Back to articles

പോക്രിത്തരത്തിനും ഒരതിരുണ്ട്

April 01, 2003

എനിക്ക് ഭാര്യയെ നല്ല ഇഷ്ടമാണ് സാർ, എങ്കിലും വീട്ടിൽ എന്നും വഴക്കാണ്. എന്നെ ഒട്ടും വകവെച്ചു തരത്തില്ല. എനിക്ക് അവളെപ്പറ്റി ചില സംശയങ്ങളില്ലാതില്ല, അതെല്ലാം ഞാൻ ക്ഷമിച്ചിട്ടും ഇപ്പോൾ വിവാഹമോചനം വേണമെന്നാ അവള് ആവശ്യപ്പെടുന്നത്.

എന്ത് ചെയ്യണമെന്നറിയില്ല സാർ!

ഒരാളുടെ ഭാഗം, അതും ഇത്രയും മാത്രം, കേട്ടിട്ട് ഒരഭിപ്രായം പറയാൻ കഴിയില്ലല്ലോ. എങ്കിലും ഒന്നു ചോദിച്ചോട്ടെ, എന്തിനുവേണ്ടി ആയിരുന്നു നിങ്ങൾ വിവാഹം ചെയ്തത്?

എന്റെ സഹപ്രവർത്തകന്റെ മകളാണ്. പഠിക്കുന്ന കാലത്ത് എന്തോ കുഴപ്പത്തിൽ ചാടി. ആ നാണക്കേടിൽ നിന്നും അവരെ രക്ഷിക്കാൻ വേണ്ടിയാ ഞാൻ അവളെ കല്യാണം കഴിച്ചത്. അതിന്റെ നന്ദിയെങ്കിലും വേണ്ടേ അവൾക്ക് എന്നോട്?

അതു ശരി, ഈ വിവാഹം കൊണ്ട് വലിയൊരു മഹാമനസ്കതയാണ് നിങ്ങൾ കാട്ടിയത്. പിന്നെ  എവിടെയാണ് പിഴച്ചത്?

ഒരുപക്ഷെ, ആയുഷ്കാലം മുഴുവൻ നിങ്ങളുടെ ഔദാര്യത്തിന്റെ അടയാളമായി ജീവിക്കേണ്ടി വരുന്ന ഒരു ദുരവസ്ഥയായിരിക്കും, ഈ വിവാഹത്തിലൂടെ നിങ്ങളുടെ ഭാര്യക്ക് സംഭവിച്ചിരിക്കുക.

നിങ്ങളുടെ മനോഭാവത്തെപ്പറ്റി ഒരു പുനപരിശോധന നടത്തണം. നിങ്ങളുടേത് ഒരു ഔദാര്യ മനോഭാവമാണെങ്കിൽ, അതു മാറ്റി; ഭാര്യയെ തുല്യപങ്കാളി ആയി കണ്ട്, അറിഞ്ഞ്, പെരുമാറി നോക്കുക.  ഇവിടെ സ്ഥാനം സ്നേഹത്തിനായിരിക്കണം. നിങ്ങളുടെ ഉള്ളിൽ നിന്ന് മഹാമനസ്കതയോടെ പെരുമാറാം. പക്ഷെ ഭാവിക്കേണ്ട, നിബന്ധനകളും വെക്കേണ്ട.

ഒരു ഇംഗ്ലീഷ് കവിതയിൽ, തന്റെ ചോര കുടിക്കാനെത്തിയ കൊതുകിനോട്, മഹാമനസ്കത കാട്ടുന്ന ഒരു മനുഷ്യനെ വർണ്ണിക്കുന്നുണ്ട്.

മനുഷ്യരുടെ രക്തം കുടിക്കാനായല്ലെ ദൈവം ഈ കൊതുകിനെ സൃഷ്ടിച്ചിരിക്കുന്നത് എന്നു ചിന്തിച്ച് അയാൾ ആ കൊതുകിനെ ഓടിച്ചില്ല. കൈത്തണ്ടയിലെ മാംസള ഭാഗത്തിരുന്ന് കൊതുക് രക്തപാനം തുടങ്ങി. കൊതുകിന്റെ ഉദരം രക്തം കൊണ്ട് നിറയുന്നത് കണ്ട് അയാൾക്ക് സംതൃപ്തി തോന്നി.

കൊതുകിനു പക്ഷെ ചോരകുടിച്ച് തൃപ്തി ആയിട്ടില്ല. അതിന്റെ വയറ്റിൽ രക്തം നിറഞ്ഞ് വീർത്തു വീർത്തു വരുന്നതു കണ്ട്. അയാളുടെ ഉള്ളിലും ദേഷ്യം നുരഞ്ഞു പൊന്തി വന്നു.

"Even Magnanimity Has It's Limits" "മഹാമനസ്കതയ്ക്കും ഒരതിരുണ്ട്" എന്നു പറഞ്ഞ് അയാൾ ഒറ്റയടി വെച്ചു കൊടുത്തു. കൊതുക് രക്തത്തിൽ കുളിച്ച് ദാ കിടക്കുന്നു.

കേരളത്തിലെ ഒരു പ്രശസ്ത സാഹിത്യകാരൻ, ഈ ഇംഗ്ലീഷ് കവിതാ ഭാഗം വിവർത്തനം ചെയ്തപ്പോൾ - "പോക്രിത്തരത്തിനും ഒരതിരുണ്ട് എന്നുപറഞ്ഞ് ഒറ്റയടി". എന്നാണ് ആശയം മാറാതെ പ്രയോഗിച്ചത്.

നമ്മുടെ ചെയ്തികൾ, മറ്റുള്ളവർ മനസ്സിലാക്കുന്നത് അവരുടെ, കാഴ്ചപ്പാട് എന്ന തുലാസിലിട്ട് അളന്ന ശേഷമാണ്. തന്റെ തുലാസ്സിൽ കണ്ടതുപോലെ തന്നെ, പങ്കാളിയുടെ തുലാസ്സിലും  കണ്ടെത്താൻ അവസരം ഒരുക്കണം. അല്ലെങ്കിൽ നമ്മുടെ മഹാമനസ്കത ചിലപ്പോൾ 'പോക്രിത്തരം'   ആയി ചിത്രീകരിക്കപ്പെടാം.

ഔദാര്യത്തിന്റെയോ, സഹതാപത്തിന്റെയോ പേരിൽ വിവാഹം ചെയ്തു എന്ന് ഭാവിക്കുന്നത് ശുദ്ധ ഭോഷ്ക്കാണ്. സ്നേഹിക്കാൻ വേണ്ടിയാണ് വിവാഹം. ദൈവമാണ് യോജിപ്പിക്കുന്നത്. അതിന് വ്യക്തമായ ഒരു പദ്ധതിയും ദൈവത്തിനുണ്ട്. വെറുപ്പും കലഹവുമായി അത് വേർപെടുത്താൻ മനുഷ്യൻ ഇടയാക്കരുതേ.

George Kadankavil - April 2003

What is Profile ID?
CHAT WITH US !
+91 9747493248