Back to articles

ഫോൺ ചെയ്താൽ പോരേ

September 01, 2006

വെറുതെ നീട്ടിപ്പിടിച്ച് എഴുത്തെഴുതാൻ ഉപയോഗിക്കുന്നതെന്തിനാ ജോർജ്ജ് സാറേ, കാലം മാറിയില്ലേ ഇപ്പോൾ, ഒന്നു ഫോൺ ചെയ്താൽ പോരേ, വിവരം ഉടനെ അറിയാമല്ലോ.

ഒരു പരിധിവരെ ശരിയാണ് സുഹൃത്തേ, പക്ഷെ ശ്രദ്ധയോടെ ചെയ്യണം, ടെലിഫോണിലൂടെ ഫലപ്രദമായി ആശയവിനിമയം നടത്താൻ ചിലർക്ക് ഒരു പ്രത്യേക നൈപുണ്യം ഉണ്ട് മറ്റു ചിലർക്ക് ഇതു തീരെ ഇല്ല എന്നതും ഓർക്കണം.

ഫോണിൽ സംസാരിക്കുന്നത് ആരോടാണ് എന്നത് ഒരു പ്രധാന ഘടകമാണ്. തീരുമാനമെടുക്കാൻ കഴിയുന്ന ആളിനോടാണോ, വാർദ്ധക്യ സഹജമായ ഓർമ്മക്കുറവും മറ്റുമുള്ള ആരോടെങ്കിലുമാണോ, വീട്ടിൽ വന്നിരിക്കുന്ന ബന്ധുക്കളോടാണോ, ജോലിക്കാരോടാണോ എന്നു മനസ്സിലാക്കി ആളും തരവും അനുസരിച്ച് സംസാരിക്കണം.

കേൾക്കുന്നതോ കാണുന്നതോ ആയ ഓരോ കാര്യങ്ങളും അവരവരുടെ പശ്ചാത്തലവുമായി ബന്ധപ്പെടുത്തിയാണ് മനുഷ്യൻ മനസ്സിലാക്കുന്നത്. അയാൾ അത് മറ്റൊരാൾക്ക് വിശദീകരിച്ചു കൊടുക്കുമ്പോൾ ചിലത് കൂട്ടിച്ചേർക്കുന്നതും, ചിലത് വിട്ടുകളയുന്നതും സ്വാഭാവികമാണ്. അതുകൊണ്ട് അർത്ഥശങ്കക്ക് ഇടയില്ലാത്തവിധം കാര്യങ്ങൾ പറയണം.

നിങ്ങൾ ഫോൺചെയ്യുന്ന അവസരത്തിൽ ആ വീട്ടിലെ അന്തരീക്ഷം എങ്ങനെ ആയിരിക്കും എന്നത് മറ്റൊരു ഘടകമാണ്. വീട്ടിൽ അസ്വസ്ഥതയുള്ള  അവസരത്തിൽ ലഭിച്ച ടെലിഫോൺ കോളിന് അസ്വസ്ഥമായ മറുപടി കൊടുത്ത് തെറ്റിദ്ധാരണകൾ ഉണ്ടായ സംഭവങ്ങൾ എനിക്കറിയാം. പനി പിടിച്ചിരുന്ന ആളിനോട് ഫോണിൽ സംസാരിച്ചിട്ട്, അങ്ങേര് ഫിറ്റാണെന്നാ തോന്നുന്നത് എന്ന് കരുതി സംഭാഷണം നിന്നുപോയ സംഭവങ്ങൾ ഉണ്ട്. വിളിച്ച് കുശലാന്വേഷണങ്ങൾ നടത്തി ഫ്രിക്വൻസി ട്യൂൺ ചെയ്ത്, സന്ദർഭം നല്ലതാണെങ്കിൽ മാത്രം കല്യാണക്കാര്യം പറയുക.

തിരികെ തുറന്നു സംസാരിക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽവെച്ച് ഫോൺ എടുക്കുകയും അപൂർണ്ണമായ മറുപടികൾ കൊണ്ട് സംശയങ്ങൾ സൃഷ്ടിക്കുകയും  ചെയ്ത സംഭവങ്ങളുണ്ട്. മൊബൈൽ ഫോൺ വന്നതോടെ ഈ സാദ്ധ്യത വളരെ കൂടുതലായിരിക്കുന്നു. വിളിക്കുന്ന ആളിനോട്, സ്വകാര്യമായി സംസാരിക്കാൻ സാധിക്കുന്ന ചുറ്റുപാടിലാണോ അദ്ദേഹം എന്നു തിരക്കി, അനുയോജ്യമാണെങ്കിൽ മാത്രം സംസാരിക്കുക.

ഫോൺ ചെയ്തുകൊടുക്കുന്ന പ്രൊപ്പോസൽ പ്രഥമദൃഷ്ട്യാ പരിഗണിക്കാവുന്നതാണെങ്കിൽ മാത്രമെ അവരുടെ വീട്ടിൽ ചർച്ച ചെയ്യപ്പെടാറുള്ളു. അല്ലാത്തത് അപ്പോൾതന്നെ വിസമരിക്കപ്പെടും. പിന്നീട് ഒന്നു പരിഗണിക്കാനുള്ള സാദ്ധ്യത ഇവിടെ പൂർണ്ണമായി നഷ്ടപ്പെടുന്നു. ഒരിക്കൽ ആലോചിച്ചിട്ട് വിട്ടുകളഞ്ഞ ആലോചന പിന്നെ ഒരവസരത്തിൽ വീണ്ടും പരിഗണിച്ച് വിവാഹം ആയ ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും ചൂണ്ടിക്കാണിക്കാനാകും.

മാത്രവുമല്ല വിവാഹാർത്ഥിയെക്കുറിച്ചുള്ള വിവരങ്ങൾ രേഖാമൂലം ലഭിക്കുന്നത് രണ്ടുകൂട്ടർക്കും നല്ലതാണ്. ആവശ്യവുമാണ്. അതുകൊണ്ട് കത്തയച്ച ശേഷം ഫോൺ ചെയ്യുന്നതാണ് ഉചിതം.

ഇതിനൊരു മറുവശം കൂടിയുണ്ട്. എല്ലാ വിവാഹങ്ങളും തീരുമാനത്തിലെത്തുന്നത് ഓരോ നിമിത്തം കൊണ്ടെന്ന പോലെയാണ്. സ്വർഗ്ഗത്തിൽ നിശ്ചയിക്കപ്പെട്ട പങ്കാളി ഒരു നിമിത്തം പോലെയാണ്. ജീവിതത്തിലേക്ക് കടന്നുവരുന്നത്. നമ്മൾ എപ്പോഴെങ്കിലും ചെയ്തതോ, ചെയ്യാതെ പോയതോ ആയ കാര്യങ്ങളാണ് ഇവിടെ നിമിത്തങ്ങളാകുന്നത്. താങ്കളുടെ ചിന്താഗതിയും ശൈലിയും അനുസരിച്ച്  ഉചിതം എന്നു ബോദ്ധ്യമുള്ള കാര്യങ്ങൾ തമ്പുരാനെ ആശ്രയിച്ചു ചെയ്തുകൊണ്ടിരിക്കുക. അങ്ങനെ എങ്കിൽ ദൈവം നടത്തിത്തരട്ടെ എന്നുപറഞ്ഞ് നിഷ്ക്രിയനാകരുത്. ദൈവം മനുഷ്യരെക്കൊണ്ടാണ് കാര്യങ്ങൾ ചെയ്യിക്കുന്നത്.

കത്തയ്ക്കാൻ സാധിക്കുമെങ്കിൽ കത്തയ്ക്കുക. ഫോൺ ചെയ്യാൻ ആണ് മനസ്സു പറയുന്നതെങ്കിൽ ഫോൺ ചെയ്യുക.  അല്ലെങ്കിൽ മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കുക. വേണ്ടകാര്യങ്ങൾ, വേണ്ടസമയത്ത്, വേണ്ടപ്പെട്ടവരോട്, വേണ്ടവിധം അറിയിക്കണം അതാണ് അടിസ്ഥാന തത്വം.

George Kadankavil - September 2006

What is Profile ID?
CHAT WITH US !
+91 9747493248