Back to articles

എന്താ അയാളുടെ ഒരു ഭാവം?!

August 01, 2005

''ഇന്നലെവന്ന കല്യാണക്കാര്യം  എന്തായി ടീച്ചറെ?'' പയ്യൻ നല്ല മിടുക്കനാ സാറെ, അവനിഷ്ടപ്പെട്ടെന്നാ പറഞ്ഞത്. പക്ഷെ ആ അപ്പനെ സഹിക്കാൻ ഒരു നിവൃത്തിയുമില്ല. എന്താ ആയാളുടെ ഒരു ഭാവം!.....

വിവരക്കേട്, അഹംഭാവം, മനോരോഗം ഇതിൽ ഏത് ആയിരുന്നു അപ്പന്റെ പെരുമാറ്റം എന്നു ശ്രദ്ധിച്ചോ?

ഉവ്വ്, വിവരക്കേടും അഹംഭാവവും കാണിക്കുന്ന ഒരു മനുഷ്യൻ. അവര് വല്യ ആൾക്കാരാണ് എന്നു സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു എന്നാ എനിക്ക് തോന്നുന്നത്.

ടീച്ചറെ, അറിവും ധാരണയും തമ്മിൽ എന്താ വ്യത്യാസം എന്നറിയാമോ?

സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തിൽ പരീക്ഷിച്ച് ബോദ്ധ്യപ്പെട്ടിട്ടുള്ള വസ്തുതകളാണ് അറിവ്. എന്നാൽ, വ്യക്തമായ അനുഭവങ്ങളോ സ്ഥിതി വിവരങ്ങളോ ഇല്ലാതെ, കണ്ടും, കേട്ടും, വായിച്ചും, ഊഹിച്ചും നമ്മുടെ ഉള്ളിൽ കടന്നിരിക്കുന്ന കാഴ്ചപ്പാടുകൾ ആണ് ധാരണ.

ആകാശത്ത് മഴക്കാറ് കണ്ടാൽ മഴപെയ്യും എന്നു പറയുന്നത് ധാരണയിൽ നിന്നാണ്. അന്തരീക്ഷ മർദ്ദത്തിലെ വ്യതിയാനവും, കാറ്റിന്റെ വേഗതയും അളന്ന്,  കണക്കുകൂട്ടി ഒരു പ്രദേശത്ത് മഴപെയ്യാനിടയുണ്ട് എന്ന്  പ്രവചിക്കുന്നത് അറിവിൽ നിന്നാണ്.

ഇപ്പോൾ സമയം മൂന്നുമണി എന്നു പറയുന്നത് ധാരണ ആണ്. എന്നാൽ, വാച്ചിൽ നോക്കി എന്റെ വാച്ചിൽ ഇപ്പോൾ കൃത്യം മൂന്നുമണി ആയി എന്നു പറയുന്നത് അറിവ് ആണ്.

എല്ലാ ധാരണകളും തെറ്റാകണമെന്നില്ല അതുപോലെ എല്ലാ അറിവും ശരിയും ആകണം എന്ന് നിർബന്ധമില്ല. പക്ഷെ ധാരണകൾ ചോദ്യം ചെയ്യപ്പെടാനും, തർക്കത്തിന് വിഷയമാക്കാനും ഇടയുണ്ട്. അറിവിന് വസ്തുതകളുടെ പിൻബലമുണ്ട്. തർക്കത്തിന് പ്രസക്തിയില്ലാത്ത വിധം പക്വതയോടെ അത് പ്രസ്താവിക്കാൻ എളുപ്പമാണ്.

പുറമെ നിന്നും നമ്മുടെ ഉള്ളിൽ കടന്നിരിക്കുന്ന ധാരണകളുടെ പശ്ചാത്തലത്തിൽ, ഓരോ സാഹചര്യത്തിലും നമ്മൾ ഭാവിക്കുന്ന നിലപാടിന്, പിതൃഭാവം Parent Ego എന്നാണ് എറിക് ബേണിന്റെ ട്രാൻസാക്ഷണൽ അനലിസിസ്സിൽ പറയുന്നത്.

പിതൃഭാവത്തിന് Critical Parent, Nurturing Parent  എന്ന് രണ്ട് വശങ്ങൾ ഉണ്ട്.

അറിവിന്റെ തലത്തിൽ നിന്ന് ഒരു വ്യക്തി പ്രതിഫലിപ്പിക്കുന്ന ഭാവത്തിന് യുക്തിഭാവം Adult Ego  എന്ന് പറയും.

അറിവും ധാരണകളും ഒന്നു മാറ്റിനിർത്തിയാൽ പച്ചയായ  മനുഷ്യനെക്കിട്ടും. വികാരങ്ങൾക്കാണ്  ഇവിടെ പ്രസക്തി. നമ്മൾ പറയാറില്ലേ എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഒരു ശിശു ഉണ്ടെന്ന്. വികാരങ്ങളുടെ തലത്തിൽ നിന്ന് മനുഷ്യൻ പ്രതിഫലിപ്പിക്കുന്ന ഈ ശിശുഭാവമാണ്  Child Ego.

ശിശുഭാവത്തിന്  Compliant Child, Rebellious Child, Natural Child എന്നീ ഉപ ഭാവങ്ങളുമുണ്ട്. നമ്മുടെ പിതൃ ഭാവം Critical Parent ആണെങ്കിൽ നമ്മൾ ഇടപെടുന്ന വ്യക്തിയുടെ ശിശു ഭാവത്തെയാണ് സ്പർശിക്കുന്നത്. അയാൾ സാധാരണഗതിയിൽ Compliant Child ആയി സാമാന്യമര്യാദ കാണിച്ചേക്കാം, പക്ഷെ ഉള്ളിൽ Rebellious Child  ന്റെ ഭാവം തന്നെയാണ്. അതു ചിലപ്പോൾ പുറത്തു കാണിച്ചെന്നും വരാം.

ആ അപ്പന്റെ Critical Parent പെരുമാറ്റം അന്നേരം ടീച്ചറിലെ Compliant Child സഹിച്ചു, പക്ഷെ ടീച്ചറിലെ Rebellious Child  പിന്നീട് പ്രതികരിക്കാൻ തുടങ്ങി.

ഒരു Nurturing Parent ന്റെ ഭാവത്തിൽ പെരുമാറിയാൽ Natural Child ന്റെ  പ്രതികരണം മറ്റെ ആളിൽ നിന്നും ലഭിക്കും. Nurturing Parent ആകാൻ സാധിക്കാത്തപ്പോഴും, ഗൌരവമുള്ള വിഷയങ്ങൾ ചർച്ചചെയ്യുമ്പോഴും യുക്തിഭാവം Adult Ego എടുക്കുക.

ഈ ഭാവങ്ങളോരോന്നും എല്ലാ മനുഷ്യരുടെയും  ഉള്ളിൽ ഉണ്ട്. സാഹചര്യവും സന്ദർഭവും പ്രതികരണങ്ങളും അനുസരിച്ച് ഓരോരുത്തരും ഓരോ ഭാവങ്ങൾ മാറി മാറി ധരിച്ചുകൊണ്ടിരിക്കും. മനുഷ്യന്റെ വിവിധ ഭാവങ്ങളും, ഈ ഭാവങ്ങൾ തമ്മിലുള്ള ഇടപാടുകളും,  അതിന്റെ പ്രത്യേകതകളും വിശകലനം ചെയ്യുന്ന ഒരു മനശ്ശാസ്ത്ര ശാഖയാണ്  TA അഥവാ Transactional  Analysis.

മനുഷ്യൻപരസ്പരം ഇടപെടുമ്പോൾ, അവർ തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതും ബന്ധങ്ങൾ വഷളാക്കുന്നതും, ഓരോരുത്തർ എടുക്കുന്ന ഈ ഭാവങ്ങളാണ് (Ego Status). മനുഷ്യരുടെ ഭാവങ്ങളും അവയുടെ പ്രത്യേകതകളും പഠിക്കുകയും, ശ്രദ്ധിക്കുകയും, പരിശീലിക്കുകയും ചെയ്താൽ മതി, എത്ര സഹിക്കാൻ വയ്യാത്ത ഭാവം കാട്ടുന്നവരോടും  ഇടപെടാനും, അത്യാവശ്യം വേണ്ട കാര്യങ്ങൾ സാധിച്ചെടുക്കാനുമുള്ള കഴിവുനേടാം.

പയ്യൻ മിടുക്കനാണെന്നല്ലേ പറഞ്ഞത്, അപ്പന്റെ പെരുമാറ്റം കൊണ്ട് നിങ്ങൾക്കുണ്ടായ വിഷമത്തെക്കുറിച്ച് പയ്യനോട് മാത്രമായി തുറന്ന് പറയണം. പയ്യന്റെ മറുപടി പഠിച്ചിട്ടു മതി ആലോചന ഉപേക്ഷിക്കുന്നത്.

George Kadankavil - August 2005

What is Profile ID?
CHAT WITH US !
+91 9747493248