നേൽ അരിയും തിന്ന് ആശാരിയുടെ അമ്മച്ചിയേം കടിക്കും, പിന്നേം മുറുമുറുത്ത് അമ്മായി അപ്പന്റെ ആപ്പീസും പൂട്ടിച്ചേനേ.

ഇയാളുടെ  ഉപ്പിന് ഒരു കുഴപ്പവുമില്ല, നിങ്ങൾ ചെയ്തിരിക്കുന്നത് എന്തൊക്കെ ആയിരുന്നാലും, ഏതു സാഹചര്യത്തിൽ ആയിരുന്നാലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. ചെയ്തതിന്റെ ഭവിഷ്യത്തുകൾ എന്തു തന്നെയായിരുന്നാലും നേരിടണം. വേദനകളിൽ നിന്ന് ഒളിച്ചോടാനും, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനും, മറ്റാരെയെങ്കിലും പഴി പറയാനും ശ്രമിക്കരുത്. സ്വന്തം  കർമ്മത്തിൽ ഉറച്ചുനിന്നാൽ മതി. ഉപ്പല്ല, നിങ്ങളുടെ ധൈര്യമാണ് നഷ്ടപ്പെട്ടത്. മനസ്സിലെ ഭയങ്ങൾ മാറ്റിയാൽ ധൈര്യം വീണ്ടുകിട്ടും.

ഭയം എന്നാൽ എന്താണ് എന്നു മനസ്സിലാക്കിയാൽ പകുതി ഭയം മാറും.

തനിക്ക് നല്ലതു സംഭവിക്കണമേയെന്നാണ് എല്ലാവരുടേയും ആഗ്രഹം. ഇപ്പോഴുള്ളതിനേക്കാൾ മോശമായതോ  ആഗ്രഹിക്കാത്തതോ പ്രതീക്ഷിക്കാത്തതോ വേദനിപ്പിക്കുന്നതോ, അപകടകരമോ ആയ അനുഭവങ്ങൾ ഉണ്ടാകും എന്ന തോന്നലിനാണ് ഭയം എന്ന് പറയുന്നത്.

അതായത് ഭയം എന്നത് ഒരു തോന്നൽ മാത്രമാണ്.

മനുഷ്യൻ ഏറ്റവും ഭയപ്പെടുന്നത് എന്തിനെയാണെന്നറിയാമോ?

ദാരിദ്ര്യ ഭയം - മനുഷ്യൻ ഏറ്റവും ഭയപ്പെടുന്നത് ദാരിദ്രത്തെയാണ്. ജീവിതമാർഗ്ഗം ഉണ്ടാകുമോ, ഉള്ളത് നഷ്ടപ്പെടുമോ, ഉണ്ടാക്കിയത് അനുഭവിക്കാൻ കഴിയുമോ?    (ഏറ്റവും വിലപ്പെട്ടത് എന്താണ് എന്നറിഞ്ഞാൽ ഈ ഭയം മാറും.)

വിമർശന ഭയം - മറ്റുള്ളവർ കുറ്റപ്പെടുത്തുമോ, പരാതിപ്പെടുമോ, കോടതി കയറ്റുമോ, പത്രത്തിലെഴുതുമോ, ചീത്തപ്പേരാകുമോ, നാണംകെടുത്തുമോ എന്നുള്ള ഭയം. ആരെങ്കിലും വിമർശിച്ചാൽ എന്ത് മറുപടി പറയും എന്നു പേടിച്ചിട്ട്, ചെയ്യേണ്ടതാണെന്ന് ബോദ്ധ്യമുള്ളതു പോലും ചിലർ ചെയ്യാതിരിക്കും. മറ്റു ചിലരാകട്ടെ നല്ല മറുപടികൾ മനസ്സിൽ തയ്യാറാക്കിയിട്ട്, സ്ഥാനമാനങ്ങൾ മറന്ന്, ചെയ്യരുതാത്തത് പോലും ചെയ്തു കൂട്ടും.

രോഗഭയം - വേദനകൾ സഹിക്കാൻ ആർക്കും ഇഷ്ടമില്ല. ശരീരത്തിന്റെ അസ്വാസ്ഥ്യങ്ങളും, വേദനകളും അനുഭവിക്കേണ്ടി വരുമോ എന്ന് മുൻകൂട്ടിയുള്ള ചിന്ത, ശരിക്കുള്ള വേദനകളെക്കാൾ ദുസ്സഹമല്ലേ? (അറിയാവുന്ന മുൻ കരുതലുകൾ എടുത്തിട്ട് ബാക്കി വരുമ്പോൾ നോക്കാം എന്ന് തീരുമാനിക്കുക.)

സ്നേഹം നഷ്ടപ്പെടുമോ എന്ന ഭയം - ആരുടെയെങ്കിലും ഒക്കെ  സ്നേഹം ഏതെങ്കിലുമൊക്കെ വിധത്തിൽ ലഭിക്കുന്നതുകൊണ്ടാണ് മനുഷ്യൻ നിലനിൽക്കുന്നത്. ആ സ്നേഹം നഷ്ടപ്പെടുന്നത് കഠിനമായ മനോവിഷമം ഉളവാക്കും. സ്നേഹം നഷ്ടപ്പെടാൻ മനുഷ്യന് ആഗ്രഹം ഇല്ല. (അളക്കാതെയും അതിരുവെക്കാതെയും മനസ്സിന്റെ ആഴത്തിൽ നിന്നും കൊടുത്തുകൊണ്ടിരുന്നാൽ തിരിച്ചു കിട്ടുന്നതാണ് സ്നേഹം എന്നറിയാത്തതുകൊണ്ടാണ് ഈ ഭയം.)

വാർദ്ധക്യ ഭയം - വയസ്സാം കാലത്ത് മനസ്സ് എത്തുന്നിടത്ത് ശരീരം എത്തിക്കാൻ കഴിയാതെ വരുന്ന പ്രായത്തിൽ എന്തുചെയ്യും എന്ന അങ്കലാപ്പ് പ്രായം കൂടുംതോറും മനുഷ്യനിൽ കൂടിക്കൊണ്ടിരിക്കും. (മരണം എത്തും വരെ നിലനിൽക്കാനുള്ള ഘടകങ്ങൾ എല്ലാം ചേർത്തിണക്കിയാണ് നമ്മളീ ഭൂമിയിലേക്ക് പിറന്നു വീണതെന്ന് മനസ്സിലാക്കിയാൽ പിന്നെ  ഈ ഭയം തോന്നില്ല.)

മരണഭയം - ഏറ്റവും ഒടുവിലുള്ള ഭയം ആണ് മരണം. എല്ലാ മനുഷ്യർക്കും സംഭവിക്കും എന്നുറപ്പുള്ള ഒരേയൊരു കാര്യം മരണം മാത്രമാണ്. മനുഷ്യൻ സത്യത്തിൽ മരണത്തെയല്ല, ജീവിതത്തെയാണ് ഭയപ്പെടുന്നത്.

നന്മതിന്മകൾ തിരിച്ചറിഞ്ഞ് നന്മകൾ ചെയ്യുന്ന ആത്മാവ് ഒന്നിനെയും ഭയപ്പെടില്ല. ഏറ്റവും വിലപ്പെട്ടത് നിങ്ങളുടെ നന്മകൾ തന്നെ. ശരീരത്തെ കൊല്ലുന്നവരെയും, മുതൽ തട്ടിയെടുക്കുന്നവരെയും, അപകീർത്തിപ്പെടുത്തുന്നവരെയും നിങ്ങൾ ഭയപ്പെടേണ്ട. നിങ്ങളുടെ ഉള്ളിലെ നന്മകൾ നശിപ്പിക്കുന്നവരിൽ നിന്നും എന്തു ത്യജിച്ചും, അകന്നു മാറിക്കൊള്ളുക. നിങ്ങളുടെ ഉള്ളിൽ നന്മകളുണ്ട്, ഇയാൾക്ക് ഗുണം പിടിക്കും. ഇദ്ദേഹത്തിന്റെ ഭാര്യ പ്രസവിച്ച് കുഞ്ഞിന്റെ മാമോദീസ കഴിയട്ടെ, വിവാഹം ഒഴിയുന്ന കാര്യം വേണമെങ്കിൽ അപ്പോൾ ആലോചിക്കാം.

George Kadankavil - October 2002

What is Profile ID?
CHAT WITH US !
+91 9747493248