Back to articles

വരന്മാർക്കും ജീവിക്കണ്ടേ?!....

October 01, 2007

ഈ നാട്ടിലെ  സ്ത്രീപീഡനനിയമം വന്നതിൽ പിന്നെ സ്ത്രീകൾ പുരുഷൻമാരെ മുതലെടുക്കുകയാണ്. പണ്ട്, ശരിയാണ് സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ പല ഡൈവോഴ്സ് കേസുകളും എടുത്താൽ പുരുഷന്മാർ വഞ്ചിതരാകുന്നതായാണ് കാണുന്നത്. വധുവിന് Mental Extreme പോലുള്ള പലവിധ പ്രശ്നങ്ങൾ ഉണ്ടെങ്കിലും  പഴി മുഴുവൻ വരന്. അതിനു സൈഡ് നിൽക്കാൻ പറ്റിയ മാതാപിതാക്കളും. ഈ സംശയരോഗികൾ പിന്നെ വീടുകളിലേക്ക് തിരിച്ചുപോയി, വരനെ അപമാനിക്കാനും, അപകീർത്തിപെടുത്താനും ശ്രമിച്ച് തേജോവധം ചെയ്യും. സ്ത്രീപീഡന നിയമം ഉള്ളതിനാൽ ഒന്നിനും പ്രതികരിക്കാനാകാതെ ആത്മഹത്യാവക്കത്തെത്തി നിൽക്കുന്ന വരന്മാരും ഉണ്ട്. എതിരിട്ടാൽ കോമ്പൻസേഷൻ ചോദിക്കും. കുട്ടികളെ ഭർത്താവിനെ ഏൽപിച്ചു ഇറങ്ങിപ്പോകുന്ന ഭാര്യമാരും സുലഭം. ഇത്രയൊക്കെ എഴുതാനേ അറിയു. അച്ചൻ അന്വേഷിച്ച് വരന്മാരുടെ സഹായത്തിനെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

എന്ന്
വേദനയോടെ ഒരു വിശ്വാസി.

പ്രിയ സഹോദരാ,

താങ്കൾ എഴുതിയപോലെ ഒരു അച്ചനല്ല ഞാൻ, രണ്ടു കുട്ടികളുടെ അച്ഛനാണ്. നിങ്ങളുടെ പ്രശ്നത്തിൽ ഒരാളുടെ വശം മാത്രമാണ് ഇവിടെ എഴുതിയത്. അതിനാൽ നിങ്ങൾക്ക് തനിച്ച് ഇനി എന്തു ചെയ്യാൻ കഴിയും എന്നു മാത്രം ചിന്തിക്കാം. പേരും വിലാസവും ഇല്ലാതെയാണ് ഈ കത്തയച്ചിരിക്കുന്നത്. ബോദ്ധ്യങ്ങൾ തുറന്നു പറയാൻ എന്തിനാ നിങ്ങൾ  ഭയപ്പെടുന്നത്. ചെയ്യുന്നതിന്റെയും  പറയുന്നതിന്റെയും  ഭവിഷ്യത്തുകൾ എന്തുതന്നെ ആയിരുന്നാലും അതു പക്വതയോടെ നേരിടണം. അതാണ് പുരുഷത്വം. ധീരൻ ഒരിക്കലേ മരിക്കുകയുള്ളു. 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന അവസ്ഥയാണ് ഭീരുവിന്റേത്. അമ്മായിയപ്പന്റെ കൊങ്ങായ്ക്ക് പിടിച്ചിട്ടോ, ഭാര്യയുടെ കരണത്തടിച്ചോ, അവരെ തോൽപിച്ചോ അല്ല ധൈര്യം കാണിക്കേണ്ടത്. ബോദ്ധ്യങ്ങൾ വകതിരിവോടെ തുറന്നു പറഞ്ഞും, ഭവിഷ്യത്തുകൾ നേരിട്ടും, വസ്തുതകൾ അംഗീകരിച്ചും, തെറ്റുകൾ തിരുത്തിയും, പരിഹാരങ്ങൾ ചെയ്തുമാണ് കഴിവും ധൈര്യവും കാണിക്കേണ്ടത്.

നിങ്ങൾ പീഡിപ്പിക്കപ്പെടുന്നുണ്ടെങ്കിൽ അതിൽ നിങ്ങൾക്കും പങ്കുണ്ട്. എതിരിട്ടാൽ കോമ്പൻസേഷൻ ചോദിക്കും എന്നതു കൊണ്ട് പ്രതികരിക്കാനാകാതെ ആത്മഹത്യയുടെ വക്കിൽ നിൽക്കേണ്ടി വരുന്നത് നിങ്ങളുടെ മനോഭാവം കൊണ്ടല്ലേ. ഒന്നും വിട്ടുകൊടുക്കാൻ നിങ്ങൾക്കു മനസ്സില്ല. മിഥ്യാഭിമാനത്തിന്റെയും, വസ്തു വകകളുടെ കൊടുക്കൽ വാങ്ങലിന്റെയും, ലാഭനഷ്ടത്തിന്റെയും തലത്തിൽ നിന്ന് ചിന്തിക്കുന്നതല്ലേ നിങ്ങളെ നിസ്സഹായനാക്കുന്നത്.

മരണം വരെ എല്ലാം പങ്കുവെച്ച് ജീവിക്കും എന്ന് ദൈവമുമ്പാകെ പ്രതിജ്ഞ ചെയ്തു കൂട്ടിക്കൊണ്ടു വന്ന ആളുടെ മനസ്സ്, എന്തൊക്കെ ത്യജിച്ചാലും, എത്ര പീഡനം സഹിച്ചാലും, സ്നേഹിച്ച് സ്നേഹിച്ച് സ്വന്തമാക്കും എന്നു ഉറച്ച ഒരു തീരുമാനം എടുക്കുക. പിന്നെ അതിനായി പ്രവർത്തിക്കുക. മറ്റുള്ളവരുടെ ദൃഷ്ടിയിൽ നിങ്ങൾ നശിക്കുകയാണ് എന്നു തോന്നിയേക്കാം, ലാഭനഷ്ടങ്ങളുടെയും, മിഥ്യാഭിമാനത്തിന്റെയും തലത്തിൽ നിന്നുള്ള ധാരാളം ഉപദേശങ്ങളും, ഭീഷണികളും നേരിടേണ്ടി വരും. പക്ഷെ പതറരുത്, നിങ്ങളുടെ സ്നേഹത്തിന് ആഴമുണ്ടെങ്കിൽ കുടുംബം വീണ്ടുകിട്ടും. ഇതല്ലാതെ പണമോ, വസ്തു വകകളോ, മറ്റെന്തു തന്നെ കിട്ടിയാലും നിങ്ങളുടെ ജീവിതം വ്യർത്ഥം തന്നെയല്ലേ.

ഇയാളുടെ ഭാര്യക്ക് ഒരു കുറ്റവും ഇല്ല എന്ന് അർത്ഥമാക്കരുത്. അവരോടും ഇതു തന്നെയാണ് എനിക്ക് പറയാനുള്ളത്. മറ്റാരെയെങ്കിലും കുറ്റപ്പെടുത്തുന്നതു കൊണ്ട് നിങ്ങൾക്ക് ഒരു പ്രയോജനവും  ഇല്ല, ദോഷം ഉണ്ടു താനും. നിങ്ങളുടെ ഭാര്യയെ അവളുടെ സകല കുറ്റങ്ങളും കുറവുകളോടും കൂടി നിന്റെ ജീവിതത്തിലേക്ക് സ്നേഹത്തോടെ കൂട്ടിക്കൊണ്ടു വന്നാൽ അവളുടെ സകല കഴിവുകളും ആയുഷ്കാലം മുഴുവൻ നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും.

George Kadankavil - October 2007

What is Profile ID?
CHAT WITH US !
+91 9747493248