Back to articles

ഇവരെ എങ്ങനെ വിശ്വസിക്കും?

September 01, 2007

''ചോദിക്കാൻ മടിക്കുന്ന കാര്യങ്ങളും,  പ്രതിവിധിയും വായിച്ചു. ജോർജ്ജ് സാറു കണ്ട പയ്യനെപ്പോലെ തന്ത്രപൂർവ്വം ഒരു അവതരണം നടത്താൻ കഴിയുന്നവർ അപൂർവ്വം ആയിരിക്കും. ഇനി നമ്മൾ രേഖകളൊക്കെ അങ്ങോട്ടു കാണിച്ചിട്ടും മറ്റേ പാർട്ടി അതുപോലെ തിരികെ ചെയ്തില്ലെങ്കിലോ. അവരെ നിർബന്ധിക്കാൻ പറ്റുമോ. ഇത്തരം കാര്യങ്ങൾ പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്ന ഒരു ഏജൻസി ഉണ്ടാകുന്നതല്ലേ കൂടുതൽ ഫലപ്രദം. നിങ്ങൾക്കു തന്നെ ഇക്കാര്യങ്ങൾ പരിശോധിച്ചു സാക്ഷ്യപ്പെടുത്തരുതോ?''

നാലു മക്കളുടെയും രണ്ടു കൊച്ചു മക്കളുടെയും വിവാഹം നടത്തി അനുഭവജ്ഞാനം ഉള്ള പ്രശസ്തനായ ഒരാളാണ് ഈ നിർദ്ദേശം പറയുന്നത്.

അങ്ങ് പറഞ്ഞത് വളരെ കാതലായ ഒരു കാര്യമാണ്. ഇതിന്റെ മറുവശം കൂടി നമുക്ക് ഒന്നു ചിന്തിക്കാം.

കെട്ടാൻ പോണ പെണ്ണും ചെറുക്കനും തമ്മിൽ മനസ്സുകൊണ്ട് കൊടുക്കുന്ന ഉറപ്പിനെക്കാൾ മെച്ചപ്പെട്ട ഒരുറപ്പും, മറ്റാർക്കും കൊടുക്കാൻ കഴിയില്ല. കല്യാണക്കാര്യത്തിൽ സുരക്ഷിതത്വമോ, വിശ്വാസ്യതയോ ഉറപ്പു നൽകാൻ ഏതു പരിശോധന കൊണ്ടാണ് സാധിക്കുക?

ജീവിതം ഒരു പളുങ്കു പാത്രം പോലെ സൂക്ഷിച്ചു കൊണ്ടു നടന്ന ഒരു വ്യക്തിക്ക് തന്റെ പങ്കാളി സത്യം മറച്ചു വെച്ചു തന്നെ കബളിപ്പിക്കു കയായിരുന്നു എന്നു അനുഭവപ്പെടുമ്പോഴാണ്, വേദനയും വെറുപ്പും വിദ്വേഷവുമായി ബന്ധം ഉലയുന്നത്. ഇതു കാണുമ്പോഴാണ് വേണ്ടത്ര അന്വേഷിക്കാത്ത തിനെക്കുറിച്ചും ഒക്കെ നമ്മളും ചിന്തിക്കുക. വിവാഹം ഉറപ്പിക്കും മുമ്പ് ഇരു കൂട്ടരും തങ്ങളുടെ ഔദ്യോഗിക രേഖകളുടെ കോപ്പികൾ പരസ്പരം കൈമാറുക എന്നത് നമ്മുടെ ആചാരങ്ങളുടെ ഭാഗമാക്കുന്നതായിരിക്കും ഒരു പക്ഷെ കൂടുതൽ ഉചിതം.വിവാഹ ബന്ധത്തിന്റെ അടിസ്ഥാനം പരസ്പര വിശ്വാസം ആണ്. ആ വിശ്വാസം ഉളവാക്കുന്ന ചെയ്തികളിൽ ഒന്നാണ് നമ്മളെക്കുറിച്ചുള്ള വസ്തുതകൾ സ്വാഭാവികമായി വെളിപ്പെടുത്തുന്നത്. രേഖകൾ കാണിക്കാമോ എന്ന് ചോദിച്ചാൽ, അവിടെ അവിശ്വാസമാണ് പ്രകടിപ്പിക്കപ്പെടുന്നത്. അടുക്കുന്നതിനു പകരം അകന്നു പോകാനാണ് സാദ്ധ്യത. ചോദ്യത്തിന്റെ മൂർച്ച അനുസരിച്ച് ചിലപ്പോൾ മനസ്സിനു മുറിവേൽക്കാനും ഇടയുണ്ട്.

രേഖകൾ കൊണ്ട് വിശ്വസിപ്പിക്കാനാകാത്ത മറ്റ് അനവധി സുപ്രധാന കാര്യങ്ങളും വിവാഹാലോചനയിൽ പരിഗണിക്കേണ്ടതുണ്ടല്ലോ. ഭാവി ഉദ്ദേശങ്ങൾ, ആരോഗ്യം, പാരമ്പര്യം,  കുടുംബാംഗങ്ങൾ തമ്മിലുള്ള പെരുമാറ്റം, വീട്ടിലെ പ്രത്യേകതകൾ, പൂർവ്വ ബന്ധങ്ങൾ, ബന്ധനങ്ങൾ, പേരുദോഷങ്ങൾ, അബദ്ധങ്ങൾ, തുടങ്ങി വിവാഹ ജീവിതത്തെ ബാധിച്ചേക്കാവുന്ന ഏതെങ്കിലും അവസ്ഥകൾ ഉണ്ടോ എന്നെല്ലാം അന്വേഷിക്കണം. അഥവാ ഉണ്ടെങ്കിൽ തന്നെ അത് ഇപ്പോൾ ബാധകമാണോ ? നമുക്ക് ബാധകമാണോ ? പരിഹരിക്കാവുന്നതാണോ ? വിട്ടു വീഴ്ച ചെയ്യാവുന്നതാണോ ? എന്നൊക്കെ വിശകലനം ചെയ്തല്ലേ തീരുമാനം എടുക്കുന്നത്.

കല്യാണക്കാര്യത്തിൽ പ്രായം കുറച്ചു പറയാൻ പലർക്കും തോന്നാറുണ്ട്. ചില സാഹചര്യങ്ങളിൽ, നല്ല മര്യാദക്കാരു പോലും കള്ളം പറഞ്ഞും,  തെറ്റിദ്ധരിപ്പിച്ചും, എങ്ങനെയെങ്കിലും വിവാഹം നടത്താൻ ശ്രമിക്കാറുണ്ട്. സത്യം തുറന്നു പറഞ്ഞാൽ കല്യാണമേ നടക്കില്ല എന്ന ചില പ്രത്യേക അവസ്ഥകളിൽ പെട്ടിരിക്കുന്ന സ്ത്രീകളും പുരുഷൻമാരും ധാരാളം ഉണ്ട്. ഇങ്ങനെ സത്യം മറച്ചു വെച്ചിട്ടുള്ള സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹങ്ങളും ധാരാളം നടക്കാറുണ്ട്. ക്രമേണ വാസ്തവങ്ങൾ അറിയുമ്പോൾ ഒരു പൊട്ടിത്തെറിയും പിന്നീട് ഇടക്ക് അങ്ങോട്ടും ഇങ്ങോട്ടും ഓരോ കുത്തുവാക്കുകളും ഒക്കെ ഉണ്ടാകുമെങ്കിലും, ''കാളിയെന്നെ പറ്റിച്ചു, കാളിയെ ഞാനും പറ്റിച്ചു,'' എന്ന പോലെ ഒരു തരം ആശ്വാസം ആണ് രണ്ടു കൂട്ടർക്കു കണ്ടു വരുന്നത്. സത്യം പറഞ്ഞില്ലെങ്കിലും കള്ളം പറയരുത് എന്നൊരു മിനിമം ധാർമ്മികതയെങ്കിലും പാലിക്കേണ്ടതില്ലേ?

ജീവിതം ഒരു പളുങ്കു പാത്രം പോലെ സൂക്ഷിച്ചു കൊണ്ടു നടന്ന ഒരു വ്യക്തിക്ക് തന്റെ പങ്കാളി സത്യം മറച്ചു വെച്ചു തന്നെ കബളിപ്പിക്കുകയായിരുന്നു എന്നു അനുഭവപ്പെടുമ്പോഴാണ്, വേദനയും വെറുപ്പും വിദ്വേഷവുമായി ബന്ധം ഉലയുന്നത്. ഇതു കാണുമ്പോഴാണ് വേണ്ടത്ര അന്വേഷിക്കാത്തതിനെക്കുറിച്ചും ഒക്കെ നമ്മളും ചിന്തിക്കുക. വിവാഹം ഉറപ്പിക്കും മുമ്പ് ഇരു കൂട്ടരും തങ്ങളുടെ ഔദ്യോഗിക രേഖകളുടെ കോപ്പികൾ  പരസ്പരം കൈമാറുക എന്നത് നമ്മുടെ ആചാരങ്ങളുടെ ഭാഗമാക്കുന്നതായിരിക്കും ഒരു പക്ഷെ കൂടുതൽ ഉചിതം.

ഇക്കാര്യത്തിൽ എന്നാലാവുന്നത് ഞാനും ചെയ്യാം. അടുത്ത സംഗമത്തിൽ ഈ വിഷയം ചർച്ചക്കെടുക്കാം. അങ്ങേക്ക് സാധിക്കുന്ന തലങ്ങളിൽ താങ്കളും ഇതു ചർച്ചാ വിഷയമാക്കുക. വിവിധ തലങ്ങളിൽ ചർച്ച ചെയ്യപ്പെട്ട് പ്രയോജനകരമാണെന്ന് ബോദ്ധ്യപ്പെടുന്ന കാര്യങ്ങൾ ക്രമേണ ആചാരങ്ങളായി മാറിക്കൊള്ളും.

George Kadanakvil - September 2007

What is Profile ID?
CHAT WITH US !
+91 9747493248