Back to articles

കല്യാണം മുടക്കികൾ

November 01, 2006

''ഊമക്കത്ത് അയക്കുന്നവർ ആരായാലും, നമ്മളെ ഗുണപ്പെടുത്താൻ ആഗ്രഹിക്കുന്നവരല്ല, നമുക്ക് നല്ലത് വരണം എന്ന് ആഗ്രഹിക്കുന്നവരാണെങ്കിൽ നമ്മളോട് നേരിട്ട് സംസാരിക്കുമായിരുന്നു. അഭ്യുദയകാംക്ഷി എന്നവകാശപ്പെടുന്ന ആളുകൾ പലപ്പോഴും സ്വന്തം ലാഭമായിരിക്കും കാംക്ഷിക്കുന്നത്, അല്ലെങ്കിൽ, മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ ആനന്ദം കൊള്ളുന്ന മനോരോഗികളായിരിക്കും.

അസന്നിഗ്ധമായ ഭാഷയിൽ ഒരു രക്ഷകർത്താവ് തന്റെ അഭിപ്രായം പറഞ്ഞതോടെ 188-ാമത് വൈവാഹിക സംഗമത്തിന്റെ ചർച്ചകൾക്ക് ആവേശമായി.

1. ലാഭേച്ഛ, പ്രതികാരം, മനോരോഗം ഇവയാണ് കല്യാണം മുടക്കലിന്റെ മൂലകാരണം എന്നും, ഊമകത്തുകൾക്ക് അധിക പ്രാധാന്യം കൊടുക്കരുത് എന്നും അഭിപ്രായം ഉയർന്നു.
2. എങ്കിലും, നമുക്ക് ഏറ്റവും വിലപ്പെട്ടവരാകേണ്ടവരെക്കുറിച്ച് മോശമായത് കേട്ടാൽ വെറുതെയങ്ങ് തള്ളിക്കളയാൻ പറ്റുമോ? എന്ന മറുചോദ്യത്തിനും തുല്യ പ്രസക്തി ഉണ്ടായി.

ഇത്തരം സന്ദർഭങ്ങളിൽ പെട്ടെന്ന് പ്രതികരിക്കരുത്. സ്വന്തം വീട്ടിൽ പോലും, അനാവശ്യമായ പബ്ളിസിറ്റി കൊടുക്കരുത്. മുൻവിധി കൂടാതെ ആരോപണങ്ങളെക്കുറിച്ച് പരോക്ഷമായി എങ്കിലും അന്വേഷിക്കണം.

പക്ഷെ എങ്ങനെ, എവിടെ അന്വേഷിക്കണം?
അന്വേഷണം എളുപ്പമാക്കാൻ, മറുപാർട്ടിയുമായി വീണ്ടും സംസാരിക്കണം, നമ്മളെക്കുറിച്ച് അന്വേഷിക്കുവാൻ ഉതകുന്ന വിവരങ്ങൾ അങ്ങോട്ട് നൽകുക. പഠിച്ച സ്ഥാപനങ്ങൾ, അദ്ധ്യാപകരുടെയും, സഹപാഠികളുടെയും പേരുകൾ, ജോലി ചെയ്ത സ്ഥാപനങ്ങൾ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, അയൽക്കാർ തുടങ്ങിയവരുടെ പേരുകൾ പറയുക. മറുപാർട്ടിക്ക് സമാന വിവരങ്ങൾ തിരികെ നൽകാൻ ഇത് പ്രചോദനമാകണം. ഇല്ലെങ്കിൽ ചോദിച്ച് അറിയണം. ഇവരോട് പരിചയക്കാർ വഴിയോ, നേരിട്ടോ ഗോപ്യമായി അന്വേഷിക്കുക.

അന്വേഷണങ്ങൾ തൃപ്തികരമല്ലെങ്കിൽ ആലോചന ഉപേക്ഷിക്കാം. തൃപ്തികരമാണെങ്കിൽ കൂടി കുടുംബനാഥനുമായി സ്വകാര്യമായി കാണുവാൻ അവസരം ഉണ്ടാക്കണം, വേണമെങ്കിൽ സ്വന്തം ചിലവിൽ നല്ല ഒരു റസ്റ്റോറന്റിൽ ലഞ്ചിന് ക്ഷണിക്കാം, പക്ഷെ മദ്യം അരുത്. രണ്ടോ മൂന്നോ ആളുമതി. തക്കതായ മുഖവുരയോടെ, മറ്റാരും കേൾക്കാതെ സംഭവം വസ്തുനിഷ്ടമായി തുറന്നു പറയുക.

ആവശ്യമെങ്കിൽ, ആരോപണവിധേയനായ ആളിനോട് നേരിട്ട്, തനിച്ച് സംസാരിക്കുവാൻ അനുവാദം ചോദിക്കാം. അനുവാദം ലഭിച്ചാൽ അവകാശമുള്ള രണ്ടുപേർ മാത്രമായി തുറന്ന് സംസാരിക്കുക. കാര്യങ്ങൾ ബോദ്ധ്യപ്പെട്ട് തൃപ്തികരമാണെങ്കിൽ ആലോചനയുമായി മുന്നോട്ട് പോകാം, അല്ലെങ്കിൽ രഹസ്യം സൂക്ഷിക്കുമെന്ന് ഉറപ്പ് പറഞ്ഞ് പിൻമാറാം.

സംശയം ഉള്ളിൽ വെച്ചുകൊണ്ട്, മനസ്സില്ലാമനസ്സോടെ, വിവാഹത്തിന് ഒരുമ്പെടരുത്. കേട്ടപാതി കേൾക്കാത്തപാതി ആലോചനകൾ തള്ളുകയുമരുത്.

വിവാഹത്തിനു മുമ്പുതന്നെ, പരീക്ഷണങ്ങളെ തുറന്ന സംഭാഷണവും, പരസ്പരവിശ്വാസവും കൊണ്ട് അതിജീവിക്കുവാൻ സാധിക്കുന്നുവെങ്കിൽ, അതല്ലേ ഏറ്റവും നല്ല പൊരുത്തം! ആ വിവാഹം വിജയിക്കും എന്ന് ഉറച്ചു വിശ്വസിക്കാമല്ലോ. അതിനുള്ള വിവേകത്തിനായി നമുക്ക് പ്രാർത്ഥിക്കാം, യോജിപ്പിക്കുന്നത് ദൈവമാണെന്ന ബോദ്ധ്യത്തോടെ..

George Kadankavil - November 2006

What is Profile ID?
CHAT WITH US !
+91 9747493248