Back to articles

വയസ്സാൻകാലത്ത് മിണ്ടാനും പറയാനും

July 01, 2003

മക്കളെയെല്ലാം നല്ല നിലയിൽ കെട്ടിച്ചു. ഇനി വയസ്സാൻ കാലത്ത് മിണ്ടാനും പറയാനും ആരുമില്ല. ചെയ്യാൻ വിശേഷിച്ച് ഒന്നുമില്ല. അസുഖങ്ങൾ ഓരോന്ന് ഇടയ്ക്കിടയ്ക്ക് ശല്യപ്പെടുത്തുന്നു. വീട്ടിലെ നിശബ്ദത സഹിക്കാൻ പറ്റുന്നില്ല. ഇത്ര പ്രായമായെങ്കിലും ഒരു വിവാഹംകൂടി ചെയ്താലോ?

ഭാര്യ, മരിച്ചുപോയ, വാർദ്ധക്യത്തിലേക്ക് കടന്നിരിക്കുന്ന ഏതാനും സുഹൃത്തുക്കൾ എന്നോട് പങ്കുവച്ചിരിക്കുന്ന ഒരു ചിന്തയാണിത്.

വളരെ ഉത്സാഹത്തോടെ ഈ സുഹൃത്തുക്കൾക്കു വേണ്ടി ഞാൻ വിവാഹം അന്വേഷിക്കുവാൻ തുടങ്ങി. ഇതേ അവസ്ഥയിൽ കഴിയുന്ന നിരവധി സ്ത്രീകളെ കണ്ടെത്താനും സംസാരിക്കുവാനും കഴിഞ്ഞു. ഒരു കംപാനിയൻ അവർക്കും ആവശ്യമുണ്ട്.പക്ഷെ പുനർവിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഈ സ്ത്രീകൾക്ക് ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളാണ് മനസ്സിൽ ഉയരുന്നത്.

നൊന്തുപെറ്റ മക്കൾക്ക് അമ്മയുടെ മേലുള്ള സ്നേഹവും, അവകാശങ്ങളും, അധികാരവും സർവ്വോപരി പെറ്റമ്മയെന്ന ഉത്കൃഷ്ട ബന്ധം തന്നെ ബന്ധനത്തിൽപ്പെട്ടു പോകാം എന്ന സാദ്ധ്യത സ്ത്രീകളെ പുനർവിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാ നിടയാകുന്നു.

ഇനി പുരുഷൻമാരുടെ ആഗ്രഹം കംപാനിയൻ വേണം എന്നതു തന്നെ. തുല്യ പങ്കാളിത്തം, കൂട്ട്, അണ്ടർസ്റ്റാൻഡിംഗ് എന്നൊക്കെ ഭംഗിയിൽ പറയുമെങ്കിലും ഫലത്തിൽ കൊച്ചു കൊച്ചു കാര്യങ്ങൾ ചെയ്തുതരാൻ ഒരാളിനെയല്ലേ  പുരുഷന് വേണ്ടത്? നിർബന്ധങ്ങളും, കർക്കശങ്ങളും ഒക്കെ സ്വഭാവത്തിന്റെ ഭാഗം ആയി കഴിഞ്ഞ ഈ പ്രായത്തിൽ ഇനിയും ഒരാണിന്റെ താളത്തിനൊപ്പം മനസ്സ് പാകമാക്കി എടുക്കാൻ സ്ത്രീക്ക് കഴിയുമോ? പുരുഷന് തിരിച്ചും ഇതു സാധിക്കുമോ? ഇതാണ് മിക്ക സ്ത്രീകളുടെയും ചോദ്യം. ഒരു twilight love അപൂർവ്വമായി സംഭവിച്ചേക്കാവുന്ന അത്ഭുതമായി കരുതിയാൽ മതിയത്രേ.

വിദേശത്ത് ജോലിചെയ്യുന്ന മകളെയുംകൂട്ടി ഒരമ്മ എന്നെ കാണാൻ വന്നു. അമ്മ കേൾക്കെത്തന്നെ ഈ  മകൾ പറഞ്ഞു. അങ്കിളേ, എന്റെ മമ്മി തനിച്ചാണ്, മമ്മിക്കൊരു വിവാഹം ശരിയാക്കി കൊടുക്കാമോ? അതു കഴിഞ്ഞിട്ടുമതി എന്റെ വിവാഹം, പക്ഷെ അമ്മയുടെ കാഴ്ചപ്പാട് വേറെയായിരുന്നു. ഇവളെ നല്ല ഒരു പയ്യന്റെകൂടെ വിവാഹം കഴിപ്പിച്ച് വിടണം എന്നത് മാത്രമാ എന്റെ ആഗ്രഹവും പ്രാർത്ഥനയും. അതു കഴിഞ്ഞാൽ എന്നേപ്പോലെ വേറെയും ധാരാളം അമ്മമാരുണ്ടാകുമല്ലോ, അവരുടെ കൂട്ട് തേടിക്കൊള്ളാം. അതിനു സാധിക്കുമെങ്കിൽ സാറ് എന്നെ സഹായിക്ക്.

തനിച്ചായിപ്പോയതു കൊണ്ട് സഹവർത്തിത്വം ആവശ്യമായി വന്നിരിക്കുന്ന പ്രായമായ സ്ത്രീപുരുഷന്മാർക്ക്, സമാന ചിന്താഗതിയുള്ളവരുടെ ചെറിയ ഗ്രൂപ്പുകളോ, ഏതാനും പേർ ചേർന്ന് ഒരുമിച്ച് താമസിക്കുന്ന ഒരു കൂട്ടുകുടുംബ ശൈലിയോ ആയിരിക്കും, വിവാഹത്തേക്കാൾ ഉചിതം. ആവശ്യം നിങ്ങളുടേതാണ്, അതു മറ്റാരെങ്കിലും തുടങ്ങി തരാൻ കാത്തിരിക്കേണ്ട. ആത്മ വിശ്വാസമുണ്ടെങ്കിൽ നിങ്ങൾതന്നെ സ്വയം തുടങ്ങണം. അതും നിങ്ങൾക്ക് ആരോഗ്യമുള്ള സമയത്തുതന്നെ തുടങ്ങുക. ഇത് അത്യാവശ്യമാണെന്ന് നിങ്ങളുടെ ഉള്ളിൽ ശക്തമായ ബോദ്ധ്യമുണ്ടെങ്കിൽ തമ്പുരാനെ ആശ്രയിച്ചുകൊണ്ട് ആരംഭിക്കുക, ധാരാളം പ്രയാസങ്ങളും, കഷ്ടനഷ്ടങ്ങളും നേരിടേണ്ടിവരും. ഒളിച്ചോടരുത്, അവസാനം വരെ പിടിച്ചു നിൽക്കണം, രക്ഷപ്പെടും. ഞാനും സഹായിക്കാം.

George Kadankavil - July 2003

What is Profile ID?
CHAT WITH US !
+91 9747493248