Back to articles

വിവാഹമോചനങ്ങൾ പ്രതിരോധിക്കാൻ എട്ടാമതൊരു കൂദാശ

June 01, 2003

വിവാഹമോചനം ലഭിച്ചവരെല്ലാം പുനർവിവാഹത്തിനു ശ്രമിക്കുന്നുണ്ടോ?

കൃത്യമായ പഠനങ്ങളോ, സ്ഥിതി വിവര കണക്കുകളോ ഒന്നും ഈ കാര്യത്തിൽ നമുക്കില്ല. എങ്കിലും വൈവാഹിക രംഗത്തെ ദീർഘകാല അനുഭവം വെച്ച് ഞാൻ മനസ്സിലാക്കുന്നത്, ഭൂരിഭാഗത്തിനും ആഗ്രഹം ഉണ്ടായിരിക്കാം, എങ്കിലും വളരെ ചുരുക്കം വിവാഹമോചിതർക്കു മാത്രമെ പുനർവിവാഹം സാധിക്കുന്നുള്ളു എന്നാണ്.

ബാക്കിയുള്ളവർക്കെന്തു സംഭവിക്കുന്നു? ആരും ചിന്തിച്ചു മിനക്കെടാറില്ല എന്നു തോന്നുന്നു.

ചപ്രം ചിപ്രം വെട്ടിമുറിച്ച മനസ്സിലെ പച്ചമുറിവിൽ, ഒരു തുന്നലോ, മരുന്നോ ഒന്നും കൂടാതെ വരിഞ്ഞ് കെട്ടി വെച്ചിരിക്കുന്ന ബാൻഡേജ് പിന്നീട് അഴിക്കുന്ന പോലൊരു അവസ്ഥയാണ്, ചിലരോട് പുനർവിവാഹത്തിന്റെ കാര്യം സംസാരിക്കുമ്പോഴുണ്ടാകുന്നത്. ഇവർക്ക് ഒരു പുതിയ ബന്ധം കണ്ടെത്താനുള്ള ശ്രമങ്ങളെല്ലാം പാഴ് വേല ആയിട്ടാണ് പരിണമിക്കുക. ഓരോ ആലോചന വരുമ്പോഴും, ഇവർ പഴയ അനുഭവങ്ങളുടെ മുറിവുകൾ ചികഞ്ഞ് മാന്തി വീണ്ടും വേദനിക്കുന്നു. ചുറ്റുമുള്ളവരെയും വേദനിപ്പിക്കുന്നു. ചൂടു വെള്ളത്തിൽ വീണ പൂച്ചയെപ്പോലെ ഭയന്നു മാറുന്നു, എന്തെങ്കിലും പ്രതിവിധികൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുകയാണ്. പ്രതിവിധികൾ മാത്രമല്ല, പ്രതിരോധ നടപടികളും ആവശ്യമുണ്ട്.

വിവാഹ ജീവിതത്തിനു താൽപര്യമില്ലാത്തവരെ അതിനു നിർബന്ധിക്കേണ്ടി വരുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതി ഇവിടെയുണ്ട്. ശാരീരികമോ, മാനസികമോ ആയ കാരണങ്ങളാലോ, സാഹചര്യങ്ങൾ മൂലമോ, വിവാഹ ജീവിതം നയിക്കാൻ ആഗ്രഹിക്കാത്തവരും, സാധിക്കാത്തവരും, പാടില്ലാത്തവരും ഒക്കെ നമ്മുടെ കുടുംബങ്ങളിലുണ്ട്.

മൂത്തവരുടെ വിവാഹം കഴിഞ്ഞെങ്കിലെ ഇളയവരുടെ വിവാഹം നടക്കൂ എന്നൊരു ധാരണയാണ്, വിവാഹത്തിന് താൽപര്യമില്ലാത്തവരെ, വിവാഹത്തിനു നിർബന്ധിക്കുവാൻ പലപ്പോഴും ഇടയാക്കുന്നത്. നാട്ടുകാരെ ബോധിപ്പിക്കാനായി, കെട്ടാൻ മനസ്സില്ലാത്തയാളെ നിർബന്ധിച്ചു കെട്ടിച്ചാൽ, കെട്ടിയതിലും വേഗത്തിൽ അത് പൊട്ടിത്തെറിക്കും.

ഇതറിയാത്തവരല്ല നമ്മൾ, എന്നിട്ടും, സഹോദരങ്ങൾക്കു വേണ്ടി, അല്ലെങ്കിൽ കുടുംബത്തിന്റെ മാനം കാക്കാൻ വേണ്ടി, തങ്ങളാഗ്രഹിക്കാത്ത, അഥവാ തങ്ങൾക്ക് സാധിക്കാത്ത ഒരു ജീവിതാന്തസ്സിലേക്ക് കടക്കുവാൻ നമ്മുടെ കുഞ്ഞുങ്ങൾ നിർബന്ധിതരാകുന്നു. ഫലമോ, മറ്റൊരു വ്യക്തിയെക്കൂടി ഒരു ദുരന്തത്തിലേക്ക് തള്ളിവിടുന്നു. ഒരു സാമൂഹ്യ പ്രശ്നമാണിത്. പരിഹാരങ്ങൾ തേടി കണ്ടെത്തേണ്ട ചുമതല നമുക്കുണ്ട്.

വിവാഹജീവിതം നയിക്കാൻ സാധിക്കാത്തവരെ വിവാഹം ചെയ്യേണ്ടി വരുന്നവരുടെ  അവസ്ഥ ഏറെ ദൌർഭാഗ്യകരമാണ്, അതുകൊണ്ട് വിവാഹത്തിനു മുമ്പ് വൈദ്യപരിശോധന നിർബന്ധം ആക്കണം എന്നു ചിന്തിക്കുന്നവരുണ്ട്. എന്നാൽ വൈദ്യപരിശോധനകൊണ്ടോ, മറ്റെന്തെങ്കിലും സംവിധാനങ്ങൾ കൊണ്ടോ ഒരു വ്യക്തിക്കു വിവാഹത്തിന് വിലക്ക് കൽപ്പിച്ച് അവരെ മുദ്രകുത്തി മാറ്റിനിർത്തുന്നത്, പലവിധ സാമൂഹ്യ പ്രത്യാഘാതങ്ങൾക്കും ഇടയാക്കും.

ഇങ്ങനെയുള്ളവർക്ക് സ്വയം മാറിനിൽക്കുവാനും, സ്വയം മാറ്റങ്ങൾ വരുത്തുവാനും, സ്വന്തം കഴിവുകൾ വിനിയോഗിക്കുവാനുമുള്ള ഒരു  സാമൂഹ്യ പശ്ചാത്തലമാണ് ആദ്യം ഒരുക്കേണ്ടത്. അത് പക്ഷെ മുദ്രകുത്തപ്പെട്ടവരുടേത് മാത്രമായ ഒരു നിഷേധ സമൂഹം ആയിപ്പോകാതെ നടപ്പിലാകണം. അതിനുവേണ്ടി ഒരു നിശ്ചിത പ്രായപരിധിയിലുള്ള എല്ലാവരും സ്വയമേവ ഉൾപ്പെടുന്ന ഒരു ജീവിതാന്തസ്സു കൂടി നമ്മുടെ സാമൂഹ്യ വ്യവസ്ഥയിൽ വിഭാവനം ചെയ്യുവാൻ സാധിക്കുമോ.

പ്രായപൂർത്തി, സീനിയർ സിറ്റിസൺ എന്നീ അവസ്ഥകൾ പോലെ ഒരു മിഡിൽ ഏജ് സ്റ്റാറ്റസിനു വേണ്ടി രാജ്യത്തിന്റെ നിയമ നിർമ്മാണത്തിനോ, ഭരണഘടനാ ഭേദഗതിക്കോ വേണ്ടി പോലും നമുക്കു ശ്രമിക്കാവുന്നതാണ്. ഈ മാറ്റത്തിനു മാർഗ്ഗങ്ങളും, മാതൃകയും സൃഷ്ടിക്കുന്നത് കത്തോലിക്കാ സഭയിൽ വളരെ പ്രസക്തമല്ലേ എന്ന് ചിന്തിക്കണം.

മുപ്പതാം വയസ്സിൽ യേശു കാനായിലെ കല്യാണവിരുന്നിൽ വെച്ച് തന്റെ പൊതുജീവിതം ആരംഭിച്ചത് അനുസ്മരിച്ചുകൊണ്ട് മുപ്പതു വയസ്സായ എല്ലാ അവിവാഹിതർക്കും സാമൂഹ്യ പ്രവർത്തനങ്ങളിൽ പരിശീലനം നൽകി, സ്വന്തം ജീവിതം ലോക നന്മയ്ക്കായി സമർപ്പിക്കുന്ന ഒരു കൂദാശകൂടി ക്രൈസ്തവ വിശ്വാസ ജീവിതത്തിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്നു ചിന്തിക്കാം.  

സ്ഥൈര്യലേപനത്തിനും, വിവാഹത്തിനും ഇടയിൽ ഒരു കൂദാശ കൂടി - സാമൂഹ്യസമർപ്പണം.

മുപ്പതു വയസ്സിനുള്ളിൽ വിവാഹം കഴിഞ്ഞിട്ടില്ലാത്തവർ എല്ലാവരും ഈ സാമൂഹ്യ സമർപ്പിത സമൂഹത്തിൽ ഉൾപ്പെടണം. കല്യാണം, പുത്തൻ കുർബാന, ഉടുപ്പിടൽ പോലെ ഈ സമർപ്പണവും ഒരു ആഘോഷമായി  കുടുംബത്തിൽ കൊണ്ടാടണം. ഇവർക്ക് പിന്നീട് വിവാഹം ചെയ്യുന്നതിന് തടസ്സമുണ്ടാവരുത്,  എന്നാൽ വിവാഹത്തിന് നിർബന്ധിക്കയുമരുത്. ഇങ്ങിനൊരു  സംസ്കാരം ഉൾക്കൊള്ളാൻ നമുക്കു കഴിഞ്ഞാൽ നമ്മുടെ കുടുംബങ്ങളുടെ കുറെ ക്ലേശങ്ങൾ ഇതുവഴി ലഘൂകരിക്കാൻ സാധിച്ചേക്കും.

തകരുമെന്നുറപ്പുള്ള വിവാഹബന്ധങ്ങൾ ഒഴിവാക്കുവാനും, കുടുംബബന്ധം തകർന്നവരുടെ പുനരധിവാസത്തിനും സഹായകരമായേക്കും എന്ന പ്രതീക്ഷയിലാണിതെഴുതുന്നത്. ഉചിതമെങ്കിൽ നിങ്ങളും ഉണർന്ന്, പ്രവർത്തിക്കണം, പ്രതികരിക്കണം.

അബദ്ധമായിപ്പോയെങ്കിൽ, ഉദ്ദേശശുദ്ധി പരിഗണിച്ച് എന്റെ അവിവേകം പൊറുക്കണം, മാപ്പാക്കണം.

George Kadankavil - June 2003

What is Profile ID?
CHAT WITH US !
+91 9747493248