Back to articles

മക്കളെ കെട്ടിക്കാൻ അമ്മ കരയണോ?

July 01, 2004

താഴത്തുവച്ചാൽ ഉറുമ്പരിക്കും, തലയിൽ വച്ചാൽ പേനരിക്കും, അതുകൊണ്ട് തലയിലും താഴത്തും വയ്ക്കാതെ കുഞ്ഞുങ്ങളെ വളർത്തണമെന്ന് ആഗ്രഹിക്കുകയെങ്കിലും ചെയ്തിട്ടുള്ളവരാണ് നമ്മൾ.

ഈ കുഞ്ഞുങ്ങൾ പറക്കമുറ്റിക്കഴിഞ്ഞാൽ പിന്നെ നാട്ടുനടപ്പനുസരിച്ച് ഇണയോടൊപ്പം കൂടുകൂട്ടുന്നതുകണ്ട് സായൂജ്യമടയാനാണ് നമ്മുടെ അടുത്ത പരിശ്രമം.
ഒരുപാട് അനുഭവങ്ങളിലൂടെയാണ് കുഞ്ഞുങ്ങൾ ഈ വഴിത്തിരിവു വരെ എത്തിയത് അഥവാ നമ്മൾ എത്തിച്ചത്. ഈ അനുഭവങ്ങളുടെ ആകെത്തുകയാണ് ഇപ്പോൾ ഈ മക്കൾ. പല കാര്യങ്ങളിലും തനിച്ചു വേണമെങ്കിലും തീരുമാനങ്ങളെടുക്കാൻ അവർക്ക് സാധിക്കുമായിരുന്നു. പക്ഷെ വിവാഹക്കാര്യം ഒരാൾക്ക് തനിയെ തീരുമാനിച്ചെടുക്കാൻ കഴിയുന്നതല്ല.

നാട്ടുനടപ്പനുസരിച്ച് ഒരു വിവാഹം നടക്കണമെങ്കിൽ രണ്ട് കുടുംബങ്ങളിലായി വിവിധ തലങ്ങളിൽ അഭിപ്രായ സമന്വയം അത്യാവശ്യമാണ്. അത് ആദ്യം ഉണ്ടാവേണ്ടത് സ്വന്തം കുടുംബത്തിൽത്തന്നെയാണ്. ഒരുപക്ഷെ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത പല സമസ്യകളും ഇവിടെ ആരംഭിക്കുന്നു.

സ്വന്തമായി കൂട്ടുകൂടാനുള്ള പ്രാപ്തിയും പക്വതയും ആയിട്ടുണ്ടോ?..... യോഗ്യതകളും കുറവുകളും എന്തൊക്കെയാണ്?.... എന്തിനുവേണ്ടിയാണ് വിവാഹം ചെയ്യുന്നത്?....... പങ്കാളിയെക്കുറിച്ചുള്ള ആഗ്രഹങ്ങളും പ്രതീക്ഷകളും പ്രായോഗികമാണോ?.....

പലവിധ ഉത്തരങ്ങൾ ലഭിച്ചേക്കാവുന്ന ഒരുപിടി ചോദ്യങ്ങൾ. ഉത്തരങ്ങളിൽ ചിലത് ചിലപ്പോൾ കണ്ണ് തുറപ്പിക്കുന്നതും, ചിലപ്പോൾ മുറിപ്പെടുത്തുന്നതും ആകാം.

പല കുടുംബങ്ങളിലും ഈ വസ്തുതകളെ അഭിമുഖീകരിക്കുന്നതിന് പകരം ഒഴിഞ്ഞു മാറുകയും മാറ്റിവയ്ക്കുകയും ചെയ്യാറുണ്ട്. അവസാനം അമ്മ കരയും, പൊട്ടിത്തെറിക്കും. കാര്യങ്ങൾ ചൂടുപിടിക്കും. എന്തെങ്കിലുമൊക്കെ സംഭവിക്കും.

ഒഴിഞ്ഞുമാറുന്നതുകൊണ്ട് വസ്തുതകൾ ഇല്ലാതാവുന്നില്ല. തുറന്ന് സംസാരിച്ചാൽ പല പോംവഴികളും കണ്ടെത്താൻ കഴിയും. അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാൻ അവസരം ഉള്ളിടത്ത് അഭിപ്രായ വ്യത്യാസവും തീർച്ചയാണ്. ഇവിടെ അഭിപ്രായസമന്വയം ഉണ്ടാകാനാണ് പ്രയത്നിക്കേണ്ടത്.

അമ്മയ്ക്ക് വേണമെങ്കിൽ കരയാം, അത് പക്ഷേ സ്വന്തം ഇഷ്ടം അടിച്ചേൽപ്പിക്കാൻ വേണ്ടിയായിരിക്കരുത്. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ആശയവിനിമയം നടത്താനും അഭിപ്രായ ഐക്യം ഉണ്ടാകുവാനുംവേണ്ടി അമ്മ കരഞ്ഞുപ്രാർത്ഥിക്കുക.

അമ്മ കരയുമ്പോഴെങ്കിലും ഒഴിഞ്ഞുമാറാതെ തുറന്നു സംസാരിക്കുവാനും, ഉത്തരവാദിത്വബോധത്തോടെ തീരുമാനങ്ങൾ എടുക്കുവാനുമുള്ള മനസ്സ് ദൈവം നമുക്ക് നൽകട്ടെ!

George Kadankavil - July 2004

What is Profile ID?
CHAT WITH US !
+91 9747493248